കരുളായി: വനപാതകള്‍ താണ്ടി കാടിറങ്ങിയെത്തി ബാബുരാജ് വോട്ടുചോദിക്കുമ്പോള്‍ അത് കരുളായിയുടെ രാഷ്ട്രീയചരിത്രത്തില്‍ പുതിയ അധ്യായമാണ്. വോട്ടുതേടി സ്ഥാനാര്‍ഥികള്‍ കാടുകയറുകയായിരുന്നു പതിവ്. ഇക്കുറി ഉള്‍വനത്തില്‍നിന്നുമൊരാള്‍ സ്ഥാനാര്‍ഥിയായതോടെയാണ് വോട്ടുതേടിയുള്ള കാടിറങ്ങേണ്ടിവന്നത്.
പുലിമുണ്ട കോളനിയിലെ സി. ബാബുരാജാണ് മത്സരരംഗത്തുള്ളത്. വനം ഉള്‍പ്പെടുന്ന മൈലമ്പാറ വാര്‍ഡില്‍ എന്‍.ഡി.എയുടെ പിന്തുണയുള്ള സ്വതന്ത്രനായാണ് ബാബുരാജ് ജനവിധി തേടുന്നത്. വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തി ജീവിക്കുന്ന കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടയാളാണ് ബാബുരാജ്. കൂലിപ്പണിക്കും പോകാറുണ്ട്.
കരുളായി ഉള്‍വനത്തില്‍നിന്ന് പ്രാക്തന ഗോത്രവര്‍ഗത്തില്‍പ്പെട്ടൊരാള്‍ സ്ഥാനാര്‍ഥിയാകുന്നത് ആദ്യമാണ്. കരുളായിയില്‍നിന്ന് പന്ത്രണ്ടുകിലോമീറ്റര്‍ അകലെയാണ് ബാബുരാജ് താമസിക്കുന്ന പുലിമുണ്ട. നാട്ടിലെ വോട്ടുചോദിക്കാന്‍ ബാബുരാജിന് പത്തുകിലോമീറ്റര്‍ സഞ്ചരിക്കണം. ഈ വാര്‍ഡില്‍ 1094 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 433 വോട്ടുകള്‍ കാട്ടിലാണ്. ഇവര്‍ക്ക് വോട്ടുരേഖപ്പെടുത്താന്‍ കാട്ടിലൊരു ബൂത്തുമുണ്ട്. ഈ വോട്ടുകളിലാണ് ബാബുരാജിന്റെ പ്രതീക്ഷ.
ജനറല്‍വാര്‍ഡിലാണ് നാട്ടുവാസികളോട് പടവെട്ടാന്‍ കാടിന്റെ മകന്‍ രംഗത്തിറങ്ങിയത്. സ്ഥാനാര്‍ഥിത്വം സ്വന്തം തീരുമാനമാണെന്നും കാട്ടിലുള്ളവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കുകയെന്ന ലക്ഷ്യം ഇതിന് പിന്നിലുണ്ടെന്നും ബാബുരാജ് പറഞ്ഞു.
2019-ലെ പ്രളയത്തില്‍ വീടുനഷ്ടപ്പെട്ട പുലിമുണ്ടക്കാര്‍ ഇപ്പോള്‍ കുടിലുകള്‍കെട്ടിയാണ് താമസിക്കുന്നത്. വാര്‍ഡിലെ കുറേപേരെക്കണ്ട് വോട്ടുതേടുകയുംചെയ്തു. ചിഹ്നം കിട്ടിയിട്ടില്ല. വീട്, കോടാലി, മണ്‍കലം എന്നീ ചിഹ്നങ്ങളാണ് ചോദിച്ചിട്ടുള്ളത്. പത്താംക്ലാസുവരെ പഠിച്ച ബാബുരാജിന് 39 വയസ്സുണ്ട്.