എടപ്പാൾ : സംശയത്തിന്റെ മുൾമുനകളും വിവാദങ്ങളും ഉയർന്നപ്പോഴും മന്ത്രി കെ.ടി. ജലീലിന്റെ മണ്ഡലത്തിൽ ഇടതിന് പതിനായിരത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷം.

വിവിധ പഞ്ചായത്തുകളിലെ വാർഡുകളിൽ വിജയിച്ച ഇടതുസ്ഥാനാർഥികളുടെ വോട്ടുകൾ കൂട്ടുമ്പോൾ 10,045 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതുപക്ഷത്തിനു ലഭിച്ചത്.

തവനൂർ നിയോജകമണ്ഡലത്തിലുൾപ്പെട്ട, ജില്ലാപഞ്ചായത്തിലെ എടപ്പാൾ ഡിവിഷനിലുള്ള എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ വിജയികളുടെ വോട്ടുകളിൽ 5032 വോട്ടിന്റെ മുൻതൂക്കമാണ് ഇടതുപക്ഷത്തിനുള്ളത്. ജില്ലാപഞ്ചായത്തിലെ ചങ്ങരംകുളം ഡിവിഷനിൽപ്പെട്ട വട്ടംകുളത്തെ 9, 10, 13, 15, 17 വാർഡുകളിൽ 317 വോട്ടിന്റെ മുൻതൂക്കവുമുണ്ട്.

തിരുനാവായ ഡിവിഷനിലുൾപ്പെട്ട തവനൂർ, തൃപ്രങ്ങോട്, മംഗലം പഞ്ചായത്തുകളിലെ 33 വാർഡുകളിലായി 2743 വോട്ടിന്റെ മുൻതൂക്കം എൽ.ഡി.എഫിനുണ്ട്.

മംഗലം ഡിവിഷനിലെ മംഗലം ശേഷിക്കുന്ന 16 വാർഡുകളിലും പുറത്തൂരിലെ 19 വാർഡുകളിലുമായി 1963 വോട്ടിന്റെ മുൻതൂക്കമാണുള്ളത്.

ഇതെല്ലാംകൂടിയാൽ 10,045 വോട്ടിന്റെ മുൻതൂക്കമായി. ഇതു മന്ത്രിക്കും ഇടതുപക്ഷത്തിനും നൽകിയത് വലിയ ആത്മവിശ്വാസമാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 17,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.ടി. ജലീൽ ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.

നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴായിരത്തോളം വോട്ടുകൾ കുറഞ്ഞതാണ് യു.ഡി.എഫ്. കേന്ദ്രങ്ങളുടെ ആശ്വാസം.

ആ 7000 വോട്ടുകൾ തനിക്കുമാത്രമായ വോട്ടുകളാണെന്നും ഇനിയും താൻ മത്സരിച്ചാൽ അവ തനിക്കുതന്നെ ലഭിക്കുമെന്നുമാണ് ഇതിന് മന്ത്രിയുടെ വിശദീകരണം.