ഒതുക്കുങ്ങല്‍: ചിഹ്നം കോണിയാണ്, പക്ഷേ, സ്ഥാനാര്‍ഥി മുസ്ലിം ലീഗുകാരനല്ല. ഒതുക്കുങ്ങല്‍ ടൗണ്‍ ഉള്‍പ്പെടുന്ന പത്താംവാര്‍ഡിലാണ് കൗതുകമത്സരം. കഴിഞ്ഞതവണ എസ്.ഡി.പി.ഐ. ലീഗില്‍നിന്ന് പിടിച്ചെടുത്ത വാര്‍ഡാണിത്. കൈവിട്ട വാര്‍ഡ് തിരിച്ചുപിടിക്കാനാണ് മുതിര്‍ന്ന നേതാവായ പി.ടി. കുഞ്ഞലവിക്കുട്ടിയെ വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികള്‍ ആലോചിച്ച് സ്ഥാനാര്‍ഥിയാക്കിയത്.

മൂന്നുതവണ കുഞ്ഞലവിക്കുട്ടി പഞ്ചായത്ത് അംഗമായിരുന്നു. മൂന്നുതവണ ജനപ്രതിനിധികളായവര്‍ മാറിനില്‍ക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരായി ഈ സ്ഥാനാര്‍ഥിത്വം. അതോടെ ജില്ലാ നേതൃത്വം അനുമതി നിഷേധിച്ചു. പലവട്ടം അവശ്യപ്പെട്ടിട്ടും കുഞ്ഞലവിക്കുട്ടി സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പകരം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുമില്ല. പാര്‍ട്ടിക്ക് പുറത്തായെങ്കിലും കുഞ്ഞലവിക്കുട്ടിക്ക് നാമനിര്‍ദേശപത്രികപ്രകാരം കോണി ചിഹ്നവും ലഭിച്ചു.

കഴിഞ്ഞതവണ ബ്ലോക്ക് പഞ്ചായത്ത് ഒതുക്കുങ്ങല്‍ ഡിവിഷനില്‍ വിമതനായി മത്സരിച്ച് പാര്‍ട്ടിയില്‍നിന്ന് പുറത്തായ വ്യക്തികൂടിയായിരുന്നു കുഞ്ഞലവിക്കുട്ടി. പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. സി.പി.എമ്മിലെ കുന്നക്കാടന്‍ റിയാസും എസ്.ഡി.പി.ഐയിലെ കോറാടന്‍ അബ്ദുള്‍ നാസറുമാണ് ഇത്തവണ എതിര്‍സ്ഥാനാര്‍ഥികള്‍.