കോഴിക്കോട്: യു.ഡി.എഫിനെ നയിക്കുന്നതും അവരുടെ നയം തീരുമാനിക്കുന്നതും ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയാണെന്ന് സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനന്‍. തദ്ദേശതിരഞ്ഞെടുപ്പിന്റെ ഭാഗമായി 'മാതൃഭൂമി'ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഇസ്ലാമികഭരണം സ്ഥാപിക്കുന്നതിനുവേണ്ടി നിലകൊള്ളുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. വെല്‍ഫെയര്‍പാര്‍ട്ടി അവരുടെ മുഖാവരണമാണ്. ആ ജമാഅത്തെ ഇസ്ലാമിയെ തിരഞ്ഞെടുപ്പില്‍ കൂടെച്ചേര്‍ത്ത് എങ്ങനെയാണ് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കാനാവുക?

കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നുപോലും അംഗീകരിക്കാത്ത, പാകിസ്താന്റെ ഭാഗമാക്കണമെന്ന് ചിന്തിക്കുകയും അതിനായി പോരാടുകയും ചെയ്യുന്നവരാണ് ഹിസ്ബുല്‍ മുജാഹിദീന്‍. ജമാഅത്തെ ഇസ്ലാമിയുടെ കശ്മീരിലെ സംഘടനകളിലൊന്നാണ് ഹിസ്ബുല്‍ മുജാഹിദീന്‍. ആ ജമാഅത്തെ ഇസ്ലാമിയെ യു.ഡി.എഫിന്റെ ഭാഗമാക്കുകവഴി മതനിരപേക്ഷതയ്ക്കും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

കോഴിക്കോട് ജില്ലാപഞ്ചായത്ത് കുറ്റ്യാടി ഡിവിഷനിലും കോര്‍പ്പറേഷന്‍ മൂഴിക്കല്‍, ചെറുവണ്ണൂര്‍ വെസ്റ്റ് വാര്‍ഡുകളിലും മുക്കം നഗരസഭയിലെ നാലുവാര്‍ഡുകളിലും ഉള്‍പ്പെടെ ഒട്ടേറെയിടങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാര്‍ഥികളാണ് യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്നു പരസ്യമായി പറയുന്ന കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പഞ്ചായത്തായ അഴിയൂരിലെ ഒരു വാര്‍ഡിലും യു.ഡി.എഫിന് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാര്‍ഥിയാണുള്ളത്.

ഒരു വികസനപ്രവര്‍ത്തനവും നടത്താന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമിയുടേത്. ഗെയില്‍ പദ്ധതിയെയും കെ-റെയില്‍ പദ്ധതിയെയുമൊക്കെ അനാവശ്യഭീതി പരത്തി എതിര്‍ക്കുകയാണ് ചെയ്തത്. താമസിയാതെ വീടുകളില്‍ ചുരുങ്ങിയ ചെലവില്‍ പാചകവാതകം ലഭിക്കുമ്പോള്‍ ഗെയിലിനെതിരേ അന്ന് എതിര്‍പ്പുയര്‍ത്തിയവര്‍ പുനരാലോചന നടത്തുമെന്നു കരുതാം.

എന്തിന് എല്‍.ഡി.എഫിന് വോട്ടുചെയ്യണം?

കഴിഞ്ഞ അഞ്ചുവര്‍ഷം എല്‍.ഡി.എഫ്. ഭരിച്ച തദ്ദേശസ്ഥാപനങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി. ഒരിടത്തും അതൃപ്തിയോ ഭരണവിരുദ്ധവികാരമോ ഇല്ല. വിമര്‍ശിക്കുന്നവര്‍ക്ക് ഊഹിക്കാനാവാത്തത്ര ആത്മാര്‍ഥതയോടെയാണ് പ്രവര്‍ത്തിച്ചത്. പ്രളയം, കോവിഡ് തുടങ്ങിയ ദുരിതസമയങ്ങളിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി.

ഇടതുമുന്നണി സര്‍ക്കാരും വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. കോവിഡ് വന്നപ്പോള്‍ തൊഴിലും കൂലിയും മുടങ്ങിയിട്ടും ഇവിടെ ഒരാള്‍ക്കും പട്ടിണി കിടക്കേണ്ടിവന്നില്ല. രോഗികള്‍ക്ക് സൗജന്യചികിത്സയും പരിചരണവും ഭക്ഷണവും ഉള്‍പ്പെടെ മറ്റൊരു സംസ്ഥാനവും ചെയ്യാത്ത ക്ഷേമപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പെന്‍ഷന്‍ എല്ലാവര്‍ക്കും വീടുകളിലെത്തുന്നു.

സാര്‍വദേശീയതലത്തില്‍ത്തന്നെ കേരളസര്‍ക്കാര്‍ അംഗീകാരം നേടി. രാഷ്ട്രീയഅഭിപ്രായവ്യത്യാസമുള്ളവര്‍ക്കുപോലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വലിയ മതിപ്പാണ്. ഈ വികസന, ക്ഷേമപ്രവര്‍ത്തനങ്ങളൊക്കെ ജനങ്ങളുടെ അനുഭവമാണ്. ആ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ എല്‍.ഡി.എഫിനെ തിരഞ്ഞെടുക്കും.

