കാളികാവ്: നേതൃനിരയിലുള്ളവര്‍ തന്നെ വിമതരായി മത്സരരംഗത്ത് വന്നതോടെ കാളികാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പ്രതിസന്ധി. വൈസ് പ്രസിഡന്റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ ചോക്കാട് ഗ്രാപ്പഞ്ചായത്തിലെ അഞ്ചാംവാര്‍ഡായ ചോക്കാട് ടൗണിലും ബ്ലോക്ക് സെക്രട്ടറി പൊറ്റയില്‍ റഷീദ് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വെള്ളയൂര്‍ ഡിവിഷനിലുമാണ് വിമതരായി മത്സരിക്കുന്നത്.

റഷീദ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.കെ. മുഹമ്മദലിക്കെതിരേയാണ് മത്സരിക്കുന്നത്. പാര്‍ട്ടി അച്ചടക്ക ഭീഷണി മുഴക്കിയെങ്കിലും ഇരുവരും പിന്‍മാറാന്‍ കൂട്ടാക്കിയില്ല. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച കഴിഞ്ഞാല്‍ ഇരുവര്‍ക്കുമെതിരേ നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ടുണ്ട്.

എന്നാല്‍ പാര്‍ട്ടി അംഗത്വം രാജിവെക്കാതെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് നടത്തിയതെന്നും ആരോപണമുണ്ട്. അണികളുടെ പിന്തുണയോടുകൂടിയാണ് മത്സര രംഗത്തേക്ക് വന്നതെന്നാണ് രണ്ട് പേരും അവകാശപ്പെടുന്നത്.ചോക്കാട് ഗ്രാമപ്പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്. മുന്നണി ധാരണപ്രകാരമാണ് മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ലീഗിലെ പൈനാട്ടില്‍ അഷ്‌റഫിന് വാര്‍ഡ് നല്‍കിയത്.

കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള വാര്‍ഡ് ലീഗിന് അടിയറവുവെച്ചു എന്നാരോപിച്ചാണ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ വിമതനായി മത്സരിക്കാനൊരുങ്ങിയത്.

പാര്‍ട്ടിനേതൃത്വം പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഉണ്ണികൃഷ്ണന്‍ വഴങ്ങിയില്ല. അന്‍വറാണ് സി.പി.എം. സ്ഥാനാര്‍ഥി. കാളികാവ് ബ്ലോക്ക് പഞ്ചായത്തിലെ വെള്ളയൂര്‍ ഡിവിഷനില്‍ ആദ്യം പരിഗണിച്ചതിനു ശേഷം സ്ഥാനാര്‍ഥിത്വം നല്‍കിയില്ലെന്നാരോപിച്ചാണ് റഷീദ് മത്സര രംഗത്ത് വന്നിട്ടുള്ളത്.

പെരിന്തല്‍മണ്ണയില്‍വിമതസ്ഥാനാര്‍ഥിയെപുറത്താക്കി കോണ്‍ഗ്രസ്


പെരിന്തല്‍മണ്ണ: നഗരസഭാ 14-ാം വാര്‍ഡിലെ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുന്ന കോണ്‍ഗ്രസ് പെരിന്തല്‍മണ്ണ ബ്ലോക്ക് ജനറല്‍സെക്രട്ടറിയും ഐ.എന്‍.ടി.യു.സി. ജില്ലാ ഭാരവാഹിയുമായ പച്ചീരി സുബൈറിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി.

യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുകയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്യുന്നതിനാലാണ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കുന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് അറിയിച്ചു.