ഒതുക്കുങ്ങല്‍: നാലാളുകള്‍ കൂടുന്ന കവലകളില്‍ നല്ല ഉച്ചത്തിലുള്ള ശബ്ദത്തില്‍ ഒരുപ്രസംഗവും സ്ഥാനാര്‍ഥിയുടെ കിടിലന്‍ പ്രചാരണ ഗാനവും ഇല്ലാതെ എന്ത് തിരഞ്ഞെടുപ്പാണല്ലേ, പ്രചാരണം കൊഴുപ്പിക്കാന്‍ കോവിഡില്‍ ഇടറിയശബ്ദം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖല.

എട്ടുമാസത്തോളമായി അടഞ്ഞുകിടന്നിരുന്ന ഗോഡൗണുകളിലെ ശബ്ദോപകരണങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ച് സജ്ജമാക്കിത്തുടങ്ങി. ലോക്ഡൗണ്‍ പ്രഖ്യാപിച്ച അന്നുമുതല്‍ ഈ ഉപകരണങ്ങള്‍ ഇതേ ഇരുപ്പാണ്. വിവാഹച്ചടങ്ങുകളും പൊതുപരിപാടികളുമൊക്കെ നാമമാത്രമായ ആളുകള്‍ മാത്രമായി ചുരുങ്ങി. ഇതോടെ ആരും ലൈറ്റ് ആന്‍ഡ് സൗണ്ട് ഉപകരണങ്ങള്‍ ഉപയോഗിക്കാതെയായി. തിരഞ്ഞെടുപ്പുകാലം വന്നതോടെ ശബ്ദോപകരണങ്ങള്‍ വാടകയ്ക്ക് നല്‍കിയെങ്കിലും മുന്നോട്ടുപോകാമെന്ന പ്രതീക്ഷയിലാണിവര്‍. കോവിഡ് കാലത്ത് സര്‍ക്കാരിന്റെ ഒരുസഹായവും ഈ മേഖലയിലുള്ളവര്‍ക്ക് ലഭിച്ചിട്ടില്ല.

പലിശരഹിത മൊറട്ടോറിയം ലഭിച്ചാല്‍ മാത്രമേ ഞങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുകയുള്ളു എന്ന് കേരള ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍െഫയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് റഹീം കുഴിപ്പുറം പറഞ്ഞു.