കാളികാവ്:: കോവിഡ് ബാധിതരുടെ വീടുകളിലേക്ക് ഇപ്പോള്‍ സഹായപ്രവാഹമാണ്. സര്‍ക്കാരും സംഘടനകളുമൊന്നുമല്ല അതിനുപിന്നില്‍. പിന്നെയോ? നമ്മുടെ സ്ഥാനാര്‍ഥികളും അനുയായികളുംതന്നെ. ഭക്ഷണപ്പൊതികള്‍ ഉള്‍പ്പെടെ കൈനിറയെ സാധനങ്ങളുമായാണ് സ്ഥാനാര്‍ഥികളും അനുയായികളും ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ നേട്ടം കോവിഡ് രോഗികള്‍ക്കായി.

വോട്ടുറപ്പിക്കാനുള്ള ശ്രമത്തില്‍ ഒരുവഴിയും അടഞ്ഞുപോകരുതെന്ന നിര്‍ബന്ധബുദ്ധി സ്ഥാനാര്‍ഥികള്‍ക്കുണ്ടാകുന്നത് സ്വാഭാവികം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പുവരെ കോവിഡ് ബാധിച്ചവരെ സഹായിക്കാനോ സന്ദര്‍ശിക്കാനോ കാര്യമായി ആരും ഉണ്ടായിരുന്നില്ല. ഗൃഹനാഥന്‍ കോവിഡ് ബാധിച്ച്

ആശുപത്രിയിലായതിനാല്‍ പട്ടിണിയില്‍ ആയിപ്പോയ കുടുംബങ്ങളുണ്ട്. സഹായത്തിനായി വിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല എന്ന പരാതിയും പലര്‍ക്കുമുണ്ട്. ജനമൈത്രി പോലീസുകാര്‍ മാത്രമായിരുന്നു ആശ്വാസമെന്നാണ് കാളികാവില്‍ മുഴുവന്‍ പേര്‍ക്കും കോവിഡ് ബാധിച്ച ഒരുകുടുംബം പറയുന്നത്. എന്നാല്‍ ഇപ്പോള്‍, തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥിതി മാറി. വിളിക്കാതെത്തന്നെ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ വീടുകളില്‍ എത്തുന്നുണ്ട്. കോവിഡ് മുന്നറിയിപ്പ് നല്‍കിയിട്ടും വകവെക്കാതെ ക്ഷേമാന്വേഷണം നടത്തുകയും ഭക്ഷണസാധനങ്ങള്‍ കൈമാറുകയും ചെയ്യുന്നുണ്ട്. ഇതുകാരണം സാധനങ്ങള്‍ ആവശ്യത്തിലേറെ ഉണ്ടെന്നാണ് കോവിഡ് ബാധിതരുടെ കുടുംബങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ആശുപത്രികളില്‍ കഴിയുന്നവരെ ഫോണില്‍ ബന്ധപ്പെട്ട് കുടുംബത്തെ ഓര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നും സ്ഥാനാര്‍ഥികള്‍ പറയുന്നുണ്ട്.

കോവിഡ് ബാധിച്ച് കിടപ്പിലായാലും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും പട്ടിണിയിലാവില്ലെന്ന് കുടുംബങ്ങള്‍ക്ക് ഉറപ്പായിട്ടുണ്ട്. സഹായങ്ങള്‍ കൈമാറുന്നതോടെ വോട്ടുകള്‍ ഉറപ്പാക്കി എന്ന ആത്മസംതൃപ്തി സ്ഥാനാര്‍ഥികള്‍ക്കും അനുയായികള്‍ക്കുമുണ്ട്.