കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രഖ്യാപന നാള്‍ മുതല്‍ ഏറെ ചര്‍ച്ചയായതാണ് യു.ഡി.എഫ്-വെല്‍ഫെയര്‍ പാര്‍ട്ടി നീക്ക് പോക്കും സഖ്യവുമെല്ലാം. ഇത്തവണ യു.ഡി.എഫിന് പിന്തുണ നല്‍കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഏറെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെങ്കിലും അത് തള്ളിക്കൊണ്ടായിരുന്നു യു.ഡി.എഫിലെ പ്രമുഖ കക്ഷികളായ കോണ്‍ഗ്രസിന്റേയും ലീഗിന്റേയുമെല്ലാം  പ്രതികരണങ്ങള്‍. യു.ഡി.എഫുമായി വെൽഫെയറിന് ഒരു ധാരണയുമില്ലെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാന ലാപ്പിലെത്തിയപ്പോഴും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്. എന്നാൽ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള പ്രധാന മേഖലകളിലെല്ലാം യു.ഡി.എഫിന് പരസ്യ പിന്തുണയുമായി ഇവര്‍ രംഗത്തുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റിയിലേക്ക് മാത്രം നാല് സീറ്റുകളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി-യു.ഡി.എഫ് സഖ്യ സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത്. ഇവിടെ ഉയര്‍ത്തിയ പ്രചാരണ ബോര്‍ഡുകളിലും  തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ ഉയര്‍ന്ന ബോര്‍ഡുകളിലെല്ലാം വെല്‍ഫെയര്‍ പിന്തുണയെ പരസ്യമായി അംഗീകരിക്കുന്ന ബോര്‍ഡുകളാണ് ഉയര്‍ന്നത്. ഇതിന് പുറമെ കൊടുവള്ളി നഗരസഭയിലെ രണ്ട് ഡിവിഷനുകള്‍, ചങ്ങരോട്ട്, കാരശ്ശേരി, കൊടിയത്തൂര്‍, അരിക്കുളം, തിരുവള്ളൂര്‍, കുറ്റ്യാടി, വേളം, വാണിമേല്‍, തുടങ്ങിയ പഞ്ചായത്തുകളിലും തൂണേരി ബ്ലോക്ക് ഡിവിഷനിലും ഇത്തവണ യു.ഡി.എഫിന് വെല്‍ഫെയര്‍ പിന്തുണയുണ്ട്. പക്ഷെ ഇതിനെയെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍. സഖ്യമേയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറപ്പിച്ച് പറയുമ്പോഴും നീക്ക് പോക്ക് മാത്രമാണുള്ളതെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറയുന്നത്. 

കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റിയില്‍ ഏറെ നിര്‍ണായകമാണ് വെല്‍ഫെയര്‍പാര്‍ട്ടിയുടെ സ്വാധീനം. രണ്ട് സീറ്റിന്റെ വ്യത്യാസത്തില്‍ എല്‍.ഡി.എഫ് ഇവിടെ ഭരണം നടത്തിയിരുന്നത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ്. എന്നാല്‍ ഇത്തവണ യു.ഡി.എഫിന് വെല്‍ഫെയര്‍പാര്‍ട്ടി പിന്തുണ നല്‍കുന്നു. വെല്‍ഫെയര്‍പാര്‍ട്ടി വര്‍ഗീയ കക്ഷിയായി എല്‍ഡിഎഫും സിപിഎമ്മും മുദ്രകുത്തി യുഡിഎഫിനെ തുറന്നുകാട്ടാനുള്ള ശ്രമത്തിലാണ്‌.

വെല്‍ഫെയര്‍ മത്സരിക്കുന്ന വെസ്റ്റ് ചേന്ദമംഗലൂര്‍ മേഖലയിലെ നാല് ഡിവിഷനുകളില്‍ ഇവരെ നേരിടാന്‍ ജനകീയ മുന്നണിയുമായിട്ടാണ് ഇത്തവണ ഇടതുപക്ഷം രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ തവണ മുക്കം നഗരസഭയില്‍  ഇടതുപക്ഷത്തിന്റെ കൗണ്‍സിലറായിരുന്ന ഗഫൂര്‍മാസ്റ്റര്‍ അടക്കമുള്ളവരാണ് ഇത്തവണ ഇവിടെ യു.ഡി.എഫ് പിന്തണയോടെ മത്സരിക്കുന്ന പ്രമുഖ വെല്‍ഫെയര്‍ സ്ഥാനാര്‍ഥി. പക്ഷെ ഇത് അംഗീകരിക്കാന്‍ ഇടതുപക്ഷം  തയ്യാറാവുന്നില്ല.

മത തീവ്രവാദ സംഘടനകളുമായി കോണ്‍ണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നുവെന്നാണ് ഇടതുപക്ഷത്തിന്റെ പ്രധാന ആരോപണം. എന്നാല്‍ കഴിഞ്ഞ തവണ ഇതേ വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ചതിനെക്കുറിച്ച്‌ വ്യക്തമായ മറുപടിയും നല്‍കാനാവുന്നില്ല. ഇത്തരം ആരോപണങ്ങള്‍ കോണ്‍ഗ്രസ്സിന്  തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് പരസ്യ പിന്തുണയുണ്ടായിട്ടും മുല്ലപ്പള്ളി ഇതിനെ തള്ളിപ്പറയുന്നത്.

ഇതിനിടെ  വെല്‍ഫെയര്‍ സ്ഥാനാര്‍ഥിക്കൊപ്പമുള്ള മുല്ലപ്പള്ളിയുടേയും ഉമ്മന്‍ചാണ്ടിയുടേയുമെല്ലാം ഫോട്ടോ പുറത്ത് വന്നതോടെ കാര്യങ്ങള്‍ കൈവിട്ട്  പോവുകയും ചെയ്തു.