നിലമ്പൂര്‍: സ്ഥാനാര്‍ഥി മാറിയില്ല, പക്ഷേ ചിഹ്നം മാറി. ചാലിയാര്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ സംവരണവാര്‍ഡായ ആനപ്പാറയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയന്‍ കാരേരിക്കാണ് ഈ അനുഭവം. യു.ഡി.എഫ്. ധാരണപ്രകാരം ആനപ്പാറ വാര്‍ഡ് മുസ്ലിംലീഗിനായിരുന്നു. അവരവിടെ സ്ഥാനാര്‍ഥിയായി വിജയന്‍ കാരേരിയെ തീരുമാനിച്ചു.

വിജയനുവേണ്ടി കോണി ചിഹ്നത്തിലുള്ള പോസ്റ്ററുകള്‍ തയ്യാറാക്കി വാര്‍ഡിന്റെ വിവിധ സ്ഥലങ്ങളില്‍ പതിച്ചു. പിന്നീടാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്തുകൊണ്ടുള്ള തീരുമാനം വന്നത്. കോണ്‍ഗ്രസിന് ചാലിയാറില്‍ മറ്റെവിടേയും പട്ടികവര്‍ഗ സ്ഥാനാര്‍ഥിയില്ല.

ആനപ്പാറയില്‍ ജയിക്കുന്നവരാകും പഞ്ചായത്തിന്റെ പ്രസിഡന്റ്. ലീഗിന്റെ ചിഹ്നത്തില്‍ മത്സരിച്ചാല്‍ മറ്റ് വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് അത് ക്ഷീണമാകുമെന്ന് കണ്ടതോെട കോണ്‍ഗ്രസ് ആവശ്യപ്രകാരം വിജയനെ യു.ഡി.എഫ്. സ്വതന്ത്രനായി മാറ്റുകയായിരുന്നു. അങ്ങനെ ചിഹ്നവും മാറി.