എരമംഗലം: വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ വിമതസ്ഥാനാര്‍ഥികളെ പാട്ടിലാക്കി നോമിനേഷന്‍ പിന്‍വലിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ കൂട്ടത്തോടെയെത്തി. എന്നാല്‍ നേതാക്കളെത്തുമെന്ന വിവരമറിഞ്ഞ് സ്ഥാനാര്‍ഥികള്‍ മുങ്ങി.
പതിനാലാംവാര്‍ഡിലെ വിമത സ്ഥാനാര്‍ഥി റംല ബാദുഷ, പതിനാറാംവാര്‍ഡിലെ വിമത സ്ഥാനാര്‍ഥി ഫൗസിയ എന്നിവരെക്കൊണ്ട് നോമിനേഷന്‍ പിന്‍വലിപ്പിക്കാനാണ് മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റും പൊന്നാനി മണ്ഡലം തിരഞ്ഞെടുപ്പ് നിരീക്ഷകനുമായ പി. അബ്ദുല്ലക്കുട്ടി, ലീഗ് പൊന്നാനി മണ്ഡലം പ്രസിഡന്റ് അഹമ്മദ് തങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കള്‍ തിങ്കളാഴ്ച രാവിലെ ആറുമണിയോടെ വെളിയങ്കോട് എത്തിയത്. നേതാക്കള്‍ എത്തുമെന്ന വിവരം നേരത്തെ അറിഞ്ഞിരുന്നതിനാല്‍ ഇവര്‍ മുങ്ങുകയായിരുന്നു. നോമിനേഷന്‍ പിന്‍വലിക്കുന്ന സമയംവരെ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും നിരാശരായി നേതാക്കളും മടങ്ങി.
വെളിയങ്കോട് ഈസ്റ്റ് മൂന്നാംവാര്‍ഡിലെ ഇടത് വിമത സ്ഥാനാര്‍ഥി സുലോചനയുടെ നോമിനേഷന്‍ പിന്‍വലിക്കാന്‍ സി.പി.എം. നേതൃത്വം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നോമിനേഷന്‍ പിന്‍വലിക്കാതെ സ്ഥാനാര്‍ഥിയായി മുന്നോട്ടുപോകുമെന്ന് ഉറച്ചതോടെ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന സുലോചനയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.