ഫറോക്ക് : മുസ്‌ലിം ലീഗിന്റെ സിറ്റിങ്‌ സീറ്റായ നല്ലളത്തെ 42-ാം ഡിവിഷനിൽ പഴയ ലീഗ് പഞ്ചായത്ത് അംഗം മുസ്‌ലിം ലീഗ് സ്ഥാനാർഥിക്കെതിരേ രംഗത്ത്. രണ്ടുതവണ പഴയ ചെറുവണ്ണൂർ നല്ലളം പഞ്ചായത്തിലെ മുസ്‌ലിം ലീഗിന്റെ ജനപ്രതിനിധിയായിരുന്ന ടി. മൈമൂനയാണ് ഇടതുപിന്തുണയോടെ ജനകീയ മുന്നണി സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നത്.

യു.ഡി.എഫിന്റെ സ്ഥാനാർഥിയായി മുസ്‌ലിം ലീഗിലെ ഷെറീന റിഷാദാണ് ഈ വാർഡിൽ മത്സരിക്കുന്നത്.

സീറ്റ് വിഭജനത്തിൽ ഈ ഡിവിഷൻ എൽ.ഡി.എഫ്. ഘടകകക്ഷിയായ ഐ.എൻ.എല്ലിനു നൽകുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇവിടെ ലീഗിനെതിരേ മത്സരിച്ചത് ലീഗിന്റെ പഴയ പഞ്ചായത്ത് അംഗവും പഞ്ചായത്ത് ലീഗ് സെക്രട്ടറിയുമായിരുന്ന വി.പി. ആലിക്കോയയായിരുന്നു. എം.കുഞ്ഞാമുട്ടിയായിരുന്നു എതിർസ്ഥാനാർഥി. പോരാട്ടത്തിൽ 126 വോട്ടിനാണ് ആലിക്കോയ തോറ്റത്‌.

വ്യാഴാഴ്ച വൈകീട്ട് നല്ലളത്ത് നടന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്‌കരണ യോഗം വി.കെ.സി. മമ്മദ്‌ കോയ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എൻ. മുസ്തഫ അധ്യക്ഷനായി. സ്ഥാനാർഥി ടി. മൈമൂന, പി.ഹസൻ കോയ, സി. ദേവരാജൻ, എ. സലിം, മേലത്ത് ജയരാജൻ, കോഹിനൂർ സലീം,കത്തലാട്ട് പ്രകാശൻ, എം. ഉമ്മർകോയ തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി നാണിയാട്ട് മുസ്തഫയെയും കൺവീനറായി എ.സലിമിനെയും ട്രഷററായി കോഹിനൂർ സലീമിനെയും തിരഞ്ഞെടുത്തു.