കോട്ടയ്ക്കല്‍: 'ഇക്കുറി പൊരിഞ്ഞ പോരിലാണ് ഞങ്ങള്‍ രണ്ടും. പോര് ഞങ്ങള്‍ തമ്മിലല്ലാട്ടോ..' ഭര്‍ത്താവിനൊപ്പം പ്രചാരണത്തിനിറങ്ങുമ്പോള്‍ സെറീനയുടെ 'കമന്റ്' ഇങ്ങനെ. കോട്ടയ്ക്കല്‍ നഗരസഭയിലെ സി.പി.എം. നേതാവ് ടി.പി. സുബൈറും ഭാര്യ സെറീന സുബൈറുമാണ് മത്സരിക്കുന്ന ദമ്പതിമാര്‍. സുബൈര്‍ 13-ാം വാര്‍ഡിലും സെറീന 11-ാം വാര്‍ഡിലും മത്സരിക്കും. ഇടത് സ്വതന്ത്രരായാണ് തത്രംപള്ളി കുടുംബത്തില്‍നിന്ന് ഭാര്യയും ഭര്‍ത്താവും അങ്കത്തിനിറങ്ങുന്നത്.

നിലവില്‍ 11-ാം വാര്‍ഡായ വലിയപറമ്പിലെ അംഗമാണ് സുബൈര്‍. എന്നാല്‍ ഇത് ഇത്തവണ വനിതാസംവരണ വാര്‍ഡായി. പാര്‍ട്ടിയും നാട്ടുകാരും നിര്‍ബന്ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെറീന മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് സുബൈര്‍ പറഞ്ഞു.

മുമ്പ് മുസ്ലിംലീഗിന്റെ കുത്തകവാര്‍ഡായിരുന്ന 11-ല്‍ വിജയംകൊയ്ത സുബൈറിന് ഇത്തവണ 13-ാം വാര്‍ഡായ പാപ്പായിയാണ് പാര്‍ട്ടി നല്‍കിയത്. ഇ.പി. റഫീഖാണ് പാപ്പായിയില്‍ സുബൈറിന്റെ യു.ഡി.എഫ്. എതിരാളി. അവിടെയും ഇടതിന്റെ കരുത്തുകാട്ടുകയാണ് ലക്ഷ്യം. സുബൈര്‍ രണ്ടുതവണ നഗരസഭാംഗമായി.

കോഡൂര്‍ സ്വദേശിനിയായ സെറീനയുടെ കുടുംബവും ഇടതുകുടുംബമാണ്. സുബൈറിനൊപ്പം പാര്‍ട്ടിപരിപാടികളില്‍ സാന്നിധ്യമായ സെറീനയ്ക്ക് രാഷ്ട്രീയപ്രവര്‍ത്തനം പരിചിത മേഖലതന്നെ. 11-ാം വാര്‍ഡില്‍ ഭര്‍ത്താവ് തുടങ്ങിവെച്ച വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച തുടര്‍പ്രവര്‍ത്തനമുണ്ടാകുമെന്ന് സെറീന പറഞ്ഞു. സുബൈദ കറുമണ്ണിലാണ് സെറീനയുടെ വാര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി.

രണ്ടുമക്കളാണ് സുബൈര്‍-സെറീന ദമ്പതിമാര്‍ക്ക്; വിദ്യാര്‍ഥികളായ മുഹമ്മദ് ഫിദലും മുഹമ്മദ് നാദിലും.