മലപ്പുറം: ജനുവരി 2019-ന് ശേഷം ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കൃത്യമായ ചെലവുകള്‍ സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികളെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ്. ജില്ലയിലെ കാവനൂര്‍ പഞ്ചായത്തിലെ ഇളയൂരിലെ നാലു സ്ഥാനാര്‍ഥികളെയും പുല്‍പ്പറ്റ പഞ്ചായത്തിലെ തൊട്ടേക്കാട്, ആലിപ്പറമ്പ് പഞ്ചായത്തിലെ വട്ടപ്പറമ്പ്, മങ്കട പഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ് എന്നിവിടങ്ങളിലെ ഓരോ സ്ഥാനാര്‍ഥികളുമാണ് അയോഗ്യരായത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ അടുത്ത അഞ്ചുവര്‍ഷം ഇവര്‍ക്ക് മത്സരിക്കാനാവില്ല. അയോഗ്യരാക്കിയവരില്‍ ഭൂരിഭാഗവും വനിതകളാണ്.
ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ചെലവ് കണക്കുകള്‍ സമര്‍പ്പിക്കാതിരിക്കുകയോ പരിധിയിലധികം തുക ചെലവഴിക്കുകയോ ചെയ്തവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തി ഉത്തരവായത്. ചെലവുകള്‍ സംബന്ധിച്ച് കമ്മിഷന്‍ അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാത്ത സ്ഥാനാര്‍ഥികള്‍ക്കാണ് 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 33-ാം വകുപ്പ് പ്രകാരം അയോഗ്യത പ്രഖ്യാപിച്ചത്.
ജില്ലയില്‍ 2019 ഫെബ്രുവരിയില്‍നടന്ന ഉപതിരഞ്ഞെടുപ്പില്‍ 84.39 ശതമാനം പോളിങ് രേഖപ്പെടുത്തി മുന്നിട്ടുനിന്ന കാവനൂര്‍ പഞ്ചായത്തിലെ ഇളയൂരിലെ നാലുസ്ഥാനാര്‍ഥികളെയാണ് കമ്മിഷന്‍ അയോഗ്യരാക്കിയത്. പുല്‍പ്പറ്റ പഞ്ചായത്തിലെ തൊട്ടേക്കാട് കഴിഞ്ഞ ഡിസംബറില്‍നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥിയാണ് അയോഗ്യത നേരിട്ട മറ്റൊരാള്‍. കഴിഞ്ഞവര്‍ഷം ജൂണില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ആലിപ്പറമ്പ് പഞ്ചായത്തിലെ വട്ടപ്പറമ്പ്, സെപ്റ്റംബറില്‍ നടന്ന മങ്കട പഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ് എന്നിവിങ്ങളിലെ ഓരോ സ്ഥാനാര്‍ഥികളും അയോഗ്യരായിട്ടുണ്ട്.