കോഴിക്കോട്: മലബാറിന്റെ  ഇടതുകോട്ട ഇത്തവണയും മാറ്റമൊന്നുമില്ലാതെ കൂടുതല്‍ ചുവന്നു. നഗരസഭകള്‍ ഒഴികെ കോഴിക്കോട് കോര്‍പ്പറേഷനിലും ബ്ലോക്കുകളിലും ഗ്രാമപഞ്ചായത്തുകളിലും വ്യക്തമായ ആധിപത്യം നിലനിര്‍ത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലില്‍ വിജയിച്ചു കയറി.

എഴുപത്തിയഞ്ച് ഡിവിഷനുള്ള കോഴിക്കോട് കോര്‍പ്പറേഷന്‍ തുടര്‍ച്ചയായ 46-ാം തവണയും കൈപ്പിടിയിലൊതുക്കാനായി എന്നതാണ് എല്‍.ഡി.എഫിനെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മുന്നോട്ട് വെച്ച പ്രചാരണ തന്ത്രം വോട്ടര്‍മാര്‍ ഏറ്റെടുക്കുക തന്നെയായിരുന്നു. കോവിഡിനെ മറന്ന് വലിയ രീതിയില്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തിയതും അനുകൂലമായി. 

കോര്‍പ്പറേഷനിലെ 75 ഡിവിഷനില്‍ 51 സീറ്റ് നേടിയാണ് എല്‍.ഡി.എഫ്  ഭരണ തുടര്‍ച്ചയുണ്ടാക്കിയത്. 18 സീറ്റില്‍ നിന്ന് 17 സീറ്റിലെത്തിയ യു.ഡി.എഫിന് ഇത്തവണയും പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നാല്‍ ഏഴ് സീറ്റ് നിലനിര്‍ത്താന്‍ ഇത്തവണയും ബി.ജെ.പിക്ക് കഴിഞ്ഞു. പല ഡിവിഷനുകളിലും വലിയ രീതിയില്‍ വോട്ട് വര്‍ധിപ്പിക്കാനും കഴിഞ്ഞു.

ഏഴ് നഗരസഭകളില്‍ കഴിഞ്ഞവര്‍ഷത്തെ ആധിപത്യം നിലനിര്‍ത്താന്‍ എല്‍ഡിഎഫിനായില്ല. വടകരയും  കൊയിലാണ്ടിയും ഒഴികെയുള്ള നഗരസഭകളില്‍ യു.ഡി.എഫ് ഭരണമുറപ്പിച്ചു. ഇരുപത് വര്‍ഷത്തെ ഇടത് ഭരണം തുടരുമെന്ന് പ്രതീക്ഷിച്ച മുക്കത്തും ഭരണം അനിശ്ചിതത്വത്തിലായി. ഇവിടെ ആകെയുള്ള 33 ഡിവിഷനില്‍ 12 ഇടത്ത് എല്‍.ഡി.എഫും 11 ഇടത്ത് യു.ഡി.എഫും മൂന്നിടത്ത് വെല്‍ഫെയര്‍പാര്‍ട്ടിയും ആറിടത്ത് സ്വതന്ത്രനും ഒരിടത്ത് ബി.ജെ.പിയുമാണ് വിജയിച്ചു കയറിയത്. വെല്‍ഫെയര്‍ പിന്തുണയോടെ ഭരണം പിടിക്കാമെന്നാണ് യു.ഡി.എഫ് കരുതുന്നതെങ്കിലും ലീഗ് വിമതന്റെ പിന്തുണയോടെ ഭരണം തുടരുമെന്നാണ് ഇടതുപക്ഷം വ്യക്തമാക്കുന്നത്.

വെല്‍ഫെയര്‍ മത്സരിച്ച കണക്കുപറമ്പ്, മംഗലശ്ശേരി, പുല്‍പറമ്പ് ഡിവിഷനില്‍ ജനകീയ മുന്നണിയ പരാജയപ്പെടുത്തി വെല്‍ഫെയറിന് തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനായി. ജനകീയ മുന്നണി മത്സരിച്ച നാല് ഡിവിഷനിലും പരാജയം ഏറ്റുവാങ്ങി.   

യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ കൊടുവള്ളിയില്‍ എല്‍.ഡി.എഫിന് ഇത്തവണ അടി തെറ്റിയത് വലിയ സീറ്റ് വ്യത്യാസത്തിലാണ്. ആകെയുള്ള 36 സീറ്റില്‍ അഞ്ച് സീറ്റ് മാത്രമാണ് എല്‍.ഡി.എഫിന് ലഭിച്ചത്. യുഡിഎഫിന് 21 സീറ്റ് ലഭിച്ചു. പത്തിടത്ത് സ്വതന്ത്രരും വിജയിച്ച് കയറി. 

സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ചര്‍ച്ചാ വിഷയമായ കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ കാരാട്ട് ഫൈസലിന്റെ ചുണ്ടപ്പുറം ഡിവിഷന്‍ ഇടതിനും വലതിനും ഒപ്പം നില്‍ക്കാതെ ഫൈസലിനെ വിജയിപ്പിച്ചു. ഇതോടെ ചുണ്ടപ്പുറത്തെ ഐ.എന്‍.എല്ലിന്റെ ഇടത് സ്ഥാനാര്‍ഥി ഒ.പി റഷീദ് ഡമ്മി സ്ഥാനാര്‍ഥിയാണെന്ന പ്രാചരണം ശരിവെക്കുന്നതായി ഫൈസലിന്റെ  വിജയം. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി ഒ.പി റഷീദിന് ഒറ്റവെട്ടും ലഭിച്ചില്ല. 495 ന് എതിരെ 568 വോട്ട് നേടിയാണ് കാരാട്ട് ഫൈസല്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ.എ കാദര്‍ 495 വോട്ടും നേടി.

2015-ല്‍ ഫറോക്ക് നഗരസഭ രൂപീകരിച്ചപ്പോള്‍ സ്വതന്ത്രരുടെ പിന്തുണയോട പ്രഥമ മുനിസിപ്പാലിറ്റി ഭരണം യു.ഡി.എഫ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ സ്വതന്ത്രന്‍ പിന്നീട് കാല് മാറിയതോടെ ഭരണം ഇടതിനൊപ്പം നിന്നു. രണ്ട് മുന്നണികളും ഭരണം പങ്കുവെച്ച ഫറോക്കില്‍ ഇത്തവണ ഭരണ സ്ഥിരത ഉറപ്പിക്കുകയാണ് യു.ഡി.എഫ് ചെയ്തത്. ആകെയുള്ള 38 സീറ്റില്‍ എല്‍.ഡി.എഫ് 17 സീറ്റിലും യുഡിഎഫ് 20 സീറ്റിലും എന്‍.ഡി.എ ഒരു സീറ്റിലും വിജയിച്ചു കയറി.

എന്നും ഇടതിന്റെ കോട്ടയായിരുന്ന കൊയിലാണ്ടി മുനിസിപ്പാലിറ്റി ഇത്തവണയും ഇടതിനൊപ്പം നിന്നു. ആകെയുള്ള 44 സീറ്റില്‍ 25 സീറ്റാണ് എല്‍.ഡി.എഫ് നേടിയത്. യു.ഡി.എഫ് 16 സീറ്റ് നേടി. മൂന്ന് സീറ്റ് എന്‍.ഡി.എയും നേടി. ശക്തമായ മത്സരം കാഴ്ച വെക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ബി.ജെ.പി ഇവിടെ കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റ് അധികം നേടി. രണ്ട് സീറ്റായിരുന്നു കഴിഞ്ഞ തവണ ബിജെപി നേടിയത്. 

ഇടതുപക്ഷം ഏറെ പ്രതീക്ഷവെച്ചിരുന്ന പയ്യോളി മുനിസിപ്പാലിറ്റി എല്‍.ജെ.ഡി കൂടെയുണ്ടായിരുന്നിട്ടും ഇടതിന് പിടിച്ചെടുക്കാനായില്ല. കഴിഞ്ഞ തവണത്തേതില്‍ നിന്നും കൃത്യമായ ഭൂരിപക്ഷം നിലനിര്‍ത്തി ആകെയുള്ള 36 സീറ്റില്‍ യു.ഡി.എഫ് 21 സീറ്റില്‍ വിജയിച്ചു കയറി. എല്‍.ഡി.എഫ് 14 സീറ്റിലും ഒരിടത്ത് ബിജെപിയും വിജയിച്ചു കയറി. കഴിഞ്ഞ തവണ ആദ്യ ഘട്ടത്തില്‍ വലതിനൊപ്പവും പിന്നീട് ഇടതിനൊപ്പവും നിന്ന മുനിസിപ്പാലിറ്റിയുമായിരുന്നു ഇത്.

