മലപ്പുറം: സംവരണ വാര്‍ഡുകളിലേക്ക് സ്ത്രീകളെ ഓടിച്ചിട്ട് പിടിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. കാമ്പസ്സുകളില്‍നിന്ന് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പുകളരിയിലേക്ക് പെണ്‍കുട്ടികള്‍ ചാടിയിറങ്ങുന്ന കാഴ്ചയാണ് ഇത്തവണ കാണുന്നത്. പ്രത്യേകിച്ചും മലപ്പുറം പോലുള്ള ജില്ലകളില്‍.

ഒരേ ക്ലാസില്‍, ഒരേ ബെഞ്ചിലിരുന്ന് പഠിച്ച കൂട്ടുകാരികള്‍ രണ്ട് മുന്നണികള്‍ക്കുവേണ്ടി മത്സരിക്കുന്ന കൗതുകക്കാഴ്ചയുണ്ട് ഇവിടെ. മലപ്പുറം ഗവ. കോളേജില്‍ ബി.എ. മലയാളം ക്ലാസില്‍ പഠിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ സിഫ്വ മണിപ്പറമ്പത്തും അര്‍ഷ പ്രദീപുമാണ് അവര്‍.

ഇരുവരും ഇപ്പോള്‍ എം.എ. വിദ്യാര്‍ഥികളാണ്. സിഫ്വ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി തെന്നലപഞ്ചായത്തിലെ പെരുമ്പുഴയില്‍ ആറാംവാര്‍ഡിലാണ് മത്സരിക്കുന്നത്. അര്‍ഷ മുതുവല്ലൂര്‍ പഞ്ചായത്തില്‍ പത്താംവാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. എം.എസ്.എഫിന്റെ ബാനറില്‍ മത്സരിച്ച് ഫൈന്‍ആര്‍ട്സ് സെക്രട്ടറിയായിരുന്നു സിഫ്വ. ഇപ്പോള്‍ കോഴിക്കോട് മീഞ്ചന്ത ആര്‍ട്സ് കോളേജിലാണ് എം.എയ്ക്ക് ചേര്‍ന്നത്. പിതാവിന്റെ ജ്യേഷ്ഠന്‍ തിരൂരങ്ങാടി നഗരസഭാംഗമായിരുന്നു.

അര്‍ഷയും എസ്.എഫ്.ഐയ്ക്കുവേണ്ടി പല തവണ മത്സരിച്ചിട്ടുണ്ട്. ഇപ്പോള്‍ എം.എ. മലയാളത്തിന് പട്ടാമ്പി സംസ്‌കൃതകോളേജില്‍ ചേര്‍ന്നുകഴിഞ്ഞു. പലരാഷ്ട്രീയക്കാരുള്ള കുടുംബമാണ് അര്‍ഷയുടേത്. ഇരുവര്‍ക്കും എതിരാളികള്‍ വിജയിച്ച സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള നിയോഗമാണ്. രാഷ്ട്രീയമറിയാതെ 'പിന്‍സീറ്റ് ഡ്രൈവിങ്ങി'ന് വിധേയരായ മുന്‍തലമുറയെപ്പോലെയാവാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് പുതിയ പെണ്‍പുലികള്‍ പറയുന്നത്. തന്റെ വാര്‍ഡിന്റെ വികസനമുരടിപ്പ് മാറ്റുകയാണ് ലക്ഷ്യമെന്ന് ഉറച്ച വാക്കുകളില്‍ സിഫ്വ പറയുമ്പോള്‍, വികസനത്തോടൊപ്പം പുതിയ ചിന്തകള്‍കൂടി വേണം എന്നാണ് അര്‍ഷയുടെ പക്ഷം. 'അര്‍ഷയും സിഫ്വയും പഞ്ചായത്തംഗങ്ങളായി എം.എ. ക്ലാസിലിരിക്കുന്ന രംഗം ഞാന്‍ സ്വപ്നം കാണുന്നു' എന്നാണ് ഇവരെ പഠിപ്പിച്ച അസി. പ്രൊഫസര്‍ എസ്. ഗോപുവിന്റെ കമന്റ്.