കോഴിക്കോട്‌: വീട്ടുകാരോടും കുടുംബക്കാരോടുമുള്ളതിനെക്കാള്‍ അടുപ്പം പാര്‍ട്ടിക്കാരോട് തോന്നുന്നതാണ് സംഘബോധം. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്നുവെച്ച് പാര്‍ട്ടി തീരുമാനപ്രകാരം ജീവിതപങ്കാളിയെ സ്വീകരിച്ച ആദര്‍ശശാലികള്‍ ഒരുപാടുണ്ട്. രണ്ടുരാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച സഹോദരന്‍മാരായ കോട്ടപ്പള്ളി പ്രഭാകരനും പ്രകാശനും വീടുപോലും സമരഭൂമിയായാണ് കണ്ടത്. പക്ഷേ, ഇതൊക്കെ പഴയകഥ. സിനിമയിലെ കഥാപാത്രങ്ങളായ പ്രഭാകരനും പ്രകാശനും 2020-ല്‍ സംഭവിച്ച മാറ്റം കാണണമെങ്കില്‍ കളരിയുടെ നാടായ കടത്തനാട്ടിലേക്ക് പോവണം.

പ്രകാശന്‍ ഇത്തവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നുണ്ട്. സ്വന്തം നേതാവായ മണ്ഡലം പ്രസിഡന്റ് 'പൊതുവാള്‍ജി' വഞ്ചിച്ചപ്പോള്‍ ഘടകകക്ഷിയുടെ 'കോണി' കയറാന്‍ നിര്‍ബന്ധിതനായി. മത്സരം ചൂടുപിടിച്ചപ്പോള്‍ പ്രഭാകരന്റെ പാര്‍ട്ടി ആ പഴയ പൂഴിക്കടകന്‍ പ്രയോഗിച്ചു. നാട്ടില്‍ കുറച്ചുമുമ്പ് നടന്ന പ്രധാനപ്പെട്ട അക്രമക്കേസില്‍ പ്രതിയാണ് പ്രകാശന്‍ എന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുവരെ സാരേ ദേശ്വാസികളോടൊപ്പമായിരുന്നു കൂട്ടുകെട്ട് എന്നും പ്രചരിപ്പിച്ചു. സഹോദരനെക്കുറിച്ച് സ്വന്തം പാര്‍ട്ടി നുണക്കഥ പ്രചരിപ്പിച്ചപ്പോള്‍, പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോവരുതെന്ന് പറഞ്ഞ് മുമ്പ് പ്രകാശനെ ശാസിച്ച പ്രഭാകരന്റെ മട്ട് മാറി.

മഹത്തായ തിരഞ്ഞെടുപ്പ് ജയത്തിനുവേണ്ടി ഒരു പെറ്റി കേസിലാണ് പ്രകാശനെ ഉള്‍പ്പെടുത്തിയതെങ്കില്‍ ക്ഷമിക്കാമായിരുന്നു. കൊലക്കേസുപോലുള്ള ഊരാക്കുടുക്കില്‍ അകത്താക്കിയാല്‍ പിന്നെ കുടുംബത്തിന്റെ മാനം പോവില്ലെ. അതും ചെയ്യാത്ത കുറ്റത്തിന്. പുത്തന്‍പണക്കാരും പാരമ്പര്യസ്വത്തുമായി കഴിയുന്നവരും അടങ്ങുന്ന കോട്ടപ്പള്ളിതറവാട്ടില്‍ പ്രശ്‌നം ചര്‍ച്ചാവിഷയമായി. തറവാട് കാരണവരടക്കമുള്ളവര്‍ പ്രഭാകരനെ വിളിച്ചുവരുത്തി കണക്കിന് പറഞ്ഞു. സ്വന്തം അനുജനെക്കുറിച്ച് ഇല്ലാക്കഥ പാര്‍ട്ടി പ്രചരിപ്പിക്കുമ്പോള്‍ നീയും ഇതിന് കൂട്ടുനില്‍ക്കുകയാണോ എന്ന് പ്രഭാകരനോട് കാരണവര്‍ ചോദിച്ചു. കുടുംബത്തില്‍ കെട്ടിവെച്ച കാശ് നഷ്ടപ്പെടുമെന്ന് ഉറപ്പായ പ്രഭാകരന്‍ സത്യം വെളിപ്പെടുത്താന്‍ തീരുമാനിച്ചു.

