ചേലേമ്പ്ര : പരമ്പരാഗത മുന്നണി സംവിധാനങ്ങളെ അട്ടിമറിച്ച് കഴിഞ്ഞതവണ പഞ്ചായത്തുഭരണം പിടിച്ച ജനകീയമുന്നണിയും യു.ഡി.എഫും തമ്മിലാണ് ചേലേമ്പ്രയിൽ ഇത്തവണയും പോരാട്ടം.

വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ നഷ്ടമായ ഏക പഞ്ചായത്ത് തിരികെ പിടിക്കാൻ യു.ഡി.എഫും. ജനകീയമുന്നണി സംവിധാനത്തിലൂടെ ഭരണം തുടരാൻ എൽ.ഡി.എഫും കളത്തിലിറങ്ങിക്കഴിഞ്ഞു.

അഞ്ച് വർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് വോട്ട് തേടാൻ തന്നെയാണ് ജനകീയ മുന്നണിയുടെ തീരുമാനം. വികസനത്തിൽ വികലതകളും സ്വജനപക്ഷപാതവും ആരോപിച്ച് യു.ഡി.എഫും പ്രചാരണരംഗത്തുണ്ട്.

ആകെയുള്ള 18 വാർഡുകളിൽ നിലവിൽ പത്തെണ്ണം ജനകീയ മുന്നണിയുടെ കൈയിലാണ്. ആറെണ്ണം യു.ഡി.എഫും രണ്ടെണ്ണം ബി.ജെ.പിയും നേടി. കഴിഞ്ഞ തവണ വിട്ടുപോയ പലരും തിരികെയെത്തിയതോടെ കെട്ടുറപ്പുള്ള പ്രകടനത്തിന് മുന്നണി തയ്യാറായെന്ന് യു.ഡി.എഫ്. ചെയർമാൻ കെ.പി. ദേവദാസ് പറഞ്ഞു. ജനകീയമുന്നണി ചെയർമാനായിരുന്ന കെ.പി. പോൾ തിരിച്ചെത്തിയവരിൽ പ്രമുഖനാണ്. ഓരോ സ്വതന്ത്രന്മാർ ഉൾപ്പെടെ 11 സീറ്റുകൾ മുസ്‌ലിംലീഗിനും ഏഴ് സീറ്റ് കോൺഗ്രസിനുമായാണ് വീതം വെച്ചിരിക്കുന്നത്. സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണം തുടങ്ങിക്കഴിഞ്ഞുവെന്ന് യു.ഡി.എഫ്. ഭാരവാഹികൾ പറഞ്ഞു.

എൽ.ഡി.എഫ്. നേതൃത്വത്തിലുള്ള ജനകീയ മുന്നണിയിൽ ഘടകക്ഷി അംഗങ്ങളും സ്വതന്ത്രരും മത്സരത്തിനിറങ്ങും. എല്ലാവാർഡുകളിലേക്കും സ്ഥാനാർഥികളെ നിശ്ചയിക്കുകയും ആദ്യവട്ട പ്രചാരണം പൂർത്തിയാക്കുകയും ചെയ്തെന്ന് ജനകീയ മുന്നണി നേതാക്കൾ പറഞ്ഞു.

കഴിഞ്ഞവർഷം ഇടഞ്ഞുനിന്ന സി.പി.ഐ. ഇത്തവണ തിരികെയെത്തിയത് ഇവർ നേട്ടമായി കരുതുന്നു. നിലവിൽ രണ്ടംഗങ്ങളുള്ള ബി.ജെ.പി. കൂടുതൽ വാർഡ് പിടിക്കാനും വോട്ടുവിഹിതം വർധിപ്പിക്കാനും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

ചേലേമ്പ്ര ഉറ്റുനോക്കുന്ന മത്സരം പതിനേഴാം വാർഡിലാണ്. വികസന നായകനായി ജനകീയ മുന്നണി ഉയർത്തിക്കാട്ടുന്ന നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷും ഒൻപതാം വാർഡിൽനിന്നുള്ള നിലവിലെ ലീഗംഗം ഇക്ബാൽ പൈങ്ങോട്ടൂരം തമ്മിലാണ് പോരാട്ടം.