മലപ്പുറം: നന്ദനം സിനിമയിലെ ഒരേസമയം രണ്ടിടത്ത് കാണുന്ന ജഗതി കഥാപാത്രം കുമ്പിടിയെപ്പോലെയാണ് തിരൂര്‍ക്കാട് മുസ്ലിയാരകം വീട്ടില്‍ ടി. ബീനയിപ്പോള്‍. ജില്ലാപഞ്ചായത്ത് അങ്ങാടിപ്പുറം ഡിവിഷനില്‍ ചെന്നാല്‍ സ്ഥാനാര്‍ഥിയായി ബീനയെ കാണാം. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ തിരൂര്‍ക്കാട് ഡിവിഷനിലും സ്ഥാനാര്‍ഥി ബീന നിറഞ്ഞുനില്‍ക്കുന്നു. സംശയിക്കേണ്ട, സംഗതി ഒരാള്‍തന്നെ. രണ്ടിടത്തും ഫാനാണ് ചിഹ്നം.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം പ്രവര്‍ത്തകരാണ് ബീനയും ഭര്‍ത്താവ് അഡ്വ. അന്‍വര്‍ ഷക്കീല്‍ ഒമറും. രണ്ടിടത്ത് മത്സരിക്കുന്നതിന്റെ കാരണം തിരക്കിയാല്‍ ബീനയുടെ മറുപടി ഇങ്ങനെ: 'ഇടത് വിമതസ്ഥാനാര്‍ഥിയാണ് ഞാന്‍. കേരള കോണ്‍ഗ്രസിന് എല്‍.ഡി.എഫ്. സീറ്റ് നിഷേധിച്ചതിലുള്ള അമര്‍ഷമാണ് രണ്ടിടത്തും മത്സരിക്കാന്‍ കാരണം.'
ബീനയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുമുണ്ട് വ്യത്യസ്തത. ബൂത്തിലെത്തുംവരെ വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥിയുടെ മുഖം കാണാന്‍പറ്റില്ല. മാസ്‌ക് ധരിച്ച ചിത്രങ്ങളാണ് പോസ്റ്ററുകളിലെങ്ങും. 'മാറ്റത്തിന് രണ്ടുവോട്ട്' എന്നാണ് തലവാചകം.
മുഖം കാണാത്ത സ്ഥാനാര്‍ഥിക്ക് വോട്ടുകിട്ടുമോയെന്ന ചോദ്യത്തിനും ഉത്തരമുണ്ട്: 'മുഖത്തിനല്ല, ആശയങ്ങള്‍ക്കാണ് ഞാന്‍ വോട്ടുചോദിക്കുന്നത്.' എം.എസ്.സി ബോട്ടണിയും ബി.എഡും പൂര്‍ത്തിയാക്കിയ ബീന അധ്യാപികയായിരുന്നു. സാമൂഹിക പ്രവര്‍ത്തനമാണ് ഇഷ്ടമേഖല. കേരള കോണ്‍ഗ്രസ് മങ്കട മണ്ഡലംപ്രസിഡന്റായ ബീനയുടെ ഭര്‍ത്താവ് അന്‍വര്‍ ഷക്കീല്‍ ഒമര്‍ 2016-ല്‍ നിയമസഭയിലേക്ക് രണ്ടിടത്ത് സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്.
പെരിന്തല്‍മണ്ണയിലും മങ്കടയിലും. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലേക്കും മലപ്പുറത്തേക്കും പത്രിക കൊടുത്തെങ്കിലും പൊന്നാനിയിലേത് തള്ളിപ്പോയി. 2004-ല്‍ മഞ്ചേരിയില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് പതിനായിരത്തോളം വോട്ടു പിടിച്ചിട്ടുണ്ട്.