കാളികാവ് : കാളികാവ് കറുത്തേനിയിലെ ചാത്തങ്ങോട്ടുപുറം തവാടിന് തിരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടമാണ്. ചാത്തങ്ങോട്ടുപ്പുറം നാരായണന്റെ മൂത്തമകൾ രജിലയും അനിയത്തി ഷനിലയുമാണ് സി.പി.എമ്മിന്റെ സ്ഥാനാർഥികളായി രണ്ടുപഞ്ചായത്തുകളിൽ മത്സരിക്കുന്നത്.

പോരൂർ ഗ്രാമപ്പഞ്ചായത്തിലെ പന്ത്രണ്ടാംവാർഡായ അയനിക്കോട്ടിലാണ് രജില മത്സരിക്കുന്നത്. ഷനില കാളികാവ് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡായ കറുത്തേനിയിൽനിന്ന് ജനവിധി തേടുന്നു. സഹോദരിമാർക്കിത് കന്നി അങ്കമാണ്.

രണ്ട് പഞ്ചായത്തുകളിലായി മത്സരിക്കുന്ന മക്കളുടെ വിവരം കുടുംബം എന്നും രാത്രി വിലയിരുത്തും. സ്ഥാനാർഥികളായ സഹോദരിമാർ അനുഭവങ്ങൾ പങ്കുവെച്ച് പോരായ്മകൾ പരിഹരിക്കാൻ ശ്രദ്ധിക്കുന്നുമുണ്ട്. കുടുംബത്തിൽനിന്നും വോട്ടർമാരിൽനിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നാണ് രജിലയും ഷനിലയും പറയുന്നത്. പ്രചാരണ പ്രവർത്തനങ്ങൾ ആത്മവിശ്വാസം വർധിപ്പിച്ചൂവെന്നും സഹോദരിമാർ പറഞ്ഞു.