കഴിഞ്ഞ തവണ ഭരണ സ്ഥിരതയില്ലായിരുന്ന രാമനാട്ടുകാര മുനിസിപ്പാലിറ്റിയും ഇത്തവണ വലതിനൊപ്പം നിന്നു. ആകെയുള്ള 31 സീറ്റില്‍ 12 സീറ്റില്‍ എല്‍.ഡി.എഫും 17 സീറ്റില്‍ യുഡിഎഫും രണ്ട് സീറ്റില്‍ എന്‍.ഡി.എയും വിജയിച്ചു കയറി. കഴിഞ്ഞ തവണ 14 ന് എതിരെ 17 സീറ്റ് നേടിയാണ് എല്‍.ഡി.എഫ് അധികാരത്തിലേറിയതെങ്കിലും ഇടതുപിന്തുണയോടെ സ്വതന്ത്രയായി ജയിച്ച് നഗരസഭാ ഉപാദ്ധ്യാക്ഷയായ പി.കെ സജിനയ്‌ക്കെതിരേ എല്‍.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നതോടെ ഇവര്‍ പിന്നീട് യു.ഡി.എഫില്‍ ചേര്‍ന്നിരുന്നു. ഇത്തവണ മഠത്തില്‍ താഴം ഡിവിഷനില്‍ നിന്ന് ഇവര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിക്കുകയും ചെയ്തു.

എന്നും ഇടതിനൊപ്പം നിന്നിരുന്ന വടകര നഗരഭയില്‍ മാറ്റമൊന്നുമുണ്ടായില്ല. ആകെയുള്ള 47 സീറ്റില്‍ 27 എണ്ണത്തില്‍ എല്‍.ഡി.എഫും, 16 സീറ്റില്‍ യു.ഡി.എഫും, മൂന്ന് സീറ്റില്‍ എന്‍.ഡി.എയും വിജയിച്ചു കയറി.

12 ബ്ലോക്ക് പഞ്ചായത്തില്‍  ഒന്‍പതെണ്ണം ഇടതുമുന്നണി നേടിയെങ്കിലും കഴിഞ്ഞതവണത്തെ 2 എന്നത്  മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളാക്കി യുഡിഎഫ് നില മെച്ചപ്പെടുത്തി. ഗ്രാമപഞ്ചായത്തുകളില്‍ 42 ഇടത്ത് ഇടതുമുന്നണിയും  28 ഇടത്ത് യുഡിഎഫും ഭരണം പിടിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ ഗ്രാമപഞ്ചായത്തുകള്‍ കുറവാണെങ്കിലും ഒഞ്ചിയത്ത് ഉള്‍പ്പെടെ നില മെച്ചപ്പടുത്താന്‍ ഇടതുമുന്നണിക്ക് ആയി. 

മുക്കം നഗരസഭയിലും കുറ്റ്യാടി ജില്ലാ പഞ്ചായത്ത് ഡിവിഷനിലുമൊക്കെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം യുഡിഎഫിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതിരുന്നപ്പോള്‍ ആര്‍എംപിയുമായി ചേര്‍ന്നുണ്ടാക്കിയ ജനകീയമുന്നണി യുഡിഎഫിന് ഗുണം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവത്തെ കുറിച്ചും കല്ലാമല ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചു മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും തമ്മിലുള്ള തര്‍ക്കങ്ങളും യുഡിഎഫിന് തിരിച്ചടിയായി. അങ്ങനെ വിവാദമായ കല്ലാമലയിലും എല്‍.ഡി.എഫ് വിജയിച്ചു കയറി.

Content Highlights: Kerala Local Body  Election 2020 | Election result 2020 latest update