കോട്ടയം: കോട്ടയം,ഇടുക്കി,പത്തനംതിട്ട.., തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജോസ് കെ മാണി മുന്നണി മാറ്റി ചവിട്ടിയപ്പോള്‍ തകര്‍ന്നടിഞ്ഞത് യുഡിഎഫിന്റ മൂന്ന് കോട്ടകളാണ്. പതിറ്റാണ്ടുകളായി യുഡിഎഫിന്റെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം എല്‍ഡിഎഫിനൊപ്പം ചുവടുമാറ്റിയപ്പോള്‍ ശക്തികേന്ദ്രങ്ങളും യുഡിഎഫിനെ കൈവിട്ടു. ആ തോരോട്ടത്തില്‍ പാലായും പുതുപ്പള്ളിയും പത്തനംതിട്ട, കോട്ടയം ജില്ലാ പഞ്ചായത്തുകളും തകര്‍ന്നടിഞ്ഞു. ഇടുക്കിയിലും വലതുമുന്നണി ആടി ഉലഞ്ഞപ്പോള്‍ ജോസിനെ കൂടെ കൂട്ടിയ ഇടതുമുന്നണി നേട്ടം കൊയ്തു. ജോസാണോ ജോസഫാണോ എന്ന് കേരളം ചോദിച്ചപ്പോള്‍ കോട്ടയവും പത്തനംതിട്ടയും ഇടുക്കിയും ഉത്തരം തന്നു. കെ.എം മാണിയുടെ മകന്‍ ജോസ് കെ മാണിയാണ് ശക്തന്‍. രണ്ടിലയ്ക്കാണ് ശക്തി.
കോട്ടയത്തെ കോട്ടകള്‍ തകര്‍ത്ത് ജോസ് കെ മാണി
കോട്ടയം എന്നും യുഡിഎഫിന്റെ മണ്ണാണ്. ഉമ്മന്‍ ചാണ്ടിയും കെ.എം മാണിയും പോലുള്ള യുഡിഎഫിന്റെ പ്രബല നേതാക്കന്‍മാരുടെ മണ്ണ്. ആ കോട്ടയം ഇന്ന് ചരിത്രത്തിലാദ്യമായി ചുവന്നു. ജോസ് കെ മാണിയെ കൂടെ കൂട്ടിയതോടെ ജില്ലാ പഞ്ചായത്ത് ഇടത്തേക്ക് ചെരിഞ്ഞു. ബ്ലോക്ക് പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും യുഡിഎഫിനെ കൈവിട്ടു.
ജോസ്- ജോസഫ് ബലാബലം പരീക്ഷിച്ച ജില്ലാ പഞ്ചായത്തില്‍ ജോസ് മിന്നുന്ന ജയമാണ് കാഴ്ചവെച്ചത്. മത്സരിച്ച ഒന്‍പത് സീറ്റില്‍ ഏഴിലും ജോസ് കെ മാണി വിഭാഗം വ്യക്തമായ ആധിപത്യം പുലര്‍ത്തി. അതേസമയം പൂഞ്ഞാറില്‍ മൂന്ന് മുന്നണിയെയും തോല്‍പ്പിച്ച് ജനപക്ഷത്തിന് വേണ്ടി ഷോണ്‍ ജോര്‍ജ് ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചു കയറി.
2015ല്‍ യുഡിഎഫ് 48 പഞ്ചായത്തില്‍ ജയിച്ചപ്പോള്‍ എല്‍ഡിഎഫിന് ജയിക്കാനായത് 21 ഇടങ്ങളില്‍ മാത്രമായിരുന്നു. എന്നാല്‍ ജോസിനെ കൂടെ കൂട്ടിയപ്പോള്‍ 21 സീറ്റ് 40 ആയി. യുഡിഎഫിന്റെ 48 സീറ്റ് 23 ആയി. ഒരിക്കലും വഴങ്ങാതിരുന്ന പഞ്ചായത്തുകള്‍ പോലും ചുവന്നു.കോട്ടയത്ത് ബിജെപി മൂന്നിടങ്ങളിലും സ്വതന്ത്രര്‍ അഞ്ച് പഞ്ചായത്തിലും ജയിച്ചു.
ബ്ലോക്ക് പഞ്ചായത്തില്‍ ഒന്‍പത് ഇടങ്ങളില്‍ എല്‍ഡിഎഫും രണ്ട് ഇടങ്ങളില്‍ യുഡിഎഫും വിജയിച്ചു. 2015ല്‍ എട്ടിടങ്ങളില്‍ ജയിച്ച യുഡിഎഫാണ് രണ്ട് ഇടങ്ങളിലേക്ക് ചുരുങ്ങിയത്. എല്‍ഡിഎഫ് ആകട്ടെ മൂന്നില്‍ നിന്ന് ഒന്‍പതിലേക്ക് വളര്‍ന്നു.
