തിരൂര്‍: വാഹനാപകടത്തില്‍ മരിച്ച ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് വൻ വിജയം. മലപ്പുറം തലക്കാട് ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പാറശ്ശേരി എരഞ്ഞിക്കല്‍ സഹീറ ഭാനു (50) ആണ് എതിര്‍സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ടിനേക്കാള്‍ കൂടിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സഹീറാബാനു മരിച്ചത്.

248 വോട്ടുകള്‍ക്കാണ് സഹീറാ ബാനു ജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് 236 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 

വ്യാഴാഴ്ച വൈകീട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ ബാങ്കില്‍പോയി തിരിച്ചുവരുന്നതിനിടെ പാറശ്ശേരിയില്‍വെച്ച് കാറിടിച്ചാണ് സഹാറാബാനുവിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. തലക്കാട് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമാണ്. മഹിളാ അസോസിയേഷന്‍ തലക്കാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും തലക്കാട് വനിതാ സൊസൈറ്റി ഡയറക്ടറുമാണ്.

2000-ലും 2010-ലും തലക്കാട് പഞ്ചായത്ത് അംഗമായിരുന്ന സഹീറബാനു കഴിഞ്ഞതവണ പൂക്കൈതയില്‍ എട്ട് വോട്ടിനാണ് പരാജയപ്പെട്ടത്.