കാളികാവ്: പ്രചാരണത്തില്‍ ചിഹ്നങ്ങളേക്കാള്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ക്കാണ് പലരും പ്രാധാന്യം കൊടുക്കുന്നത്. ചിത്രങ്ങള്‍ കണ്ടാല്‍ എല്ലാവരും മൊഞ്ചന്‍മാരും മൊഞ്ചത്തികളുമാണ്. നേരില്‍ കണ്ടാലാണെങ്കില്‍ പല സ്ഥാനാര്‍ഥികളെയും വോട്ടര്‍മാര്‍ക്ക് മനസ്സിലാകുന്നുമില്ല.

ഫോട്ടോഷോപ്പില്‍ മുങ്ങിനിവര്‍ന്നിട്ടാണ് പല ചിത്രങ്ങളും പുറത്തുവരുന്നത്. മിക്കവരും സിനിമാതാരങ്ങളെപ്പോലിരിക്കും. 'നേരില്‍ കാണുമ്പോഴെന്താ ഇങ്ങനെ, വല്ലാതെ ക്ഷീണിച്ചിട്ടുണ്ടല്ലോ' എന്ന കമന്റുകള്‍ക്ക് 'വിശ്രമമില്ലാത്ത പ്രചാരണമല്ലേ..' എന്നാണ് പലരുടെയും മറുപടി.

കാളികാവ് പോലീസ്സ്റ്റേഷന്‍ പരിധിയിലെ ഒരു വാര്‍ഡില്‍ പോലീസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍പ്പോലും ചിത്രം ആശയക്കുഴപ്പമുണ്ടാക്കി. വാര്‍ഡ്തലത്തില്‍ രാഷ്ട്രീയപ്രശ്‌നങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കാനായി സ്ഥാനാര്‍ഥികള്‍ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് പോലീസ് യോഗങ്ങള്‍ നടത്തുന്നുണ്ട്.

വാര്‍ഡിലെ യോഗത്തിന് രാഷ്ട്രീയപ്പാര്‍ട്ടി പ്രസിനിധികളും സ്ഥാനാര്‍ഥികളും എത്തിയെങ്കിലും യോഗം തുടങ്ങാന്‍ പോലീസ് തയ്യാറായില്ല.

പ്രധാന മുന്നണിയിലെ സ്ഥാനാര്‍ഥി എത്തിയിട്ട് തുടങ്ങാം എന്നായിരുന്നു പോലീസിന്റെ നിലപാട്. എല്ലാവരും എത്തിയിട്ടുണ്ടെന്ന് യോഗത്തിനെത്തിയവര്‍ പറഞ്ഞെങ്കിലും പോലീസിന് ഒടുവിലാണ് ഫോട്ടോഷോപ്പ് പറ്റിച്ച പണി ബോധ്യപ്പെട്ടത്.സ്ഥാനാര്‍ഥികളെല്ലാം വളരെ മുന്‍പുതന്നെ എത്തിയിരുന്നു. പ്രചാരണബോര്‍ഡിലെ സ്ഥാനാര്‍ഥിയുടെ ചിത്രവും മുന്നിലിരിക്കുന്നവരുടെ രൂപവും തമ്മില്‍ യോജിക്കാത്തതാണ് പോലീസിനെ കുഴക്കിയത്. വോട്ടര്‍മാര്‍ക്കു മാത്രമല്ല പോലീസിനും ആശയക്കുഴപ്പമുണ്ടെന്ന് ചുരുക്കം.