ഇ.എൻ. മോഹൻദാസ്
ഇ.എൻ. മോഹൻദാസ്

നാട്ടങ്കത്തിന് തട്ടൊരുങ്ങുമ്പോള്‍, പുതിയ കാലത്തിന്റെ കരിയും കാലാളും കുതിരപ്പടയുമൊക്കെ പാളയത്തില്‍ പടയൊരുക്കുകയാണ്. അതിനിടയില്‍ പടനായകന്‍മാര്‍ അവരുടെ യുദ്ധതന്ത്രങ്ങള്‍, പ്രതീക്ഷകള്‍, സാധ്യതകള്‍ എന്നിവ വിലയിരുത്തുന്നു. ഇന്ന് സി.പി.എമ്മിന്റെ ജില്ലയിലെ അമരക്കാരന്‍ ഇ.എന്‍. മോഹന്‍ദാസ് സംസാരിക്കുന്നു.

ഈ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് എല്‍.ഡി.എഫിന് എത്രത്തോളം പ്രതീക്ഷയുണ്ട് ?

2010-ല്‍ എട്ട് പഞ്ചായത്തിലും ഒരു നഗരസഭയിലും ഒരു ബ്ലോക്കിലുമാണ് എല്‍.ഡി.എഫിന് ഭരണമുണ്ടായിരുന്നത്. ജില്ലാപഞ്ചായത്തില്‍ രണ്ട് സീറ്റുകളും. കഴിഞ്ഞതവണ അത് 34 പഞ്ചായത്തുകള്‍, മൂന്ന് നഗരസഭകള്‍, രണ്ട് ബ്ലോക്ക്പഞ്ചായത്തുകള്‍, അഞ്ച് ജില്ലാപഞ്ചായത്ത് സീറ്റുകള്‍ എന്നിങ്ങനെയായി. ഇത്തവണ വലിയ വര്‍ധനയുണ്ടാകും. 50-നും 60-നും ഇടയില്‍ പഞ്ചായത്തുകളില്‍ ഇത്തവണ ഇടതുപക്ഷം അധികാരത്തില്‍ വരും. ആറോ ഏഴോ നഗരസഭകള്‍ പിടിക്കുമെന്നാണ് കരുതുന്നത്.

ഈ ആത്മവിശ്വാസത്തിനു കാരണം ?

രാഷ്ട്രീയമായി ഇടതുപക്ഷത്തിന് അനുകൂലമാണ് സാഹചര്യങ്ങള്‍. മറ്റൊന്ന് കേരളത്തിലെ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാണ്. മൂന്നാമതായി, യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും കീഴിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ വികസനമാണ്. പെരിന്തല്‍മണ്ണ നഗരസഭയും അമ്പതുകൊല്ലമായ മലപ്പുറം നഗരസഭയും തമ്മിലുള്ള വികസനവ്യത്യാസം നോക്കിയാല്‍മതി. മലപ്പുറം നഗരത്തില്‍ ഒരു നല്ല ശൗചാലയംപോലുമില്ല. എന്നാല്‍ പെരിന്തല്‍മണ്ണയില്‍ അഞ്ഞൂറുകോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നത്.

പ്രധാന എതിരാളികള്‍ എന്നനിലയില്‍ യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയിട്ടുണ്ടോ ?

വിമതന്‍മാര്‍ യു.ഡി.എഫില്‍ എക്കാലത്തുമുണ്ടാകാറുണ്ട്. പക്ഷേ, ഇത്തവണ സീമകളെല്ലാം ലംഘിച്ചുകൊണ്ട് അത് പടര്‍ന്നു. കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍വരെ വിമതനുണ്ടായി. ലീഗ് നേതാക്കള്‍ പറഞ്ഞാല്‍ അണികള്‍ കേള്‍ക്കുന്ന കാലം കഴിഞ്ഞു. ഇങ്ങനെ യു.ഡി.എഫ്. വോട്ടുകള്‍ ഭിന്നിക്കുന്നത് ഇടതുപക്ഷത്തിന് ഗുണംചെയ്യും.