പഴയ ചുമരെഴുത്തും മൈക്കുമൊന്നുമല്ല നിലപാട് വ്യക്തമാക്കാന്‍ പ്രഭാകരന്‍ തിരഞ്ഞെടുത്തത്. സാമൂഹികമാധ്യമം വഴി പ്രഭാകരന്റെ ധര്‍മസങ്കടം കേട്ടവര്‍ ആദ്യമത് വിശ്വസിച്ചില്ല. വീട്ടുകാര്‍ മുഴുവന്‍ പ്രകാശന്റെ പാര്‍ട്ടിക്കാരായിട്ടും അവിടെ പാര്‍ട്ടിപത്രം വരുത്തി സംഘടനയോടൊപ്പം നില്‍ക്കാനുള്ള ബുദ്ധിമുട്ട് പ്രഭാകരന്‍ വിവരിച്ചു. വ്യക്തിഹത്യ ചെയ്യുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുക. ഇത് ഒരു പാര്‍ട്ടിഅംഗം താമസിക്കുന്ന വീടാണ്. സത്യമല്ലാത്ത കാര്യം സഹോദരനെക്കുറിച്ച് പ്രചരിപ്പിക്കുമ്പോള്‍ അത് ഏറെ വേദനിപ്പിച്ചു. വീട്ടുകാര്‍ക്ക് മുന്നില്‍ എന്നെ ഒന്നിനും കൊള്ളാത്തവനാക്കി ചിത്രീകരിക്കരുത് എന്ന് മാത്രമാണ് അപേക്ഷ എന്ന് പാര്‍ട്ടി സുഹൃത്തുക്കളുടെ ഗ്രൂപ്പില്‍ പ്രഭാകരന്‍ തുറന്നടിച്ചു.

പാര്‍ട്ടിഅംഗങ്ങള്‍ മാത്രമുള്ള ഗ്രൂപ്പില്‍ പൊട്ടിത്തെറിക്ക് വേറെ കാരണം വേണ്ടല്ലോ. പ്രഭാകരനെ ഒന്ന് മൂലയ്ക്കിരുത്തണമെന്ന് ആഗ്രഹിക്കുന്നവരും ഗ്രൂപ്പിലുണ്ട് പ്രഭാകരന്‍ ഉന്നയിച്ച വിഷയമായ നുണക്കഥ പ്രചരിപ്പിക്കാമോ എന്നതിലല്ല ഇപ്പോള്‍ ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ച. പാര്‍ട്ടിക്ക് നിരക്കാത്ത സത്യം പ്രഭാകരന്‍ വിളിച്ചുപറഞ്ഞത് ശരിയായോ എന്നതിലാണ് ആലോചന പുകയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനം പ്രഖ്യാപിക്കാമെന്ന് പറഞ്ഞ് തത്കാലം വിഷയം മാറ്റിവെച്ചിരിക്കുകയാണ്.

ഏതായാലും നുണപ്രചാരണം തത്കാലം ശമിച്ചു. പക്ഷേ, പ്രഭാകരന്റെ പ്രശ്‌നം അവിടെയും അവസാനിക്കുന്നില്ല. പാര്‍ട്ടിക്കാര്യം അതിരഹസ്യമായി സൂക്ഷിക്കുന്ന ഗ്രൂപ്പില്‍ ഇട്ട പോസ്റ്റ് എങ്ങനെ നാട്ടിലാകെ പരന്നു എന്ന് എത്ര ആലോചിച്ചിട്ടും പ്രഭാകരന് പിടികിട്ടുന്നില്ല. രാവിലെ എല്ലാം മറന്ന് ഒരു മണിക്കൂര്‍ പാര്‍ട്ടിപത്രം അരിച്ചുപെറുക്കുന്ന സമയത്ത് വീട്ടിലുള്ള ആരോ പ്രഭാകരന്റെ ഫോണില്‍നിന്ന് സന്ദേശം ചോര്‍ത്തിയതാണെന്നാണ് കവലയിലെ സംസാരം.

നുണക്കഥ പ്രചരിപ്പിച്ചതുകൊണ്ട് ജയം ഉറപ്പായെന്ന പ്രകാശന്റെ പരിഹാസം കേട്ടപ്പോള്‍ വീണ്ടും പ്രഭാകരന്‍ പഴയ കോട്ടപ്പള്ളി ആയെന്നാണ് വീട്ടുകാര്‍ പറയുന്നത്.