നിലമ്പൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഗുഹാവാസികളായ ചോലനായ്ക്കരില്‍നിന്ന് ആദ്യ ജനപ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടു. വഴിക്കടവ് വനമേഖലയിലെ ഉള്‍വനത്തിലുള്ള പുഞ്ചക്കൊല്ലി-അളക്കല്‍ ആദിവാസിക്കോളനിയില്‍നിന്നുള്ള സി. സുധീഷാണ് ജനപ്രതിനിധിയായത്.

നിലമ്പൂര്‍ ബ്‌ളോക്ക് പഞ്ചായത്തിലേക്ക് വഴിക്കടവ് ഡിവിഷനില്‍നിന്നാണ് 5435 വോട്ട് നേടി ഇദ്ദേഹം ജയിച്ചുകയറിയത്. സുധീഷ് നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്ന് പ്ലസ്ടു കഴിഞ്ഞതാണ്.

വഴിക്കടവ് അങ്ങാടിയില്‍നിന്ന് ഏഴുകിലോമീറ്റര്‍ ഉള്‍വനത്തിലെ ആനക്കാട്ടിലൂടെ സഞ്ചരിച്ചുവേണം പുഞ്ചക്കൊല്ലികോളനിയിലെത്താന്‍. അവിടെനിന്ന് വീണ്ടും അഞ്ചുകിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാലെ അളക്കല്‍ കോളനിയിലെത്തു. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ നാട്ടില്‍നിന്നുള്ളവര്‍ വനത്തിലെ കോളനിയിലെത്തി അംഗങ്ങളോട് വോട്ട് ചോദിക്കാറാണ് പതിവ്. എന്നാല്‍, ഇത്തവണ ഉള്‍വനത്തിലെ കോളനിയില്‍നിന്നുള്ള സുധീഷ് വനത്തില്‍നിന്ന് നാട്ടിലിറങ്ങിയാണ് വോട്ടഭ്യര്‍ഥന നടത്തിയത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായാണ് സുധീഷ് ജനവിധി തേടിയത്. ബ്‌ളോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ആറംഗങ്ങളാണുള്ളത്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദിവാസിക്ഷേമത്തിനായി പരമാവധി ശ്രമിക്കാനാണ് സുധീഷിന്റെ തീരുമാനം.

അതേസമയം കോളനിയില്‍നിന്ന് നിലമ്പൂര്‍ ബ്‌ളോക്ക് പഞ്ചായത്തിലെത്താന്‍ ഒരുഭാഗത്തേക്കുമാത്രം 25 കിലോമീറ്റര്‍ സഞ്ചരിക്കണം. അതും കാട്ടാനകള്‍ വിഹരിക്കുന്ന പുഞ്ചക്കൊല്ലി വനമേഖലയിലൂടെ. 2018-ലെ പ്രളയത്തെ തുടര്‍ന്ന് കോളനിയിലേക്കുള്ള വഴിയിലെ പുന്നപ്പുഴയിലെ പാലവും തകര്‍ന്നിരുന്നു.