ലീഗിന്റെ സാന്നിധ്യംകൊണ്ടാണ് കേരളത്തില്‍ മുസ്ലിം തീവ്രവാദം ശക്തിപ്പെടാത്തതെന്നായിരുന്നു ഇതുവരെ ലീഗിന്റെ അവകാശവാദം. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്നാണ് മുപ്പതിലധികംവരുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഇത്തവണ അവര്‍ മത്സരിക്കുന്നത്. ചിലയിടത്ത് എസ്.ഡി.പി.ഐയുമായും സഖ്യമുണ്ട്. ഇതൊക്കെ ലീഗിന്റെ പരമ്പരാഗത വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കും.

മൂന്നുതവണ മത്സരിച്ചവര്‍ക്ക് ഇത്തവണ അവസരം കൊടുക്കേണ്ടതില്ലെന്ന തീരുമാനം മുസ്ലിംലീഗ് എടുത്തത് അവര്‍ക്ക് ഗുണംചെയ്യില്ലേ ?

അതിന്റെ ഗുണം ലീഗിന് ലഭിക്കില്ല. കാരണം ഇങ്ങനെ അവസരം നഷ്ടപ്പെട്ടവര്‍ വലിയ അമര്‍ഷത്തിലാണ്. അവര്‍ പ്രവര്‍ത്തനത്തില്‍നിന്ന് മാറിനില്‍ക്കുന്നു. ലീഗിന്റെ സംഘടനാസ്വഭാവമനുസരിച്ച് വലിയൊരു ശതമാനത്തിനും ഈ നിലപാട് ഉള്‍ക്കൊള്ളാനായിട്ടില്ല. അതുകൊണ്ടാണ് വിമതന്‍മാരുടെ എണ്ണം കൂടുന്നത്.

എന്നാല്‍ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പതിവുപോലെ ഇത്തവണയും യുവതീയുവാക്കളുടെ വലിയ നിരതന്നെ മത്സരരംഗത്തുണ്ട്.

ദേശീയ-സംസ്ഥാന രാഷ്ട്രീയം ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമോ ?

കേരളത്തെ സംബന്ധിച്ചിടത്തോളം സാര്‍വദേശീയ തലത്തിലുള്ള കാര്യങ്ങള്‍വരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടാറുണ്ട്.

സി.പി.എമ്മും സര്‍ക്കാരും ഇന്ന് കേരളത്തില്‍ അഭിമുഖീകരിക്കുന്ന വിവാദങ്ങളും ചര്‍ച്ചയാവില്ലേ ?

ഒരിക്കലുമില്ല. ഇത്തരം വിവാദങ്ങളില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പങ്ക് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്താകെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ വലിയ പ്രതിരോധമാണ് കോണ്‍ഗ്രസ് തീര്‍ക്കുന്നത്. എന്നാല്‍ കേരളത്തില്‍ അവരെ പിന്തുണയ്ക്കുന്നു. ഭരണഘടനാപരമായി നല്‍കപ്പെട്ട അധികാരങ്ങള്‍ മറികടന്ന് കേന്ദ്ര ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ആയുധമായി അധഃപതിച്ചിട്ടുണ്ട്. കേരളത്തിന്റെ വികസനമുന്നേറ്റത്തിനുമുന്നില്‍ പുകമറയുണ്ടാക്കാനാണ് ഇത്തരം വിവാദങ്ങള്‍ കൊണ്ടുവരുന്നത്.

ശബരിമലയിലെ പ്രശ്‌നം ഇപ്പോള്‍ വീണ്ടും പ്രചാരണായുധമായിട്ടുണ്ട്. അത് ഇടതുപക്ഷത്തെ ബാധിക്കില്ലേ ?

ഒരുകാരണവശാലും ബാധിക്കില്ല. ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധിയാണ് അന്ന് സര്‍ക്കാര്‍ നടപ്പാക്കിയത്. പിന്നീട് അത് നടപ്പാക്കേണ്ടതില്ലെന്നു വാക്കാല്‍ സുപ്രീംകോടതി പറഞ്ഞു. സര്‍ക്കാര്‍ അതും അനുസരിച്ചു. അതൊക്കെ അടഞ്ഞ അധ്യായമാണ്.