പി.കെ. കൃഷ്ണദാസ്
പി.കെ. കൃഷ്ണദാസ് 

യു.ഡി.എഫിന്റെ, വിശേഷിച്ച് മുസ്ലിംലീഗിന്റെ കഴിയുന്നത്ര കോട്ടകള്‍ പിടിച്ചെടുക്കുക, മലപ്പുറത്തെ ചുവപ്പണിയിക്കുക എന്നതാണ് ഇടതുമുന്നണിയുടെ 'പ്രഖ്യാപിത ലക്ഷ്യം'. ഈ ലക്ഷ്യംകൈവരിക്കുന്നതില്‍ എല്‍.ഡി.എഫ്. എത്രത്തോളം വിജയിക്കും? സി.പി.ഐ. ജില്ലാസെക്രട്ടറി പി.കെ. കൃഷ്ണദാസ് സംസാരിക്കുന്നു.

സംസ്ഥാനം ഭരിക്കുന്ന മുന്നണി എന്നനിലയില്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലേ?

ഈ ആരോപണങ്ങള്‍ വെറും പുകമറമാത്രമാണ്. എല്‍.ഡി.എഫ്. സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍നിര്‍ത്താനുള്ള പാഴ്ശ്രമം. ആട് ഇല കടിക്കുന്നതുപോലെ കേന്ദ്ര ഏജന്‍സികള്‍ എല്ലായിടത്തും കയറിയിറങ്ങുന്നതിന്റെ രാഷ്ട്രീയം എല്ലാവര്‍ക്കും മനസ്സിലാകും. അതിലപ്പുറം ഒന്നുമില്ല.

എന്നാല്‍ യു.ഡി.എഫ്. നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ ഇതുപോലെയല്ല. അത് ഏറ്റവുംകൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന ജില്ലയായി മലപ്പുറം മാറും. കാരണം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയുടെ മുന്‍മന്ത്രിയും എം.എല്‍.എയും ജയിലില്‍ കിടക്കുന്നത് വിശദീകരിക്കാന്‍ യു.ഡി.എഫ്. പ്രയാസപ്പെടും. കോണ്‍ഗ്രസിനുമേല്‍ ആരോപിക്കുന്ന കുറ്റത്തിന്റെ സാഹചര്യവും പ്രസക്തമാണ്. സോളാര്‍ വിവാദം അവസാനിപ്പിക്കാന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് ധാരാളം കേട്ടിട്ടുണ്ട്. അതും ബാര്‍കോഴയുമായി ബന്ധമുണ്ടോ എന്നു വിശദീകരിക്കാന്‍ കോണ്‍ഗ്രസിനും വിഷമിക്കേണ്ടിവരും.

എല്‍.ഡി.എഫ്. സര്‍ക്കാരിന്റെമലപ്പുറത്തെ പ്രധാന മുഖങ്ങളിലൊന്നാണല്ലോ മന്ത്രി ഡോ. കെ.ടി. ജലീല്‍. അദ്ദേഹത്തിനെതിരായ ആരോപണങ്ങളോ ?

ജലീലിന്റെ വിഷയത്തില്‍ പല ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലല്ലോ. അദ്ദേഹത്തില്‍നിന്ന് അവര്‍ തെളിവെടുത്തു എന്നല്ലാതെ എന്തുണ്ടായി? എന്നാല്‍ ലീഗിന്റെ മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങള്‍ വ്യത്യസ്തമാണ്. നേരത്തേയുള്ള കേസുകളാണത്.ഒരു എം.എല്‍.എയ്‌ക്കെതിരേ നൂറിലേറെ കേസുകള്‍ ഉണ്ടാവുക എന്നത് ചെറിയ കാര്യമല്ലല്ലോ. ഇതുരണ്ടും തമ്മിലുള്ള വ്യത്യാസം ജനം തിരിച്ചറിയും.

ഈ തിരഞ്ഞെടുപ്പില്‍ എന്താണ് നിങ്ങളുടെ 'പ്ലസ്' ?

