താനൂര്‍: അഭിമന്യുവെന്ന പേരാണ് യുവസ്ഥാനാര്‍ഥിയുടെ വലിയ വിശേഷണം. വോട്ടുചോദിക്കാന്‍ പോകുന്ന കൂടെയുള്ളവര്‍ക്കും ആവേശം പകരുകയാണ് മഹാരാജാസില്‍ പൊലിഞ്ഞ ഈ പേര്.

പരീക്ഷാചൂടിനിടയിലാണ് താനൂര്‍ നഗരസഭയിലെ പതിനഞ്ചാം ഡിവിഷന്‍ രായിരിമംഗലം വെസ്റ്റില്‍നിന്ന് എല്‍.ഡി.എഫ്. സ്വതന്ത്രനായി ജനവിധി തേടുന്ന അഭിമന്യുവിന്റെ പ്രചാരണം.

കോഴിക്കോട് നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഐ.ഒ.ടി. സ്മാര്‍ട്ട് ഹെല്‍ത്ത് കെയര്‍ വിദ്യാര്‍ഥിയാണ് അഭിമന്യു.

ബുധനാഴ്ച തുടങ്ങുന്ന പരീക്ഷകള്‍ക്കുള്ള പഠനം നടക്കുന്നതിനിടയില്‍ രാവിലെ ഏഴുമുതല്‍ 8.30 വരെയും ഉച്ചയ്ക്ക് ശേഷവും സമയം കണ്ടെത്തിയാണ് വോട്ട് ചോദിച്ചിറങ്ങുന്നത്. പ്രചാരണത്തിനു ശേഷം രാത്രി പഠിക്കാനുമിരിക്കും ഈ സ്ഥാനാര്‍ഥി.

താനൂര്‍ നഗരസഭയിലേക്ക് മത്സരിക്കുന്നവരില്‍ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയാണ് അഭിമന്യു. 21 വയസ്സും എട്ടുമാസവുമാണ് പ്രായം. യുവാവെന്ന നിലയില്‍ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും വിജയിക്കുമെന്നും അഭിമന്യു പറയുന്നു.

തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദംനേടിയതിനു ശേഷമാണ് ന്യൂജന്‍ കോഴ്‌സായ ഐ.ഒ.ടി. സ്മാര്‍ട്ട് ഹെല്‍ത്ത് കെയര്‍ പഠിക്കുന്നത്.

കോട്ടപ്പറമ്പില്‍ സുകുമാരന്റെയും അംബികയുടെയും മകനാണ്. സഹോദരങ്ങളായ അംബരീഷ്, അശ്വനി എന്നിവരും വിജയത്തിനായി പ്രചാരണത്തിലാണ്.