എടവണ്ണ: സമൂഹമാധ്യമങ്ങള്‍ സ്വാധീനമുറപ്പിച്ച കാലത്ത് പ്രചാരണരംഗവും വഴിമാറി. ചുവരെഴുത്തിന്റെയും പോസ്റ്ററുകളുടെയും സ്ഥാനം ഇന്ന് മൊബൈല്‍ സ്‌ക്രീനായി. വാട്‌സാപ്പും ഫെയ്സ്ബുക്കുമാണ് ഇപ്പോള്‍ പ്രധാന പ്രചാരണമാധ്യമം. സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും അഭ്യര്‍ഥനകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. മിക്ക വാട്സാപ്പ് കൂട്ടായ്മകളുടെയും വാതിലുകള്‍ ചര്‍ച്ചകള്‍ക്കായി തുറന്നിട്ടു. 

ദേശീയ, പ്രദേശിക രാഷ്ടീയവും വികസനകാര്യങ്ങളുമെല്ലാം ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നു. സമൂഹമാധ്യമക്കൂട്ടായ്മകള്‍ രാപകല്‍ വിശ്രമമില്ലാതെ ജോലിചെയ്യുന്നു. രസകരമായി വിഷയങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ നയിക്കാന്‍ പല വാട്സാപ്പ് കൂട്ടായ്മകളിലും അഡ്മിന്‍മാര്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. മര്‍മങ്ങള്‍ കുറിക്കുകൊള്ളുന്ന നര്‍മത്തിലൂടെ അവതരിപ്പിക്കാന്‍ എല്ലാ പാര്‍ട്ടികളിലും മിടുക്ക് തെളിയിച്ചവരുണ്ട്.

 പ്രധാന മുന്നണി സ്ഥാനാര്‍ഥികളുടേയും തിരഞ്ഞെടുപ്പ് ഗാനങ്ങളും ഗ്രൂപ്പുകളില്‍ മുഴങ്ങുന്നു. പ്രചാരണ വണ്ടികള്‍ പ്രയാണം നടത്തുന്നതിനേക്കാള്‍ പ്രയോജനം വാട്സാപ്പ്, ഫെയ്സ് ബുക്ക് പ്രചാരണത്തിലൂടെ ലഭിക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നുണ്ട്.