കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുവൂരുമായി റിപ്പോര്‍ട്ടര്‍ എ.അലവിക്കുട്ടി സംസാരിക്കുന്നു


 വിദ്യാര്‍ഥികള്‍ക്കിടയില്‍ പൊതുവില്‍ രാഷ്ട്രീയപരിജ്ഞാനവും രാഷ്ട്രീയബോധവും കുറയുന്നുണ്ടോ ?

യുവജനങ്ങള്‍ താരതമ്യേന അരാഷ്ട്രീയ വാദികളാകുന്നുണ്ടെന്നത് ശരിയാണ്. എങ്കിലും ഇത്തവണ തിരഞ്ഞെടുപ്പിലെ യുവജനങ്ങളുടെ പ്രാതിനിധ്യം പ്രതീക്ഷ നല്‍കുന്നതാണ്. നാടിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ വിദ്യാര്‍ഥി, യുവജനങ്ങളുടെ പങ്ക് നിര്‍ണായകം തന്നെയാണ്.

വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയരംഗപ്രവേശം എന്തുമാറ്റമാണ് സമൂഹത്തിലുണ്ടാക്കുക?

നാടിന്റെ നിര്‍മിതിക്കും പുരോഗതിക്കും ആവശ്യമായ പുത്തന്‍ ആശയങ്ങ ള്‍ രൂപപ്പെടുത്തുന്നതി ല്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയും. യുവജനങ്ങളുടെ രാഷ്ട്രീയപ്രവേശം പുരോഗമന ചിന്തകള്‍ക്കും സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്കും വഴിയൊരുക്കും.

ആധുനിക രാഷ്ട്രീയ സാഹചര്യത്തില്‍ പുതുതലമുറയ്ക്ക് വ്യത്യസ്തമായി എന്താണ് ചെയ്യാനുള്ളത്?

പുതിയ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളാണ് സമൂഹത്തിലുണ്ടാകേണ്ടത്. നാടിന്റെ വികസനകാര്യത്തിലും അഴിമതിക്കും അനാചാരങ്ങള്‍ക്കുമെതിരായ സമരപോരാട്ടങ്ങള്‍ക്കും നെടുനായകത്വം വഹിക്കാന്‍ പുതുതലമുറയ്ക്ക് സാധിക്കും.

പെണ്‍കുട്ടികളുടെ സജീവമായ രാഷ്ട്രീയരംഗപ്രവേശം എത്രത്തോളം ഗുണകരമാകും ?

പെണ്‍കുട്ടികളുടെ രാഷ്ട്രീയപ്രവേശം വലിയ പ്രതീക്ഷയും സന്തോഷവും നല്‍കുന്നതാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും സ്ത്രീശാക്തീകരണത്തിന് വഴിയൊരുക്കുന്നതിനും പെണ്‍കുട്ടികളുടെ സ്ഥാനാര്‍ഥിത്വം കരുത്തുപകരും.

വിദ്യാര്‍ഥികള്‍ക്ക് മുതിര്‍ന്ന നേതാക്കളോട് പറയാനുള്ളത് ?

തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാതിനിധ്യംനല്‍കുന്ന പ്രവണത സ്വാഗതാര്‍ഹമാണ്. ഇതോടൊപ്പം വിജയിക്കുന്ന സീറ്റുകള്‍ നല്‍കി അവരെ മത്സരരംഗത്തിറക്കാനും അതാത് പാര്‍ട്ടി നേതാക്കള്‍ തയ്യാറാകണം. തോല്‍വി ഉറപ്പുള്ള സീറ്റുകളില്‍ മത്സരിപ്പിച്ച് യുവാക്കള്‍ക്ക് നിരാശയുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണം.