മലപ്പുറം: ഏറ്റവുമധികം തദ്ദേശസ്ഥാപനങ്ങളും വോട്ടര്‍മാരും സ്ഥാനാര്‍ഥികളുമുള്ള ജില്ല എന്നതിനുപുറമെ മലപ്പുറത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കേരള പഞ്ചായത്തീരാജ് നിലവില്‍വന്ന് 25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍കാലം വകുപ്പ് ഭരിച്ചതും ജില്ലയില്‍നിന്നുള്ള മന്ത്രിമാരാണ്. കൂടുതല്‍ മന്ത്രിമാരുണ്ടായതും മലപ്പുറത്തുനിന്ന്. ഇവരെല്ലാംകൂടി വകുപ്പ് ഭരിച്ചത് 19 വര്‍ഷം.

പ്രാദേശിക സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറി 1995-ലാണ് കേരള പഞ്ചായത്ത്, മുനിസിപ്പല്‍ നിയമങ്ങള്‍ നടപ്പാക്കിയത്. അന്നുമുതല്‍ തദ്ദേശവകുപ്പിന്റെ ചുമതല വഹിച്ചത് പത്തുമന്ത്രിമാര്‍. ഇതില്‍ അഞ്ചുപേരും മലപ്പുറം ജില്ലയില്‍നിന്നാണ് നിയമസഭയിലെത്തിയത്.

പി.കെ. കുഞ്ഞാലിക്കുട്ടി, പാലോളി മുഹമ്മദ് കുട്ടി, കെ. കുട്ടി അഹമ്മദ് കുട്ടി, മഞ്ഞളാംകുഴി അലി, ഡോ. കെ.ടി. ജലീല്‍ എന്നിവരാണ് ജില്ലയില്‍നിന്ന് തദ്ദേശവകുപ്പിന്റെ ചുമതല വഹിച്ചവര്‍. പാലോളിയാണ് കൂടുതല്‍ കാലം ഭരിച്ചത്; 10 വര്‍ഷം.

ആന്റണി മന്ത്രിസഭയിലാണ് (1995  1996) കുഞ്ഞാലിക്കുട്ടി വ്യവസായത്തിനൊപ്പം നഗരസഭകളുടെ ചുമതലയും വഹിച്ചത്. നായനാര്‍, വി.എസ്. മന്ത്രിസഭകളിലായി (1996 2001, 2006  2011) പാലോളി രണ്ടുതവണ തദ്ദേശം ഭരിച്ചു. രണ്ട് ഉമ്മന്‍ചാണ്ടി മന്ത്രിസഭകളിലായാണ് കുട്ടി അഹമ്മദ് കുട്ടിയും (2004  2006) മഞ്ഞളാംകുഴി അലിയും (നഗരകാര്യം, 2012 - 2016) വകുപ്പ് നോക്കിയത്. 2016-ല്‍ അധികാരത്തിലേറിയ പിണറായി വിജയന്‍ സര്‍ക്കാരില്‍ ആദ്യം കെ.ടി. ജലീലായിരുന്നു തദ്ദേശമന്ത്രി.

നാലുപേരും പോയത് തദ്ദേശം വഴി

ജില്ലയില്‍നിന്ന് തദ്ദേശ മന്ത്രിമാരായവരില്‍ നാലുപേരും മുമ്പ് തദ്ദേശസ്ഥാപനങ്ങളിലും അംഗങ്ങളായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി മലപ്പുറം നഗരസഭാ ചെയര്‍മാനായിരുന്നു. പാലോളി പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റും. കുട്ടി അഹമ്മദ് കുട്ടി നേരത്തെ താനൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജില്ലാ കൗണ്‍സില്‍ അംഗം എന്നിവയായിട്ടുണ്ട്. കെ.ടി. ജലീല്‍ മുസ്ലിംലീഗ് പ്രതിനിധിയായി ജില്ലാ കൗണ്‍സിലിലും ജില്ലാപഞ്ചായത്തിലും എത്തി.

കൂടെ ബാവയും മുനീറും

ജില്ലയില്‍ എം.എല്‍.എമാരായിരുന്ന രണ്ടുപേര്‍ക്കൂടി തദ്ദേശ വകുപ്പ് ഭരിച്ചിട്ടുണ്ട്. പി.കെ.കെ. ബാവയും ഡോ. എം.കെ. മുനീറും. ബാവ ആന്റണി മന്ത്രിസഭയിലും (1995  1996) മുനീര്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും (2011  2016). മന്ത്രിമാരാകുമ്പോള്‍ ഇരുവരും ജില്ലയിലെ എം.എല്‍.എമാരായിരുന്നില്ല.

എന്നാല്‍, ബാവ കൊണ്ടോട്ടിയില്‍നിന്നും മുനീര്‍ രണ്ടുതവണ മലപ്പുറത്ത് നിന്നും നിയമസഭയിലെത്തിയിട്ടുണ്ട്.

ലീഗ് മൂന്ന്; സി.പി.എം. രണ്ട്

മലപ്പുറത്തുനിന്ന് തദ്ദേശമന്ത്രിമാരായ അഞ്ചില്‍ മൂന്നുപേര്‍ മുസ്ലിംലീഗില്‍ നിന്നുള്ളവരാണ്. കുഞ്ഞാലിക്കുട്ടിയും കുട്ടി അഹമ്മദ് കുട്ടിയും മഞ്ഞളാംകുഴി അലിയും. സി.പി.എമ്മില്‍നിന്ന് പാലോളി മുഹമ്മദ് കുട്ടിയും കെ.ടി. ജലീലും (സ്വതന്ത്രന്‍).