മലപ്പുറം: മാറഡോണയെ അനുസ്മരിച്ച് കാല്‍പ്പന്തുകളിയുടെ നാട്ടില്‍നടന്ന കുടുംബ ഫുട്ബോള്‍ മത്സരത്തില്‍ സ്ഥാനാര്‍ഥികളും ബൂട്ടിട്ടു. രാഷ്ട്രീയം ചൂടുപിടിക്കുന്ന സമയത്തെ കളിയില്‍ വിവിധപാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാണ് പോരിനിറങ്ങിയത്. പക്ഷേ, കളിയില്‍ ആരും രാഷ്ട്രീയ വൈരാഗ്യം തീര്‍ത്തില്ല. മാറഡോണയുടെ വേര്‍പാടില്‍ ദുഃഖമറിയിച്ചാണ് എല്ലാവരും മൈതാനത്തിറങ്ങിയത്. സ്ഥാനാര്‍ഥികള്‍ പന്തുകളിച്ചത് കാഴ്ചക്കാര്‍ക്കും ആവേശമായി.

കനി വാട്സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ച സൗഹൃദമത്സരത്തില്‍ അംഗങ്ങള്‍ കുടുംബസമേതമാണ് പങ്കെടുത്തത്. ആദ്യപകുതിയില്‍ കുട്ടികളും സ്ത്രീകളും രണ്ടാംപകുതിയില്‍ പുരുഷന്മാരുമാണ് കളിച്ചത്. മലപ്പുറം നഗരസഭ 19-ാം വാര്‍ഡ് സ്വതന്ത്രന്‍ കമറുദ്ദീന്‍ കലാഭവന്‍, മലപ്പുറം കോട്ടക്കുന്ന് 16-ാം വാര്‍ഡ് എല്‍.ഡി.എഫ്. സ്വതന്ത്രന്‍ പി.എസ്.എ. സബീര്‍, കോഡൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് എല്‍.ഡി.എഫ്. സ്വതന്ത്ര ബീന ഷംസുദ്ദീന്‍, നിലമ്പൂര്‍ ബ്ലോക്ക് മണിമൂളി ഡിവിഷന്‍ എന്‍.ഡി.എ. മത്സരാര്‍ഥി പത്മശ്രീ അജിത് എന്നിവരാണ് ഫുട്ബോള്‍ തട്ടിയ സ്ഥാനാര്‍ഥികള്‍.

എം.എസ്.പി. അസിസ്റ്റന്റ് കമാന്‍ഡന്റ് ഹബീബ് റഹ്മാന്‍ ഉദ്ഘാടനംചെയ്തു. ദേശീയ റൈഫിള്‍ താരം നാസര്‍, കനി പ്രസിഡന്റ് നൗഷാദ് മാമ്പ്ര, വി.പി. ഷംസുദ്ദീന്‍, മുഹമ്മദ് സാലിഹ്, ഷംസാദ് ബീഗം, അജിത്ത് നിലമ്പൂര്‍, ഷൈനി എറണാകുളം, ഷിഫ്ലി തൃശ്ശൂര്‍, സഫിയ നിലമ്പൂര്‍ എന്നിവര്‍ നേതൃത്വംനല്‍കി. എ.എസ്.ഐ. ഫിലിപ്പ് മമ്പാട് സമ്മാനങ്ങള്‍ വിതരണംചെയ്തു.