മലപ്പുറം:ഇതുവരെ കാണാത്ത ആവേശത്തിലാണ് എന്‍.ഡി.എ. ക്യാമ്പ്. അങ്കം ജയിച്ചു കപ്പുമായിവരുന്ന ടീമംഗങ്ങളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. പേരിനുകളിക്കാനല്ല, ജയിച്ചുവരാനാണ് ഇത്തവണ കളത്തിലിറങ്ങിയതെന്നാണ് ബി.ജെ.പി. ജില്ലാപ്രസിഡന്റ് രവി തേലത്തിന്റെ വാക്കുകള്‍. പ്രതീക്ഷകളും തന്ത്രങ്ങളും അദ്ദേഹം പങ്കുവെക്കുന്നു.
എന്താണ് ബി.ജെ.പിയുടെ പ്രതീക്ഷകള്‍ ?
നിറഞ്ഞ പ്രതീക്ഷയിലാണ് ബി.ജെ.പി. ഞങ്ങളുടെ ആദ്യ ലക്ഷ്യം താനൂര്‍ നഗരസഭാഭരണം പിടിക്കുക എന്നതാണ്. ചില പഞ്ചായത്തുകളും ലക്ഷ്യമിട്ടിട്ടുണ്ട്. മൂന്നിടത്തു ഞങ്ങള്‍ ഭരണകക്ഷിയാകും. കോട്ടയ്ക്കല്‍, വള്ളിക്കുന്ന്, കൊണ്ടോട്ടി, തവനൂര്‍, പൊന്നാനി എന്നിവിടങ്ങളിലായി 10 ബ്ലോക്ക് ഡിവിഷനുകള്‍ പിടിച്ചെടുക്കും.
മറ്റൊന്ന് ജില്ലാപഞ്ചായത്തില്‍ അക്കൗണ്ട് തുറക്കും എന്നതാണ്. പത്തിലധികം പഞ്ചായത്തുകളില്‍ പ്രതിപക്ഷസ്ഥാനത്തും എന്‍.ഡി.എ. ഉണ്ടാകും. നിര്‍ണായകശക്തിയായി മാറാന്‍ മുപ്പതിലധികം സ്ഥാപനങ്ങളിലും കഴിയും. നൂറിലധികം തദ്ദേശ സ്ഥാപനങ്ങളില്‍ ജനപ്രതിനിധിയുണ്ടാകും, തീര്‍ച്ച.
ഈ ഉറച്ച വിശ്വാസത്തിനുകാരണം?
പ്രധാനമായും രാഷ്ട്രീയകാലാവസ്ഥ അനുകൂലമാണ്. ഭരണവിരുദ്ധ തരംഗമില്ലാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ഇത് ഇന്ത്യ ഒന്നാകെയുള്ള തരംഗമാണ്. അതു കേരളത്തിലും അലയടിക്കും. പ്രധാനമന്ത്രി മുദ്രാവായ്പ ഏറ്റവുംകൂടുതല്‍ നല്‍കിയത് ജില്ലാടിസ്ഥാനത്തില്‍ മലപ്പുറത്താണ്.
സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള അഴിമതിയാരോപണവും ജമാഅത്തെ ഇസ്ലാമിയുമായുള്ള കോണ്‍ഗ്രസ് ഐക്യവും രണ്ടുമുന്നണികള്‍ക്കും തിരിച്ചടിയാകും. അതിന്റെ ഗുണവും ബി.ജെ.പിക്കായിരിക്കും.
മലപ്പുറം നഗരസഭയില്‍ ഏഴും കോട്ടയ്ക്കലില്‍ 13-ഉം സ്ഥാനാര്‍ഥികളേയുള്ളൂ, കാരണം ?
ബി.ജെ.പിക്ക് മലപ്പുറത്തുള്ള പ്രധാന പരിമിതി മുസ്ലിം ന്യൂനപക്ഷം കൂടുതലുള്ള മേഖലയില്‍ സംഘടനാസംവിധാനമില്ല എന്നതാണ്. കോട്ടയ്ക്കലില്‍ പാര്‍ട്ടി സംവിധാനമില്ലാത്ത നിരവധി സ്ഥലങ്ങളുണ്ട്. എങ്കിലും കഴിഞ്ഞതവണത്തേക്കാള്‍ 30-35 ശതമാനം സ്ഥാനാര്‍ഥികള്‍ അധികമാണിപ്പോള്‍.
ന്യൂനപക്ഷങ്ങളുടെ പിന്തുണ എത്രത്തോളമുണ്ടാകും?
മുന്‍കാലങ്ങളില്‍ ന്യൂനപക്ഷപിന്തുണ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. പൗരത്വനിയമ ഭേദഗതി സമരം ശക്തമായ സമയത്ത് ബി.ജെ.പിക്ക് ന്യൂനപക്ഷപിന്തുണ കിട്ടില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറഞ്ഞത്. അവിടെനിന്നാണ് ധാരാളം മുസ്ലിംസ്ത്രീകള്‍ സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണെന്നു നേതൃത്വത്തോട് അറിയിച്ചത്. മോദി സര്‍ക്കാരിന് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ തെളിവാണിത്.
ബി.ഡി.ജെ.എസ്. ബന്ധം എത്രത്തോളം ഗുണംചെയ്യും?
ബി.ജെ.പിയുടെ പരമ്പരാഗത സ്വാധീനത്തിനപ്പുറമുള്ള വളര്‍ച്ചയുണ്ടാക്കാന്‍ ബി.ഡി.ജെ.എസിലൂടെ സാധിക്കും. ചെറിയ വോട്ടിനു നഷ്ടമാകുന്ന വാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ ഈ സഖ്യം ഗുണംചെയ്യും.
ജില്ലാപ്രസിഡന്റായ താങ്കളടക്കം മത്സരിക്കുന്നതിനു പിന്നില്‍?
ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. മത്സരത്തെ ഗൗരവമായിക്കണ്ടാണ് മുതിര്‍ന്ന നേതാക്കള്‍ പോരാടുന്നത്. വിജയിക്കാന്‍ തന്നെയുള്ള പോരാട്ടമാണിതെന്നു പൊതുസമൂഹത്തെ കാണിച്ചുകൊടുക്കുകയാണ് ഇതിലൂടെ.
യുവാക്കള്‍ക്ക് സ്ഥാനാര്‍ഥിപ്പട്ടികയില്‍ നല്‍കിയ പ്രാധാന്യം?
വലിയ പ്രാധാന്യമാണ് നല്‍കിയത്. പട്ടിക പരിശോധിച്ചാല്‍ ഒരുകാര്യം മനസ്സിലാകും, ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളാണ് ഏറ്റവും പ്രായംകുറഞ്ഞവര്‍. പൊതുവേ, നേതൃത്വത്തിന്റെ ചുമതല യുവാക്കള്‍ക്കാണ്. എല്ലാവര്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കിയാണ് പട്ടിക തയ്യാറാക്കിയത്.