കരുവാരക്കുണ്ട്: 42 വര്‍ഷമായി പോസ്റ്റ്മാനായി സേവനംചെയ്തയാള്‍ക്ക് തിരഞ്ഞെടുപ്പുചിഹ്നമായി ലഭിച്ചത് തപാല്‍പെട്ടി. കല്‍ക്കുണ്ടിലെ കണങ്ങംപതിയില്‍ മാത്യൂസ് (60) ആണ് കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്തില്‍ ഏഴാംവാര്‍ഡായ കല്‍ക്കുണ്ടില്‍ തപാല്‍പെട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്.
ത്രികോണമത്സരമുള്ള വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. 32 വര്‍ഷം കല്‍ക്കുണ്ട് പോസ്റ്റോഫീസിലും പത്തുവര്‍ഷം പാണ്ടിക്കാട് പോസ്റ്റോഫീസിലും പോസ്റ്റ്മാനായി ജോലിചെയ്തു. 2020 മേയ് മാസത്തിലാണ് ജോലിയില്‍നിന്ന് വിരമിച്ചത്. 42 വര്‍ഷത്തെ ജനങ്ങളുമായുള്ള അടുപ്പമാണ് തപാല്‍പെട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ പ്രചോദനമായതെന്ന് മാത്യൂസ് പറയുന്നു.
യു.ഡി.എഫിലെ ഉപ്പുമാക്കല്‍ ബെന്നിയും എല്‍.ഡി.എഫിലെ ഷിനാ ജില്‍സും ബി.ജെ.പിയിലെ അജിത്ത് കല്‍ക്കുണ്ടുമാണ് എതിര്‍സ്ഥാനാര്‍ഥികള്‍.