വടകര : മുടപ്പിലാവിലെ മണങ്ങാട്ട് താഴകുനിയിൽ വീട്ടിൽ രണ്ട് സ്ഥാനാർഥികളാണ്. ചേട്ടൻ എൽ.ഡി.എഫ്. സ്ഥാനാർഥി, അനിയൻ യു.ഡി.എഫ്. സ്ഥാനാർഥിയും. ഇരുവരും രണ്ട് വാർഡുകളിലാണ് മത്സരിക്കുന്നത്. മൂത്തയാളായ എം.കെ. പ്രമോദ് മണിയൂർ പഞ്ചായത്തിലെ 20-ാം വാർഡിൽ സി.പി.ഐ. സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. അനിയൻ അനൂപ് മുടപ്പിലാവിൽ ഇതേ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയും. അനൂപ് സ്വന്തം വാർഡിൽ തന്നെയാണ് സ്ഥാനാർഥിയായത്. ഇരുവരും പ്രചാരണം തുടങ്ങി.

യു.എസ്. നേവിയിൽ (അഞ്ചാം കപ്പൽപ്പട) ജോലിചെയ്തിരുന്ന പ്രമോദ് വിരമിച്ചതിനുശേഷം നാട്ടിൽ പൊതുപ്രവർത്തനരംഗത്ത് സജീവമാണ്. സി.പി.ഐ. മണിയൂർ ലോക്കൽ സെക്രട്ടറിയാണ്. പാലയാട് കയർ സഹകരണസംഘം പ്രസിഡന്റ്, യുവകലാസമിതി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. മുടപ്പിലാവിൽ ചിറ നവീകരണം യാഥാർഥ്യമാക്കാനുൾപ്പെടെ മുന്നിൽ നിന്നു. അനൂപ് കോൺഗ്രസിന്റെ മണ്ഡലം വൈസ് പ്രസിഡന്റാണ്. മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ്, രാഹുൽ ഗാന്ധി വിചാർ മഞ്ച് സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. ജീവകാരുണ്യമേഖലയിൽ ഉൾപ്പെടെ സജീവം.

രാഷ്ട്രീയത്തിൽ ഇരുധ്രുവത്തിലാണെങ്കിലും വീട്ടിലെ സൗഹൃദാന്തരീക്ഷത്തിന് ഇതൊന്നും തടസ്സമല്ലെന്ന് ഇരുവരും പറയുന്നു. സ്ഥാനാർഥിയാകുന്ന കാര്യമുൾപ്പെടെ പരസ്പരം പറഞ്ഞിരുന്നു. സന്തോഷത്തോടെ ഇരുവരും ഇത് അംഗീകരിച്ചു.

രാഷ്ട്രീയമൊരിക്കലും ബന്ധങ്ങളെ ബാധിക്കരുതെന്ന് ഇരുവർക്കും നിർബന്ധവുമുണ്ട്. അതുകൊണ്ടുതന്നെ നിറഞ്ഞ സ്പോർട്‌സ്‌മാൻ സ്പിരിറ്റോടെയാണ് മത്സരം.