ആർക്ക്‌ മധുരിക്കും..? : നന്ദി മുന്നേയിരിക്കട്ടെകാളികാവ് : പ്രചാരണരംഗത്ത് ഏറെ വ്യത്യസ്തത പുലർത്തിയ കോവിഡ് കാലത്തെ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനുശേഷവും പുതുമ കൈവിട്ടില്ല. സാധാരണയായി ഫലം വന്നതിനുശേഷം വിജയിച്ച സ്ഥാനാർഥികൾ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതാണ് രീതി. പരാജിതരാകട്ടെ മൗനവും പാലിക്കും.

ഇത്തവണയാവട്ടെ പതിവ് രീതിമാറ്റി സ്ഥാനാർഥികളും മുന്നണികളും ഫലം വരുന്നതിനുമുൻപ് വോട്ടർമാർക്ക് നന്ദി അറിയിച്ചു കഴിഞ്ഞു. ഫലംവരാൻ കാത്തുനിന്നാൽ നന്ദിരേഖപ്പെടുത്താൻ എല്ലാവർക്കും അവസരം ലഭിച്ചെന്നു വരില്ല. വോട്ടുകൾ പെട്ടിയിൽ ആയതോടെ തന്നെ വോട്ട് ചെയ്തവർക്കും കൂടെ നിന്നവർക്കും പ്രചാരണരംഗത്ത് പ്രവർത്തിച്ചവർക്കുമെല്ലാം നന്ദി അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയാണ് നന്ദി അറിയിപ്പുകൾ പോയത്. വോട്ടെടുപ്പ് പൂർത്തിയായശേഷം സമൂഹമാധ്യമങ്ങളിൽ നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം തരംഗമായിരിക്കുകയാണ്. വിമതരും സ്വതന്ത്രരുമടക്കമുള്ള സ്ഥാനാർഥികളും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കുടുംബസംഗമങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ സത്‌കാരങ്ങളാക്കി മാറ്റിയിരുന്നു. വോട്ടെടുപ്പുനാളിൽ ഒപ്പുവെക്കാൻ പേന, മുഖാവരണം, ഭക്ഷണം, സാനിറ്റൈസർ, സ്ഥാനാർഥികളുടെയും നേതാക്കളുടെയും ചിത്രം പതിപ്പിച്ച ടീഷർട്ടുകൾ, വാഹനസൗകര്യം തുടങ്ങി എല്ലാം നൽകിയവരുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഉപയോഗിക്കാൻ പറ്റുന്നവയാണ് ഭൂരിഭാഗം ടീ ഷർട്ടുകളും. ഫലം വരുന്നതിന് മുമ്പുതന്നെ നന്ദിവാക്കും ലഭിച്ചതോടെ വോട്ടർമാർ ഇരട്ടി സന്തോഷത്തിലാണ്. ചില ട്രോളർമാർ നന്ദിക്കുപകരം മറ്റെന്തെങ്കിലും എടുക്കാനുണ്ടോ എന്നു തുടങ്ങിയ ട്രോളുകളും പ്രചരിപ്പിക്കുന്നുണ്ട്.