മലപ്പുറം: തിങ്കളാഴ്ച അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മലബാറിലെ നാല് ജില്ലകളിൽ 62 പഞ്ചായത്തുകളിൽ സി.പി.എമ്മും എസ്.ഡി.പി.ഐയും ധാരണയുണ്ടാക്കിയതായി മുസ്‌ലിംലീഗ്. സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.എ. മജീദാണ് ആരോപണമുന്നയിച്ചത്.

പരാജയഭീതി കാരണമാണ് സി.പി.എമ്മും ഇടതുമുന്നണിയും അവർതന്നെ വർഗീയ പാർട്ടിയെന്നു വിളിക്കുന്നവരുമായി രഹസ്യധാരണയുണ്ടാക്കിയത്. സി.പി.എമ്മിലെ നേതാക്കളാണ് ഇതിനായി ചർച്ചനടത്തിയത്.

കണ്ണൂർ മുണ്ടേരി പഞ്ചായത്തിലെ നാല്, ഏഴ് വാർഡുകളിലും ഇരിട്ടി നഗരസഭയിലെ കൂരമുക്ക്, നടുവനാട് വാർഡുകളിലും ഇങ്ങനെ ധാരണയുണ്ട്. നാദാപുരം പഞ്ചായത്ത് 17-ാം വാർഡിലും തൂണേരി ബ്ലോക്ക് കുമ്മങ്കോട് ഡിവിഷനിലും സമാന നീക്കുപോക്കുള്ളതായി മജീദ് ആരോപിച്ചു.