കരുളായി: വാര്‍ഡിലെ മുഴുവന്‍ വീടുകളിലും വാഴക്കന്നുകള്‍ നല്‍കി കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സഹകരണത്തിന് നന്ദി അറിയിച്ച ജനപ്രതിനിധിയും നമുക്കിടയിലുണ്ട്. കരുളായി ഗ്രാമപ്പഞ്ചായത്തിലെ ഭൂമിക്കുത്ത് വാര്‍ഡിന്റെ പ്രതിനിധി കെ. മനോജാണ് വ്യത്യസ്തമായ യാത്രയപ്പ് രീതി സ്വീകരിച്ചത്.
കൃഷിയെയും കൃഷി ചെയ്യുന്നവരെയും ഏറെ പ്രോത്സാഹിപ്പിച്ച ജനപ്രതിനിധിയായിരുന്നു മനോജ്. കൃഷിചെയ്ത് കുടുംബം പുലര്‍ത്തുന്നവരാണ് വാര്‍ഡില്‍ അധികവും. ഇത് കണക്കിലെടുത്താണ് കര്‍ഷകര്‍ക്കും അല്ലാത്തവര്‍ക്കും ഉപകാരപ്രദമായ ഉപഹാരം നല്‍കിയത്.
വാര്‍ഡില്‍ 490 ഓളം വീടുകളാണുള്ളത്. എല്ലാ വീടുകളിലേക്കും ഒരു നേന്ത്രയുടെയും ഒരു പൂവന്റെയും കന്നുകളാണ് നല്‍കിയത്. ഒപ്പം നന്ദി പ്രകാശിപ്പിച്ചുള്ള ഒരുകത്തുമുണ്ട്.
കോഴിക്കോട് മുക്കത്തെ കര്‍ഷകരില്‍നിന്ന് നേരിട്ടെത്തിച്ചാണ് വാഴക്കന്നുകള്‍ നല്‍കിയത്. ക്ലബ്ബ് പ്രവര്‍ത്തകരാണ് ഇവ വീടുകളിലെത്തിച്ചത്.
വിതരണോദ്ഘാടനം പി.കെ. ശ്രീകുമാര്‍ നിര്‍വഹിച്ചു. പി.കെ. അഖിലേഷ്, അഖില്‍ എന്നിവര്‍ പ്രസംഗിച്ചു. സി.പി.െഎയുടെ ജില്ലാകമ്മിറ്റി അംഗമായ മനോജ് ഇക്കുറി മത്സര രംഗത്തേക്കില്ല.