മലപ്പുറം: ചില സ്ഥാനാര്‍ഥികളുടെ വോട്ടുചോദിക്കല്‍ അതേ മുന്നണിയിലെ മറ്റുസ്ഥാനാര്‍ഥികള്‍ക്ക് ആപ്പാവുന്ന കാഴ്ചയ്ക്കും തിരഞ്ഞെടുപ്പ് സാക്ഷിയാകുന്നുണ്ട്. ഗ്രാമപ്പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ വോട്ടഭ്യര്‍ഥനയാണ് പലയിടങ്ങളിലും കുരുക്കാവുന്നത്.
ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ വീടുകള്‍കയറി വോട്ടുചോദിക്കുന്നത് പൊതുവേ കുറവാണ്. ഗ്രാമപ്പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥി വീടുകയറി വോട്ടുചോദിക്കുമ്പോള്‍ മറ്റു രണ്ട് സ്ഥാനാര്‍ഥികളുടെയും അഭ്യര്‍ഥന അതോടൊപ്പം കൊടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സ്വന്തം വോട്ടുറപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് മുന്നണിസുഹൃത്തിനെ പല പഞ്ചായത്ത് സ്ഥാനാര്‍ഥികളും കാലുവാരുന്നത്.
'എനിക്കൊരു വോട്ട് താ... ബാക്കി നിങ്ങളുടെ ഇഷ്ടംപോലെ ചെയ്‌തോ...' എന്ന് ചിലര്‍ മയത്തില്‍ പറയും. മറ്റുചിലരാവട്ടേ 'എനിക്ക് ഒരു വോട്ട്...ബാക്കി രണ്ടുവോട്ട് മറ്റാര്‍ക്കേലും കൊടുത്തോ...' എന്ന് അല്‍പ്പം കടുപ്പത്തില്‍ത്തന്നെ പറയുന്നുണ്ട്. 'സ്വന്തംകാര്യം സിന്ദാബാദ്.. മുന്നണിക്കാര്യം എന്തേലുമാവട്ടേ' എന്ന വള്ളിയിലാണ് പിടിത്തം.
വാര്‍ഡിലില്ല, വീട്ടിലായിരുന്നു ജനപ്രതിനിധി
വാര്‍ഡുകാണാത്ത പഞ്ചായത്തംഗമോ കൗണ്‍സിലറോ ഉണ്ടോ?
ഉണ്ടെന്നാണ് നാട്ടുകാര്‍ പരാതിപറയുന്നത്. 'ഭാര്യാസംവരണ'മുള്ള വാര്‍ഡുകളിലാണ് ഇത്തരം പ്രതിഭാസം അരങ്ങേറുന്നത്. ഭാര്യക്ക് സീറ്റൊപ്പിച്ച് കൗണ്‍സിലര്‍ റോള്‍ ചെയ്യുന്നവരും സ്വന്തം വാര്‍ഡ് സംവരണമായപ്പോള്‍ ഭാര്യക്ക് കൈമാറി പഴയപണി തുടരുന്നവരുമാണ് കഥാപാത്രങ്ങള്‍.
കഴിഞ്ഞതവണ പ്രചാരണത്തിനെത്തിയതല്ലാതെ, ജനപ്രതിനിധിയെ കാണുന്നത് അപൂര്‍വമാണ്. വിളിച്ചാല്‍ ഫോണിലും പുരുഷശബ്ദമാണ്. പഞ്ചായത്ത്, നഗരസഭാ യോഗത്തില്‍ പങ്കെടുക്കുകയല്ലാതെ മറ്റൊരു ഭാരിച്ച ഉത്തരവാദിത്വവും കൈമാറിയിട്ടുമില്ല.
എന്നാല്‍ നാട്ടില്‍ ജനപ്രതിനിധിയുടെ സ്റ്റാന്‍ഡ്‌ബൈ റോളായി നിറഞ്ഞുനില്‍ക്കാനും ശ്രമിക്കും. കാരണം വാര്‍ഡ് അഞ്ചുവര്‍ഷം കഴിയുമ്പോള്‍ തിരിച്ചെടുക്കാനുള്ളതാണല്ലോ! വനിതാസംവരണം ഇത്തരം അവതാരങ്ങള്‍ 'ഹൈജാക്ക്' ചെയ്യുന്നതായാണ് പലയിടങ്ങളിലും പരാതി. കുടുംബശ്രീ ഉള്‍പ്പെടെയുള്ളവയില്‍ പ്രവര്‍ത്തിക്കുന്ന കഴിവുതെളിയിച്ച സ്ത്രീകള്‍ക്കാണ് ഇത്തരം പിന്‍സീറ്റ് ഡ്രൈവര്‍മാര്‍ വഴിമുടക്കുന്നത്.
സോറി, നിങ്ങള്‍ വോട്ടുചോദിക്കുന്ന വാര്‍ഡ് പരിധിക്കുപുറത്താണ്...
അതിര്‍ത്തി മാറി വോട്ടുചോദിക്കേണ്ടിവരുന്നതാണ് കന്നിസ്ഥാനാര്‍ഥികള്‍ നേരിടുന്ന ചില അമളി. സജീവ രാഷ്ട്രീയപ്രവര്‍ത്തനമില്ലാത്തതിനാല്‍ വീടുകളെക്കുറിച്ചും ധാരണ കാണില്ല.
കോവിഡായതിനാല്‍ മുമ്പത്തെപ്പോലെ വലിയ അനുയായിസംഘം അനുഗമിക്കാനുമില്ല. കഷ്ടി രണ്ടോ മൂന്നോ പേരടങ്ങുന്ന സംഘം ആദ്യം പോയി വീടുകളൊക്കെ പരിചയപ്പെടുത്തിയശേഷം പിന്നീട് സ്ഥാനാര്‍ഥിയുടെ ഇഷ്ടത്തിനുവിടും. പിന്നീട് സ്വന്തംനിലയ്ക്ക് വോട്ടുതേടലാണ്. എന്നാല്‍ വോട്ടുചോദിച്ച് ചോദിച്ചുള്ള പോക്കില്‍ പലരും അതിര്‍ത്തികടക്കുന്ന സംഭവങ്ങളുണ്ടാവുന്നുണ്ട്. കുറേ വീടുകള്‍ കയറിക്കഴിയുമ്പോഴാണ് അബദ്ധം മനസ്സിലാവുന്നത്. 'ഞങ്ങളാ വാര്‍ഡല്ലെ'ന്ന് വോട്ടര്‍മാര്‍ ഓര്‍മപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്.