കോഴിക്കോട്: യു.ഡി.എഫിനേയും-കോണ്‍ഗ്രസിനേയും തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ പിടിച്ചുലച്ച വെല്‍ഫെയര്‍ നീക്ക് പോക്ക് കോഴിക്കോട് ജില്ലയില്‍ യു.ഡി.എഫിന് വലിയ ഗുണമുണ്ടാക്കിയില്ല. ഏവരും ഉറ്റുനോക്കിയ മുക്കം മുനിസിപ്പാലിറ്റിയില്‍ വെല്‍ഫെയറിനൊപ്പം ചേര്‍ന്ന് മത്സരിച്ച മൂന്ന് സീറ്റിലും വിജയിച്ചുവെങ്കിലും അത് മുക്കത്തെ ഇടത് കുത്തക അട്ടിമറിക്കാനായുള്ള ശക്തമായ മറു മരുന്നായില്ല.
ലഭിച്ച സീറ്റിന്റെ വ്യത്യാസത്തിൽ വലിയ മുന്നേറ്റമുണ്ടാക്കിയില്ലെങ്കിലും മുനിസിപ്പാലിറ്റി ആയ ശേഷം തുടര്‍ച്ചയായ രണ്ടാം തവണയും ഭരണം ഇടതിന് തന്നെയാവുമെന്ന സൂചനയാണ് ലഭിക്കുന്നത്. ആകെയുള്ള 33 സീറ്റില്‍ യു.ഡി.എഫ് 11 സീറ്റിലും വെല്‍ഫെയര്‍പാര്‍ട്ടി മൂന്ന് സീറ്റിലും എല്‍.ഡി.എഫ് 12 സീറ്റിലുമാണ് വിജയിച്ചത്. എന്നാല്‍ സ്വതന്ത്രന്‍മാരുടെ പിന്തുണയോടെ മുക്കം മുനിസിപ്പാലിറ്റി ഇടതുപക്ഷം ഭരിക്കുമെന്നാണ് മുക്കത്തെ ഇടതുപക്ഷ നേതൃത്വം അറിയിക്കുന്നത്.
മുക്കം മുനിസിപ്പാലിറ്റിയിലെ മംഗലശ്ശേരി, പുല്‍പറമ്പ്, കണക്കൂപറമ്പ് എന്നിവിടങ്ങളിലും വാണിമേല്‍, എടച്ചേരി, കുറ്റ്യാടി, തിരുവള്ളൂര്‍, വേളം തുടങ്ങിയ പഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലും ചങ്ങരോത്ത് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും തൂണേരി ബ്ലോക്കിലെ ഒരു ഡിവിഷനിലും, കുറ്റ്യാടി ജില്ലാപഞ്ചായത്ത് ഡിവിഷനിലുമാണ് യു.ഡി.എഫ് പിന്തുണയോടെ ഇത്തവണ-വെല്‍ഫെയര്‍ മത്സരിച്ചത്. പക്ഷെ വിജയിച്ചത് മുക്കം മുനിസിപ്പാലിറ്റിയിലെ മൂന്ന് വാര്‍ഡില്‍ മാത്രമാണ്. വെല്‍ഫെയര്‍-യു.ഡി.എഫ് കൂട്ടുകെട്ടിനെ നേരിടാനായി ഉയര്‍ന്ന് വന്ന ജനകീയ മുന്നണിക്കും മുക്കത്ത് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
യു.ഡി.എഫും ആര്‍.എം.പിയും സഖ്യമായി മത്സരിച്ച വടകരയിലെ ജനകീയ മുന്നണിക്കും വലിയ പരിക്കേല്‍ക്കാതെ തിരഞ്ഞെടുപ്പിനെ നേരിടാനായി. ജനകീയ മുന്നണി ഏറാമല, അഴിയൂര്‍, ഒഞ്ചിയം, ചോറോട്, വടകര ബ്ലോക്കിലെ കല്ലാമല എന്നിവിടങ്ങളിലായിരുന്നു മത്സരിച്ചത്. എന്നാല്‍ എല്‍.ജെ.ഡി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നപ്പോള്‍ ഭരണം നഷ്ടമായ ഏറാമല ജനകീയ മുന്നണി തിരിച്ചു പിടിച്ചു. അഴിയൂരില്‍ ഒരു മുന്നണിയ്ക്കും ഭൂരിപക്ഷമില്ല. ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവില്‍ ഒഞ്ചിയം ഭരണം ആര്‍.എം.പി നിലനിര്‍ത്തി. കോണ്‍ഗ്രസില്‍ വലിയ തര്‍ക്കത്തിന് ഇടവെച്ച വടകര കല്ലാമല ഡിവിഷനില്‍ യു.ഡി.എഫ് പരാജയപ്പെട്ടു. ചോറോട് നിലനിര്‍ത്താനായത് എല്‍.ഡി.എഫിന് നേട്ടമായി.
Content Highlights: Kerala Local Body Election 2020 | Welfare-UDF Coalition | RMP-UDF Coalition