മുന്‍സിപ്പാലിറ്റിയിലെ ആറില്‍ അഞ്ചും തൂത്തുവാരിയാണ് 2015ല്‍ യുഡിഎഫ് ജയിച്ചതെങ്കില്‍ ഇത്തവണ മൂന്നിടത്തെ വിജയിക്കാനായുള്ളു. ഫലങ്ങള്‍ കീഴ്‌മേല്‍ മറിയുമ്പോള്‍ അതിന്റെ ഒറ്റ കാരണമെയുള്ളു ജോസ് കെ മാണി. ജോസഫ് നിഷ്പ്രഭമായ മത്സരത്തില്‍ ജോസ് കത്തിക്കയറി. ഒപ്പം അപ്രതീക്ഷിത ജയത്തോടെ എല്‍ഡിഎഫും
പത്തനംതിട്ടയിലും രണ്ടില തണലില്‍ നേട്ടം കൊയ്ത് എല്‍.ഡി.എഫ്.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ കടന്നുവരവ് ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് നേട്ടമായി. ജില്ലാ പഞ്ചായത്തില്‍ ജോസ്-ജോസഫ് വിഭാഗങ്ങള്‍ നേരിട്ട് ഏറ്റുമുട്ടിയ രണ്ട് ഡിവിഷനുകളിലും എല്‍.ഡി.എഫിനാണ് മുന്നേറ്റം. റാന്നി ഡിവിഷനില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി ജോര്‍ജ് എബ്രഹാം ഇലഞ്ഞിക്കലിനാണ് ലീഡ്. ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി എബിന്‍ തോമസ് കൈതവന ഇവിടെ രണ്ടാംസ്ഥാനത്താണ്. കോണ്‍ഗ്രസ് വിമതനായ തോമസ് മാത്യു എന്ന ബെന്നി പുത്തന്‍പറമ്പിലും റാന്നി ഡിവിഷനില്‍ കാര്യമായ വോട്ട് പിടിച്ചിട്ടുണ്ട്. പുളിക്കീഴ് ഡിവിഷനിലും ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി അന്നമ്മ പി. ജോസഫാണ് മുന്നിട്ടുനില്‍ക്കുന്നത്. ജോസഫ് വിഭാഗത്തിന്റെ ബിന്ദു ജെ. വൈക്കത്തുശേരിയാണ് ഇവിടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി. ജില്ലാ പഞ്ചായത്തില്‍ 11 ഇടത്ത് ലീഡ് നേടിയാണ് എല്‍.ഡി.എഫ് മുന്നേറുന്നത്. ഏറെക്കാലമായി എല്‍.ഡി.എഫിന് ബാലികേറാമലയായിരുന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ജോസ് വിഭാഗത്തിന്റെ സാന്നിധ്യമാണ് മുതല്‍ക്കൂട്ടായത്. പലയിടത്തും യു.ഡി.എഫിനെ ദുര്‍ബലമാക്കാന്‍ ജോസ് വിഭാഗത്തിന്റെ വോട്ടുകള്‍ സഹായിച്ചു.
തിരുവല്ല നഗരസഭയിലും ജോസ് വിഭാഗത്തിന്റെ കടന്നുവരവ് ഇടതുമുന്നണിയുടെ കുതിപ്പിന് സഹായമായി. ജോസ്-ജോസഫ് വിഭാഗങ്ങള്‍ ഏറ്റുമുട്ടിയ വാര്‍ഡുകളില്‍ ജോസ് വിഭാഗത്തിനാണ് മേല്‍ക്കൈ. പത്തനംതിട്ട നഗരസഭയിലും ഇത്തവണ എല്‍.ഡി.എഫ്. മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കോട്ടയം ജില്ലയോട് ചേര്‍ന്ന മേഖലകളിലും എല്‍.ഡി.എഫ്. മുന്നേറ്റത്തിന് ജോസ് വിഭാഗം തുണയേകി.
തൊടുപുഴയില്‍ കാലിടറി ജോസഫ്, ഇടതിനെ മുന്നേറാന്‍ സഹായിച്ച് ജോസ്
കേരള കോണ്‍ഗ്രസ് എമ്മിന്റെ പിളര്‍പ്പ് ഇടുക്കിയിലെ ജനവിധിയെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കിയ പോരാട്ടമായിരുന്നു ഇത്തവണത്തേത്. ഇരു കൂട്ടര്‍ക്കും കരുത്തു തെളിയിക്കല്‍ അനിവാര്യമായ മത്സരം.
എന്നാല്‍ കട്ടപ്പന നഗരസഭയില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനും തൊടുപുഴ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും കാലിടറിയ കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം കാണിച്ചു തന്നത്.
അതേസമയം ജോസിന്റെ വരവ് ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ മുന്നേറാന്‍ എല്‍.ഡി.എഫിന് ഗുണം ചെയ്തുവെന്നു വേണം കണക്കാക്കാന്‍. നിലവില്‍ ജില്ല പഞ്ചായത്തില്‍ ഭരണം യു.ഡി.എഫിനാണ്. ഇത് തിരിച്ചുപിടിക്കാന്‍ ജോസിന്റെ സാന്നിധ്യം സഹായകമായി.
കട്ടപ്പന നഗരസഭയില്‍ ആകെ 13 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മത്സരിച്ചത്. ഇതിലൊരിടത്തും ജോസ് പക്ഷത്തിന് വിജയിക്കാനായില്ല. അതേസമയം, തട്ടകമായ തൊടുപുഴയില്‍ പി.ജെ. ജോസഫിന് കാലിടറി. ആകെ ഏഴ് സീറ്റില്‍ മത്സരിച്ചപ്പോള്‍ വെറും രണ്ടിടത്തു മാത്രമാണ് ജോസഫ് പക്ഷത്തിന് വിജയിക്കാനായത്. തൊടുപുഴ നഗരസഭയയില്‍ രണ്ടു സീറ്റുകളില്‍ വീതം ജോസ്, ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. തൊടുപുഴ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണും നിലവില്‍ ജോസ് കെ മാണി പക്ഷത്തിനും ഒപ്പമുള്ള പ്രൊഫ. ജെസി ആന്റണി ജോസഫ് വിഭാഗത്തിലെ മെജോ കുര്യാക്കോസിനെ പരാജയപ്പെടുത്തി.
പി.ജെ. ജോസഫിന്റെ വീട് സ്ഥിതി ചെയ്യുന്ന പുറപ്പുഴ പഞ്ചായത്തില്‍ യു.ഡി.എഫ് വിജയം നേടി.
Content Highlight: LDF wins kottayam Idukki and Pathanamthitta | Local Body Election