മലപ്പുറം: തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ പിന്തുടരേണ്ട നിയമങ്ങള്‍ കര്‍ശനമാക്കി കളക്ടര്‍. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്.

നിയമങ്ങള്‍

•ജാതി-മത സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. 
•കോവിഡ്-ഹരിത പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകും.

•നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ വരണാധികാരിയുടെ ഓഫീസിലേക്ക് സ്ഥാനാര്‍ഥി, ഇലക്ഷന്‍ ഏജന്റ്, നാമനിര്‍ദേശകന്‍ എന്നിവര്‍ക്കേ പ്രവേശിക്കാനാവൂ. 
•നിയമസഹായം വേണമെങ്കില്‍ അഭിഭാഷകനും അനുവാദം നല്‍കും. 
•വീടുകള്‍ക്കുള്ളില്‍ പ്രവേശിച്ച് വോട്ടഭ്യര്‍ഥിക്കരുത്. 
•പ്രചാരണസമയങ്ങളില്‍ മുഴുവനാളുകളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
•കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസേഷനും നടത്തണം. 
•പ്രായമായവരും കുട്ടികളും രോഗബാധിതരും പ്രചാരണത്തിനിറങ്ങരുത്.
•മാസ്‌ക് ധരിക്കാത്തവരെ വോട്ടെടുപ്പുദിവസം പോളിങ് സ്റ്റേഷനുകളില്‍ പ്രവേശിപ്പിക്കില്ല.

•പോളിങ്സ്റ്റേഷനുകളില്‍ ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ധരിക്കുന്ന മാസ്‌ക്കുകളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ പാടില്ല. •പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മതിലുകളിലും ചുമരുകളിലും പോസ്റ്റര്‍ പതിക്കുകയോ ചുമരെഴുത്ത് നടത്തുകയോ റോഡില്‍ എഴുതുകയോചെയ്താല്‍ നടപടിസ്വീകരിക്കും.
• ജില്ലയിലെ 78 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ അവിടങ്ങളിലെ ഔദ്യോഗിക വാഹനങ്ങള്‍ ജനപ്രതിനിധികള്‍ ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമാത്രം ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാം.

•കാലാവധികഴിയാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ഇതുബാധകമല്ല.
• സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ അവരുടെ അനുവാദമില്ലാതെ പ്രചാരണം നടത്തരുത്.
•ആരാധനാലയങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം പാടില്ല.

ജില്ലാകളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍കരീം, പെരിന്തല്‍മണ്ണ സബ്കളക്ടര്‍ കെ.എസ്. അഞ്ജു, അസിസ്റ്റന്റ് കളക്ടര്‍ വിഷ്ണുരാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.ആര്‍. അഹമ്മദ്കബീര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.എ. രാജന്‍, സീനിയര്‍ സൂപ്രണ്ട് കെ. സദാനന്ദന്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഒ. ജ്യോതിഷ്, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.