കഴിഞ്ഞ നാലരവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ തന്നെയാണ് എല്‍.ഡി.എഫ്. ജനങ്ങളുടെമുമ്പാകെ അവതരിപ്പിക്കുന്നത്. ശരാശരി മനുഷ്യന്റെ നിത്യജീവിതയാഥാര്‍ഥ്യങ്ങളാണ് എല്‍.ഡി.എഫിന്റെ നേട്ടം.

പതിനായിരത്തിലേറെപ്പേര്‍ക്ക് നല്‍കിയ റവന്യൂ പട്ടയം, ആരോഗ്യ-വിദ്യാഭ്യാസ രംഗത്തുണ്ടായ കുതിച്ചുചാട്ടം, കാര്‍ഷികരംഗത്തുണ്ടായ പുത്തനുണര്‍വ്, സമ്പന്നമായ പൊതുവിതരണകേന്ദ്രങ്ങള്‍, ജില്ലയിലെ മുഴുവന്‍ ആദിവാസികള്‍ക്കും വനമേഖലയില്‍ത്തന്നെ അനുവദിച്ച ഭൂമി, സൗജന്യമായ കോവിഡ് ചികിത്സ-ഇതെല്ലാം ഈ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വിജയത്തിനാവശ്യമായ സാഹചര്യമൊരുക്കും. സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങളെ നേരിട്ട രീതി, മികച്ച ക്രമസമാധാനപാലനം, കൃഷി ഒരു സംസ്‌കാരമായി മാറിയത്-ഇതെല്ലാം ഞങ്ങള്‍ക്ക് ഉയര്‍ത്തിക്കാണിക്കാനാകും.

ദേശീയരാഷ്ട്രീയം വിഷയമാവില്ലേ ?

മോദി സര്‍ക്കാരിനെതിരേയുള്ള സാധ്യതകള്‍ ഏകോപിപ്പിക്കുക എന്നതാണ് ദേശീയരാഷ്ട്രീയത്തിന്റെ കാതല്‍. അതിലേക്കുള്ള ചൂണ്ടുപലകകളാണ് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷകസമരങ്ങളും ബിഹാര്‍ തിരഞ്ഞെടുപ്പും. ഈ വിഷയങ്ങള്‍ ചര്‍ച്ചയാവും.

യുവനിരയെയാണ് ലീഗ് രംഗത്തിറക്കിയിരിക്കുന്നത്.നല്ല പ്രവണതയല്ലേ ?

പണവും നേതാവുമാണ് ലീഗിന്റെ കൈമുതല്‍. അങ്ങനെയുള്ള പാര്‍ട്ടിക്ക് യുവജനങ്ങള്‍ക്ക് സീറ്റ് എന്ന മാതൃക പിന്തുടരുന്നത് പ്രയാസമാവും. അസംബ്ലി തിരഞ്ഞെടുപ്പില്‍ ഈ മാതൃക പിന്തുടരുമോ എന്നറിയാന്‍ ആഗ്രഹമുണ്ട്. സി.പി.ഐ. ഇക്കാര്യത്തില്‍ നേരത്തേ മാതൃക കാണിച്ചവരാണ്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യു.ഡി.എഫ്. ബന്ധത്തെപ്പറ്റി ?

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം യു.ഡി.എഫിന് തിരിച്ചടിയാകും. ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ ഈ ബന്ധം അംഗീകരിക്കുന്നില്ല. സാധാരണ ലീഗുകാര്‍ക്കും ആശയപരമായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യോജിക്കാനാവില്ല. അധികാരത്തിനുവേണ്ടിയുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അമിതാവേശം അവരുടെ തകര്‍ച്ചയിലേക്കാണ് നയിക്കുക.

സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ഇടതുമുന്നണിയിലുമുണ്ട് തര്‍ക്കങ്ങള്‍...

ചില പഞ്ചായത്തുകളില്‍ എല്‍.ഡി.എഫില്‍ തര്‍ക്കങ്ങളുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സാധ്യതയ്ക്കനുസരിച്ച് ഇനിയും അത്തരം തര്‍ക്കപരിഹാരത്തിനു ശ്രമിക്കും. രാഷ്ട്രീയ പോരാട്ടമെന്ന നിലയില്‍ ജില്ലാപഞ്ചായത്തിലേക്ക് ഇതു ബാധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നുണ്ട്.