കോഴിക്കോട്: യു.ഡി.എഫ്-വെല്‍ഫെയര്‍ സംഖ്യംമൂലം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ക്ക് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കിയ മുക്കം നഗരസഭാ ഭരണം ഒടുവില്‍ വിമത പിന്തുണയോടെ എല്‍.ഡി.എഫിന്. ഇടതു പക്ഷത്തോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ലീഗ് വിമതനായി മത്സരിച്ചു ജയിച്ച മുഹമ്മദ് അബ്ദുല്‍ മജീദ് പറഞ്ഞു. തന്റെ വോട്ടര്‍മാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ഇടതുപക്ഷം അംഗീകരിച്ചു. നാട്ടുകാരുടെ തീരുമാനമാണ് തന്റെയും തീരുമാനമെന്നും മജീദ് പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സാന്നിധ്യം കൊണ്ട് ഇത്തവണ ഏറ്റവും ശ്രദ്ധേയമായിരുന്നു മുക്കം നഗരസഭ. ഫലം വന്നതോടെ ആകെയുള്ള 33 സീറ്റില്‍ യു.ഡി.എഫ് വെല്‍ഫെയര്‍ സഖ്യത്തിന് 15 സീറ്റും, എല്‍.ഡി.എഫിന് 15 സീറ്റും എ.ഡി.എയ്ക്ക് രണ്ട് സീറ്റും ലീഗ് വിമതന് ഒരു സീറ്റുമായിരുന്നു ലഭിച്ചത്. തുടര്‍ന്നാണ് ഇരട്ടകുളങ്കര വാര്‍ഡില്‍ നിന്നും വിജയിച്ച ലീഗ് വിമതന്‍ മുഹമ്മദ് അബ്ദുള്‍ മജീദ് നിര്‍ണായകമായത്.

രണ്ട് മുന്നണികളുമായും ചര്‍ച്ച നടത്തിയെന്നാണ് അബ്ദുള്‍ മജീദ് പറഞ്ഞതെങ്കിലും നിലവിലെ  സാഹചര്യത്തില്‍ കോണ്‍ഗ്രസ്  മജീദിന്റെ  പിന്തുണ തേടാന്‍ വലിയ രീതിയില്‍ ശ്രമിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇപ്പോള്‍ തന്നെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ കനത്ത പരാജയത്തിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത് വെല്‍ഫെയറുമായി യു.ഡി.എഫ്  കൂട്ടുകൂടിയെന്ന്  എതിരാളികള്‍ നടത്തിയ വലിയ രീതിയിലുള്ള പ്രചാരണമാണ്. ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുമുണ്ട്.

മുക്കം നഗരസഭയില്‍ വിമതന്റെ പിന്തുണയോടെ യുഡിഎഫ് ഭരണത്തിലേറിയാല്‍ എതിരാളികളുടെ പ്രചാരണത്തിന് ശക്തികൂടുകയും ചെയ്യും. വെല്‍ഫെയറുമായി ചേര്‍ന്ന് നഗരസഭ ഭരിക്കുന്നൂവെന്ന പഴി പിന്നേയും കേള്‍ക്കേണ്ടി വരും. നിയമസഭാ തിരഞ്ഞെടുപ്പുകൂടി അടുക്കുന്ന സാഹചര്യത്തില്‍ മുക്കം നഗരസഭ വീണ്ടും ചര്‍ച്ചയാവുകയും തിരിച്ചടി ഉണ്ടാവുമെന്നും യു.ഡി.എഫ് കരുതുന്നു. ഈയൊരു വിമര്‍ശനം കൂടിയൊഴിവാക്കുക എന്നതും കൂടിയാണ് മുക്കം നഗരസഭാ ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫ് വലിയ രീതിയില്‍ ശ്രമം നടത്താതിരുന്നത്.

മുക്കത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് അബ്ദുള്‍ മജീദ് പറഞ്ഞു. താന്‍ ഇപ്പോഴും ലീഗുകാരന്‍ തന്നെയാണ്. നഗരസഭയ്ക്കുള്ളില്‍ മാത്രമാണ് പിന്തുണ നല്‍കുകയെന്നും പുറത്ത് ലീഗിന്റെ പ്രവര്‍ത്തനത്തില്‍  സജീവമാകുമെന്നും മുന്നോട്ട് വെച്ച കാര്യങ്ങളില്‍ നിന്ന് പിന്നോട്ട് പോയാല്‍ പിന്തുണ പിന്‍വലിക്കുമെന്നും അബ്ദുള്‍ മജീദ് ചൂണ്ടിക്കാട്ടി.

Content Highlights: Mukkam Municipality Welfare Party UDF League