കോഴിക്കോട്: കോര്‍പ്പറേഷന്റെ 58 വര്‍ഷത്തെ ചരിത്രത്തില്‍ 22 പേരാണ് മേയര്‍മാരായത്. എന്നാല്‍ അതില്‍ മൂന്ന് സ്ത്രീകള്‍ മാത്രമാണ് ആ പദവിയിലെത്തിയത്. ഹൈമവതി തായാട്ടായിരുന്നു സംസ്ഥാനത്തെ തന്നെ ആദ്യത്തെ വനിതാ മേയര്‍. പിന്നീട് എ.കെ. പ്രേമജവും എം.എം. പത്മാവതിയും ആ പദവിയിലെത്തി.

1988-89 കാലത്താണ് പ്രൊഫ. ഹൈമവതി തായാട്ട് മേയറായത്. ഇടതുപക്ഷ സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. വിവിധ കോളേജുകളില്‍ അധ്യാപികയായ ശേഷമാണ് അവര്‍ മേയറായി മത്സരിക്കാനെത്തിയത്. ''അന്ന് തുടങ്ങിവെച്ച വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴും നഗരത്തില്‍ നടപ്പാക്കുന്നത്''- അക്കാലത്ത് ഡെപ്യൂട്ടി മേയറായിരുന്ന പി. കിഷന്‍ചന്ദ് പറഞ്ഞു.

ഹൈമവതി തായാട്ടിന് ശേഷം വനിതാ മേയര്‍ സ്ഥാനത്തെത്തിയത് കോളേജ് അധ്യാപികയായിരുന്ന എ.കെ. പ്രേമജം ആണ്. 1995-ലാണ് അവര്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ മേയറായത്. അതിനിടെ 1998-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെ മേയര്‍ സ്ഥാനം ഒഴിഞ്ഞു. 2010-15-ല്‍ കോഴിക്കോട് നഗരത്തിന്റെ ഭരണച്ചുമതലയിലേക്ക് തിരിച്ചെത്തി എ.കെ. പ്രേമജം.

അധ്യാപികയായതിനാല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രേമജം മുന്‍തൂക്കം നല്‍കിയിരുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കാര്‍ബണ്‍ ക്രെഡിറ്റ് അവാര്‍ഡും മാലിന്യമുക്ത നഗരത്തിനുള്ള ആനന്ദബസാര്‍ പത്രികയുടെ അവാര്‍ഡും കോര്‍പ്പറേഷനെ തേടിയെത്തിയത് പ്രേമജത്തിന്റെ സമയത്താണ്. ''വനിതാസംവരണം എന്നതിനപ്പുറം, പാര്‍ട്ടി ചുമതലകള്‍ ഏല്‍പ്പിക്കുകയായിരുന്നു. അത് പരമാവധി നന്നായി നിറവേറ്റാനായി. അധ്യാപികയായിരുന്നപ്പോഴുള്ള സ്‌നേഹവും ബഹുമാനവും മേയറായപ്പോഴും കിട്ടി. ഇപ്പോഴും ആ അടുപ്പമുണ്ട് എല്ലാവര്‍ക്കും''- നഗരം ഭരിച്ചപ്പോഴുള്ള ചുറുചുറുക്കുണ്ട് പ്രേമജത്തിന്റെ വാക്കുകളില്‍.

പ്രേമജം എം.പി.യായപ്പോഴാണ് എം.എം. പത്മാവതി മേയറായത്, 1998-ല്‍. രണ്ടുവര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. പിന്നീടുള്ള അഞ്ച് വര്‍ഷം വികസനകാര്യസമിതി അധ്യക്ഷയായിരുന്നു എം.എം.പത്മാവതി. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ കൗണ്‍സിലിലും അംഗമായി. ''അന്ന് ഇത്രയേറെ സ്ത്രീകളൊന്നും മത്സരത്തിനുണ്ടായിരുന്നില്ല. സംവരണം ഉയര്‍ന്നപ്പോള്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കാന്‍ തുടങ്ങി'' കോര്‍പ്പറേഷനില്‍ 15 വര്‍ഷത്തെ അനുഭവപരിചയമുള്ള എം.എം. പത്മാവതി പറഞ്ഞു.