മലപ്പുറം: എല്ലാ വോട്ടെടുപ്പുയന്ത്രങ്ങളും രാത്രിയോടെ ശക്തമായ സുരക്ഷാസന്നാഹത്തിനു കീഴിലായി. ഇനി വീര്‍പ്പടക്കി ഒരു ദിവസംകൂടി കാത്തിരുന്നാല്‍ മലപ്പുറത്തിന്റെ വിധിയറിയാം. വോട്ടെണ്ണുന്നതിനു മുന്നോടിയായി ചൊവ്വാഴ്ച വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കും. വോട്ടെണ്ണല്‍ദിവസം ഹാളിനകത്തും പുറത്തും ആള്‍ക്കൂട്ടമുണ്ടായിക്കൂടാ.
കോവിഡ് പശ്ചാത്തലത്തില്‍ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ തിരഞ്ഞെടുപ്പ് ഏജന്റിനുപുറമെ ഒരു കൗണ്ടിങ് ഏജന്റിനെ മാത്രം വോട്ടെണ്ണലിന് ചുമതലപ്പെടുത്താം. ഓരോതലത്തിലെയും പോസ്റ്റല്‍ബാലറ്റുകള്‍ വരണാധികാരികള്‍ മാത്രേമേ തുറക്കാവൂ. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് ഓരോ തലത്തിലെയും സാധാരണ പോസ്റ്റല്‍ബാലറ്റുകളും സ്പെഷ്യല്‍ പോസ്റ്റല്‍ബാലറ്റുകളും അതത് വരണാധികാരികളാണ് എണ്ണേണ്ടത്. ജില്ലാപഞ്ചായത്തുകളിലെ മുഴുവന്‍ പോസ്റ്റല്‍ബാലറ്റുകളും ജില്ലാപഞ്ചായത്ത് വരണാധികാരിയുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ വേണം എണ്ണേണ്ടത്.
വരണാധികരിയുടെ നേതൃത്വത്തില്‍ ആവശ്യമെങ്കില്‍ ഒന്നിലധികം ടേബിളുകള്‍ ഇതിനായി സജ്ജമാക്കാം. വോട്ടെണ്ണല്‍ ആരംഭിച്ചതിനുശേഷം വരണാധികാരികള്‍ക്കു ലഭിക്കുന്ന കവറുകള്‍ ഒരു കാരണവശാലും തുറക്കാന്‍പാടില്ല.
അവയ്ക്കുപുറത്ത് സ്വീകരിച്ച സമയം രേഖപ്പെടുത്തി മറ്റു രേഖകള്‍ക്കൊപ്പം സുരക്ഷിതമായി സൂക്ഷിക്കണം. ആഹ്‌ളാദപ്രകടനങ്ങള്‍ കര്‍ശനമായ ചട്ടങ്ങള്‍ പാലിച്ചാണോയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം.