കോട്ടയ്ക്കല്‍: പേര് ചിലപ്പോള്‍ അനുഗ്രഹമാകും; മറ്റുചിലപ്പോള്‍ പൊല്ലാപ്പും. തിരഞ്ഞെടുപ്പിലും അത് അങ്ങനെതന്നെ. നേര്‍ക്കുനേര്‍ മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ഥികള്‍ക്കും ഒരേ പേരുള്ളിടത്ത് രണ്ടുപേരും വെള്ളംകുടിക്കും.

അങ്ങനെയൊരു 'കണ്‍ഫ്യൂഷന്‍' ഒഴിവാക്കുന്നതാണ് നല്ലത്. പേരിന്റെ പേരില്‍ തമ്മില്‍ത്തല്ലും വേണ്ട- ഇതൊക്കെയോര്‍ത്ത് തെന്നലയിലെ മുന്‍ പഞ്ചായത്തംഗം കെ.വി. മജീദ് സ്വന്തംപേരുപേരുതന്നെ മാറ്റിപ്പിടിച്ചു- കഴിഞ്ഞതവണ ഒന്നാംവാര്‍ഡില്‍നിന്ന് ജയിച്ച ജനകീയമുന്നണിയുടെ കെ.വി. മജീദ് ഇത്തവണ രണ്ടാംവാര്‍ഡില്‍ വോട്ടുതേടുന്നത് സയ്യിദലി മജീദ് എന്ന പേരിലാണ്. ഇടതു പിന്തുണയോടെയാണ് മത്സരം.

അറിയപ്പെടുന്നത് കെ.വി. മജീദ് എന്നപേരിലാണെങ്കിലും എതിര്‍സ്ഥാനാര്‍ഥിയായി മുസ്ലിംലീഗ് മറ്റൊരു കെ.വി. മജീദിനെ നിര്‍ത്തിയതോടെയാണ് പേര് പ്രശ്‌നമായത്. ഒന്നുരണ്ടു പ്രചാരണഗാനങ്ങള്‍ കെ.വി. മജീദ് എന്ന പേരില്‍ത്തന്നെ റെക്കോഡ് ചെയ്തിരുന്നു. ഇനിയുള്ള പ്രചാരണങ്ങളില്‍ സയ്യിദലി മജീദ് എന്നാവും. തന്റെപേര് രേഖാമൂലം ഇങ്ങനെ പരിഷ്‌കരിച്ചിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കളംവളപ്പില്‍ കുടുംബാംഗമായ എതിര്‍സ്ഥാനാര്‍ഥി മജീദ്, സയ്യിദലി മജീദിന്റെ ബന്ധുതന്നെയാണ് -പിതൃസഹോദരപുത്രന്‍.

പേരിന്റെ പ്രശ്‌നം സാങ്കേതികം മാത്രമാണെന്നും തങ്ങളിരുവരും ജനങ്ങള്‍ക്ക് സുപരിചിതരാണെന്നും ലീഗ് സ്ഥാനാര്‍ഥിയായ മജീദ് പറഞ്ഞു. പ്രവാസിയായ ഇദ്ദേഹം ആദ്യമായാണ് മത്സരിക്കുന്നത്. ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ ആറാംവാര്‍ഡായ കരിപ്പോളിലുമുണ്ട് ഒരേപേരും ഇനിഷ്യലുമുള്ള സ്ഥാനാര്‍ഥികള്‍. ഇവിടെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും എല്‍.ഡി.എഫിന്റെയും സ്ഥാനാര്‍ഥികളുടെ പേര് ഒന്നുതന്നെയാണ് -അഷ്‌റഫ് നെയ്യത്തൂര്‍. ഇരുവരും നെയ്യത്തൂര്‍ കുടുംബാംഗങ്ങള്‍.