Electionപയ്യോളി: കൊളാവിപ്പാലം കോയക്കണ്ടി നിഷ ഗിരീഷ് തിരഞ്ഞെടുപ്പുയുദ്ധത്തില്‍ അങ്കംവെട്ടുമ്പോള്‍ അതിലൊരു പട്ടാളച്ചിട്ട കാണാം. സി.ആര്‍.പി.എഫില്‍ 22 വര്‍ഷം സേവനമനുഷ്ഠിച്ചശേഷമാണ് ജനസേവനത്തിനായി നിഷയുടെ രംഗപ്രവേശം. നഗരസഭയുടെ അതിര്‍ത്തിപ്രദേശമായ 36-ാം ഡിവിഷന്‍ കൊളാവിപ്പാലം ബീച്ചിലാണ് നിഷ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. 'ഇനി നിഷ നാടിന്റെ അതിര്‍ത്തി സംരക്ഷിക്കട്ടെ' എന്നാണ് സുഹൃത്തുക്കളുടെ കമന്റ്.

1995-ല്‍ 18-ാം വയസ്സില്‍ സൈനികവേഷമണിഞ്ഞ ടി.എം. നിഷ അസം ഒഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം ജോലിചെയ്തു. യു.എന്‍. മിഷന്റെ ഭാഗമായി ലൈബീരിയയിലും സേവനംചെയ്തു. ശ്രീനഗറില്‍നിന്ന് 2017-ലാണ് വിരമിച്ചത്. ചോമ്പാല സി.എസ്.ഐ. കോളേജില്‍ കായികാധ്യാപികയാണ് ഇപ്പോള്‍. ഭര്‍ത്താവ് കെ.കെ. ഗിരീഷ് ബി.എസ്.എഫില്‍നിന്ന് വിരമിച്ചതാണ്. യു.ഡി.എഫിലെ ശാന്ത കണാരന്‍ ചൂളപറമ്പത്തും എല്‍.എഡി.എഫിലെ വടക്കെ ചെത്തില്‍ ബവിഷ ബൈജുവുമാണ് എതിരാളികള്‍. സ്വതന്ത്രനായി ശാന്ത ചൂളപറമ്പത്തുമുണ്ട്.