കോഴിക്കോട്: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പശ്ചാത്തലവികസനമുള്‍പ്പെടെ എല്ലാമേഖലയിലും മാറ്റങ്ങള്‍ ഉണ്ടാക്കാന്‍കഴിഞ്ഞെന്ന അവകാശവാദവുമായാണ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലേക്ക് ഇടതുപക്ഷം കടക്കുന്നത്. എന്നാല്‍, പദ്ധതികളെല്ലാം ഇപ്പോഴും കടലാസില്‍മാത്രമാണെന്ന മറുവാദമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇക്കഴിഞ്ഞ കാലയളവില്‍ നഗരത്തിലുണ്ടായ പ്രധാന മാറ്റങ്ങളും ഇപ്പോഴുംതുടരുന്ന പോരായ്മകളും പരിശോധിക്കാം.

45 വര്‍ഷമായി ഇടതുഭരണം

കോര്‍പ്പറേഷന്‍ രൂപീകൃതമായിട്ട് 58 വര്‍ഷമായി. അതില്‍ ഒരുവട്ടം മാത്രമാണ് വലതുപക്ഷം ഭരിച്ചത്. 1968, 71 കാലഘട്ടത്തിലാണത്. അതിനുശേഷം ഇടതുപക്ഷത്തിന് (പൗരമുന്നണി) ഭൂരിപക്ഷം കിട്ടിയ സമയത്ത് മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന സി.ജെ. റോബിന്‍ വിജയിച്ചു. 1973-'74-ല്‍ ആയിരുന്നു അത്. അന്ന് പൗരമുന്നണിയിലെ ഒരാള്‍ കൂറുമാറുകയായിരുന്നു. പിന്നീട് ഇടതുപക്ഷമാണ് ഭരിച്ചത്.

ജനങ്ങള്‍ക്കുവേണ്ടത്

മലിനജലസംസ്‌കരണത്തിനുള്ള സംവിധാനം ഇപ്പോഴും ഒന്നുമായിട്ടില്ല. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബീച്ചില്‍ കോതിയിലും ആവിക്കലിലും പ്ലാന്റ് നിര്‍മിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഡി.പി.ആറിലെ പ്രശ്നങ്ങള്‍ കാരണം പദ്ധതിയേറ്റെടുക്കാന്‍ ഇതുവരെ ആരുംതയ്യാറായിട്ടില്ല. നാലാംവട്ടവും ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്. സരോവരത്തെ അഴുക്കുചാല്‍ പ്ലാന്റും സാങ്കേതികക്കുരുക്കിലാണ്.

ഇറച്ചിക്കടകള്‍ ഏറെയുണ്ടെങ്കിലും ശാസ്ത്രീയമായരീതിയില്‍ സംസ്‌കരിക്കാനുള്ള സൗകര്യമില്ല. കോതിയില്‍ തുടങ്ങാനിരുന്ന ആധുനിക അറവുശാലയ്ക്കുള്ള നടപടികള്‍ ഇപ്പോഴാണ് പുരോഗമിക്കുന്നത്.

ഏറ്റവുംവേഗത്തില്‍ വളരുന്ന നഗരത്തില്‍ ഇപ്പോഴും മതിയായ പാര്‍ക്കിങ് സൗകര്യമില്ല. ലിങ്ക് റോഡിലെ പ്ലാസ വര്‍ഷങ്ങളായി കെട്ടിപ്പൊക്കിയിട്ട്. മറ്റു സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. സ്റ്റേഡിയം-കിഡ്‌സണ്‍ പ്ലാസകള്‍ പണിയാന്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിട്ടുണ്ടെങ്കിലും എന്ന് യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പില്ല.

സര്‍ക്കാര്‍ വിവിധപദ്ധതികളില്‍ ഉള്‍പ്പെടുത്തി കനോലികനാല്‍ നവീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഇപ്പോഴും മലിനമാണ്. കല്ലായിപ്പുഴ കനാലുമായി ചേരുന്ന ഭാഗത്ത് ആഴംകൂട്ടാനുള്ള പദ്ധതി എങ്ങുമെത്തിയില്ല.

ശുചിത്വപദവിയുള്ളപ്പോഴും നഗരത്തില്‍ പലപ്പോഴും മാലിന്യം നിറയുന്നു. നടപടി കര്‍ശനമാവുന്നില്ല.