മലപ്പുറം: തദ്ദേശസ്ഥാപനങ്ങളുടെ അതിരുകള്‍ പങ്കിടുന്ന ഒട്ടേറേ സ്ഥലങ്ങളുണ്ട്. എന്നാല്‍ നാല് തദ്ദേശസ്ഥാപനങ്ങളുടേയും മൂന്ന് പോലീസ് സ്റ്റേഷന്റേയും അതിരുകള്‍ പങ്കിടുന്ന സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ.

ആ സ്ഥലത്തിന്റെ തിരഞ്ഞെടുപ്പുകാലത്തെ അവസ്ഥയെന്തായിരിക്കും. സ്ഥാനാര്‍ഥികളുടേയും അണികളുടേയും പൂരപ്പറമ്പായിരിക്കും അവിടം. അത്തരമൊരു കവലയുണ്ട് കോട്ടയ്ക്കലിനടുത്ത ചെനയ്ക്കലില്‍.

തൃശ്ശൂര്‍- കോഴിക്കോട് ദേശീയപാതയിലാണ് ചെനയ്ക്കല്‍. ഇവിടത്തെ നാല്‍ക്കവലയിലെത്തി ചുറ്റും നോക്കിയാല്‍ രസകരമായ കാഴ്ചയാണ് കാണുക. നാലു ഭാഗത്തായി നാല് വാര്‍ഡിലെ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍. ഒന്നു വട്ടംതിരിഞ്ഞാല്‍ യു.ഡി.എഫിന്റേയും, എല്‍.ഡി.എഫിന്റെയും ബി.ജെ.പിയുടേയും മറ്റു സംഘടനകളുടേയുമൊക്കെ നാലുവീതം സ്ഥാനാര്‍ഥികളുടെ പ്രചാരണ പോസ്റ്ററുകള്‍ കാണാം. നാല്‍ക്കവലയുടെ നാലുഭാഗവും ഓരോ തദ്ദേശസ്ഥാപനങ്ങളുടെ അതിരായതാണ് കാരണം.

കോട്ടയ്ക്കല്‍ നഗരസഭയിലെ 24-ാം വാര്‍ഡ്, എടരിക്കോട് ഗ്രാമപ്പഞ്ചായത്തിലെ 10, മാറാക്കരയിലെ ഒന്ന്, കല്പകഞ്ചേരിയിലെ ഒന്ന് വാര്‍ഡുകളാണ് ഇവിടെ സംഗമിക്കുന്നത്. ദേശീയപാതയില്‍നിന്നുതിരിയുന്ന കോട്ടയ്ക്കല്‍ -കുറ്റിപ്പുറം റോഡും അല്‍മനാര്‍ റോഡുമാണ് പ്രദേശത്തെ നാലുഭാഗങ്ങളായി വേര്‍തിരിക്കുന്നത്. 2011- ലെ തദ്ദേശവാര്‍ഡ് വിഭജനത്തോടെയാണ് കോട്ടയ്ക്കലിന്റെ കീഴിലായിരുന്ന ഈ പ്രദേശങ്ങള്‍ മറ്റ് മൂന്ന് പഞ്ചായത്തുകളിലായത്. കോട്ടയ്ക്കല്‍, കല്‍പ്പകഞ്ചേരി, കാടാമ്പുഴ എന്നീ മൂന്ന് പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലാണ് ഈ മേഖലയെന്നത് മറ്റൊരു കൗതുകം. പോലീസും പലപ്പോഴും അതിര്‍ത്തിയുടെ കാര്യത്തില്‍ ആശയക്കുഴപ്പത്തിലാവാറുണ്ട്. അമ്പത് മീറ്ററിനുള്ളില്‍ താമസിക്കുന്ന ഒരു കുടുംബത്തിലെ സഹോദരങ്ങള്‍ക്ക് രണ്ടും മൂന്നും വാര്‍ഡുകളില്‍ വോട്ടുചെയ്യേണ്ട അവസ്ഥയുണ്ടിവിടെ. തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ കവല പ്രസംഗം നടക്കുന്നിടമാണ് ചെനയ്ക്കല്‍.