കോഴിക്കോട്: ജയിച്ച സ്ഥാനാര്‍ത്ഥിയുടെ പേര് ജെ.പി.സെവന്റി സെവന്‍.  കായണ്ണ പഞ്ചായത്ത് എഴാം വാര്‍ഡിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായ ജെ.പി. 77.ആണ് 11 വോട്ടിന് ജയിച്ചത്. അച്ഛന്‍ ടി.വി.രാമദാസ് ജനതാപാര്‍ട്ടി സജീവ പ്രവര്‍ത്തകനും, സമുന്നത സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ കടുത്ത ആരാധകനുമായിരുന്നു. അടിയന്തരാവസ്ഥയില്‍ ഒരുവര്‍ഷത്തോളം രാമദാസ് കോഴിക്കോട് ജയിലില്‍ കിടന്നു. ജയില്‍ മോചിതനായ അദ്ദേഹം 1977 - മെയ് 9 ന് ജനിച്ച മകന് ജെ.പി.സെവന്റി സെവന്‍ എന്ന് പേരിട്ടു.

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും ആധാറിലും റേഷന്‍ കാര്‍ഡിലും പാസ്പോര്‍ട്ടിലുമൊക്കെ പേര് ഇങ്ങനെ തന്നെ. കൂട്ടുകാര്‍ ജയപ്രകാശ് എന്നോ ജെ.പി.എന്നോ വിളിക്കും. ചരിത്രപരമായ പേരിന്റെ രഹസ്യമറിയാവുന്ന ചിലര്‍ 77 എന്ന് ട്രോളും. പേരുകൊണ്ട് ജെ.പി.ക്ക് ഒരിക്കല്‍ മാത്രമേ ചെറിയൊരു പ്രയാസമുണ്ടായിട്ടുള്ളൂ. ദുബായ് യാത്രക്ക് എയര്‍പോര്‍ട്ടില്‍ വച്ച്് ഉദ്യോഗസ്ഥരോട് തന്റെ പേരിന്റെ ഗുട്ടന്‍സ് വിവരിക്കേണ്ടി വന്നു.

ബാലറ്റ് പേപ്പറില്‍ ജെ.പി. 77 ജയപ്രകാശ് കായണ്ണ എന്നായിരുന്നു പേര്് . 2010- ല്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.17 വോട്ടിന് തോറ്റു. 2015-ല്‍ വാര്‍ഡ് വനിതാ സംവരണമായി. ഇക്കുറി വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം കൊഴുപ്പിക്കുകയാണ് ജെ.പി.77. കായണ്ണ കവിലിശ്ശേരി മാലതിയമ്മയാണ് ജെ.പി.യുടെ അമ്മ. വിജിഷ ജെ.പി. ഭാര്യയും രാംമാധവ് ജെ.പി., ആത്മീയ ജെ.പി.എന്നിവര്‍ മക്കളുമാണ്.

മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി.വീരേന്ദ്രകുമാര്‍ മാതൃഭൂമിയില്‍ എഴുതിയ ' സൗപര്‍ണ്ണികാ തീരത്തെ അനുഭവങ്ങള്‍ ' എന്ന ലേഖനത്തില്‍ ജെ.പി.യുടെ അച്ഛന്‍ ടി.വി.രാമദാസുമായുള്ള അടുപ്പത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

Content Highlights: Kerala Local Body Polls JP 77