മുന്നണിയില്‍ കക്ഷികള്‍ കൂടിയത് സാധ്യത കൂട്ടുമോ?

എല്‍.ജെ.ഡി.യും കേരളകോണ്‍ഗ്രസും(എം) വന്നത് ഗുണം ചെയ്യും. ഇവര്‍ യു.ഡി.എഫിലായിരുന്നപ്പോള്‍ത്തന്നെ ഇടതുമുന്നണിക്ക് ജില്ലയില്‍ നല്ല വിജയം നേടാനായി. ഇക്കുറി സമ്പൂര്‍ണവിജയം നേടും. മുമ്പൊരിക്കലുമില്ലാത്ത യോജിപ്പോടെയാണ് മുന്നണി മുന്നോട്ടുപോകുന്നത്. ജില്ലയില്‍ ഒരിടത്തും ഇടതുമുന്നണിയിലെ കക്ഷികള്‍ തമ്മില്‍ ഒരലോസരവുമില്ല.

യു.ഡി.എഫാകട്ടെ, ആകെ ശിഥിലമാണ്. ലീഗ്-കോണ്‍ഗ്രസ് കൂട്ടുകെട്ടായി അവര്‍ പരമിതപ്പെട്ടു. വിമതരുടെ പടയും അന്തഃഛിദ്രവുമാണവിടെ. ഈ സ്ഥിതിയില്‍നിന്ന് രക്ഷ തേടിയാണ് മതരാഷ്ട്രവാദികളുമായും തീവ്രവാദസംഘടനകളുമായും അവര്‍ സഖ്യമുണ്ടാക്കിയത്. ഇതില്‍ അതൃപ്തിയുള്ള സാധാരണക്കാരും ചിന്തിക്കുന്നവരും എല്‍.ഡി.എഫിന് വോട്ടുചെയ്യും.

കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിനെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചെങ്കിലും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അവിടെ ചിത്രത്തിലില്ലെന്നാണ് രാഷ്ട്രീയ എതിരാളികളുടെ പ്രചാരണം. അതേക്കുറിച്ചെന്തു പറയുന്നു?

അവിടെ കാരാട്ട് ഫൈസലിന് പിന്തുണനല്‍കില്ലെന്ന് എല്‍.ഡി.എഫ്. തീരുമാനിച്ചതാണ്. സ്വതന്ത്രനായി അദ്ദേഹം മത്സരരംഗത്തുണ്ടെങ്കിലും ഞങ്ങളുടെ പ്രവര്‍ത്തകരാരും ഒപ്പമില്ല. ഒ.പി. റഷീദാണ് ഞങ്ങളുടെ സ്ഥാനാര്‍ഥി.

സി.പി.എം. അംഗങ്ങളായിരുന്ന അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും യു.എ.പി.എ. ചുമത്തി അറസ്റ്റുചെയ്ത സംഭവം തിരിച്ചടിയാകുമോ?

അതൊന്നും ഇപ്പോള്‍ ചര്‍ച്ചയിലേയില്ല. ആരും അതിനൊന്നും ചെവി കൊടുക്കുന്നുമില്ല. ഗൗരവമായ രാഷ്ട്രീയവിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത്. അലന്റെ പിതാവ് ഷുഹൈബ് ആര്‍.എം.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വലിയങ്ങാടി വാര്‍ഡില്‍ എല്‍.ഡി.എഫ്. നല്ല വോട്ടിന് വിജയിക്കും.

വടകര മേഖലയില്‍ യു.ഡി.എഫും ആര്‍.എം.പി.യും ചേര്‍ന്ന് ജനകീയമുന്നണിയായാണ് മത്സരിക്കുന്നത്. ഇതിനെക്കുറിച്ചുള്ള വിലയിരുത്തലെന്താണ്?

അഴിയൂര്‍, ഏറാമല, ചോറോട്, ഒഞ്ചിയം പഞ്ചായത്തുകളില്‍ മാത്രമാണ് ആര്‍.എം.പി. ഉള്ളത്. മാധ്യമങ്ങളാണ് അവര്‍ക്ക് അഖിലേന്ത്യാപരിവേഷമൊക്കെ നല്‍കിയത്. സി.പി.എമ്മിന് വിപ്ലവം പോരെന്നു പറഞ്ഞാണ് ആര്‍.എം.പി. ഉണ്ടായത്. അവരാണിപ്പോള്‍ ജമാഅത്തെ ഇസ്ലാമി- ലീഗ് - കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. ഇവര്‍ക്കെല്ലാം ശക്തികുറഞ്ഞതോടെ ദുര്‍ബലരുടെ ഐക്യമുന്നണിയാണിപ്പോള്‍ ജനകീയമുന്നണി. അവരുടെ തകര്‍ച്ചയുടെ ലക്ഷണമാണിത്.