വടകര: ''രാവിലെ ഇറങ്ങിയതാണ്... ചാളയുണ്ടെന്ന് പറഞ്ഞ് 60 കിലോമീറ്ററോളം ബോട്ട് ഓടി... അവിടെ എത്തിയപ്പോള്‍ ഒന്നുമില്ല... വെറുംകൈയോടെ മടങ്ങുകയാണ്...'' -കടലില്‍നിന്നാണ് കുരിയാടിയിലെ മത്സ്യത്തൊഴിലാളി പ്രഹ്ലാദന്‍ ഇത് പറഞ്ഞത്. ഇതാണ് ഇപ്പോഴത്തെ കടല്‍... കൈനിറയെ ഒരു കോളുകിട്ടാന്‍ അധ്വാനം മാത്രം പോരാ, ഭാഗ്യവും വേണമെന്ന അവസ്ഥ. മാസങ്ങള്‍ നീണ്ട തൊഴില്‍നഷ്ടത്തിനൊടുവില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ സജീവമായെങ്കിലും വല നിറയുന്നില്ല.

''ഓഖി മുതല്‍ തുടങ്ങിയതാണ്... പിന്നീടങ്ങോട്ട് എത്രയെത്ര ചുഴലിക്കാറ്റുകള്‍, കാലാവസ്ഥാ മുന്നറിയിപ്പുകള്‍, പിന്നെ കോവിഡ്, ലോക് ഡൗണ്‍... പണിയുള്ള ദിവസങ്ങളുടെ എണ്ണം ഓരോ കൊല്ലം കഴിയുന്തോറും കുറയുകയാണ്...'' -വടകര അഴിത്തലയിലെ അഷ്റഫ് എന്ന മത്സ്യത്തൊഴിലാളിയുടെ സങ്കടം. ഏറ്റവുമൊടുവില്‍ ബുറേവി ഭീതിയില്‍ നഷ്ടമായത് അഞ്ച് തൊഴില്‍ദിനം. ഒരുവര്‍ഷത്തിനിടെയുള്ള വരുമാനനഷ്ടം അതിഭീകരമാണ്.

ഈ വര്‍ഷം മാത്രം കോവിഡും ലോക് ഡൗണും കാരണം തൊഴില്‍ നഷ്ടമായത് നാലുമാസത്തോളം. ഒരുദിവസം ഒരു തൊഴിലാളിക്ക് 750 രൂപ ശരാശരി വരുമാനം കൂട്ടിയാല്‍ത്തന്നെ ഒരുദിവസത്തെ നഷ്ടം മാത്രം ചുരുങ്ങിയത് രണ്ടേകാല്‍ കോടി രൂപയോളം വരും. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ താങ്ങിനിര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യേണ്ട തുകയാണിത്.

തൊഴില്‍നഷ്ടത്തിന്റെയും വരുമാനനഷ്ടത്തിന്റെയും ഇല്ലാക്കഥകളിലേക്കാണ് തിരഞ്ഞെടുപ്പുമെത്തിയത്. മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നുണ്ടോ എന്നുചോദിച്ചാല്‍ ഉണ്ട്, തീരദേശത്തുമാത്രം. അതിനുമപ്പുറത്തേക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ ആര് ചര്‍ച്ച ചെയ്യാന്‍ എന്ന പരിവേദനം മാത്രം ബാക്കി. അടുത്തകാലത്ത് മത്സ്യബന്ധനമേഖല നേരിട്ട ഏറ്റവും പ്രധാനപ്രശ്‌നം തൊഴില്‍ നഷ്ടം തന്നെയാണ്. പിന്നെ കാലങ്ങളായി തുടരുന്ന മത്സ്യലഭ്യതക്കുറവ്. കുടിവെള്ളം, തീരദേശപാത, വീട്, മത്സ്യബന്ധനതുറമുഖങ്ങളിലെ സൗകര്യം തുടങ്ങി അടിസ്ഥാനമേഖലയിലെ പ്രശ്‌നങ്ങള്‍ ഒട്ടേറെ.

ഡീസല്‍ വില വര്‍ധന, ബോട്ട് ലൈസന്‍സ് ഫീസ് വര്‍ധന തുടങ്ങിയവ തീര്‍ക്കുന്ന ദുരിതം വേറെയും. 75 കിലോമീറ്ററാണ് ജില്ലയിലെ കടല്‍ത്തീരത്തിന്റെ ദൂരം. ഇതില്‍ 24 കിലോമീറ്ററിലും കടല്‍ഭിത്തി തകര്‍ച്ചയിലാണ്. പുതിയ ഭിത്തികെട്ടാനുള്ള പ്രവൃത്തി ആരും കരാറെടുക്കാത്തത് വലിയ ഗൗരവമുള്ള വിഷയമായിട്ടും ഇതിലേക്കൊന്നും ആരുടെയും ശ്രദ്ധയെത്തുന്നില്ല.

കോവിഡ് ലോക്ഡൗണ്‍ കാലത്ത് ക്ഷേമനിധിയില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികള്‍ക്ക് 2000 രൂപ വീതം സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത് എല്ലാവര്‍ക്കും കിട്ടിയില്ലെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നു.

മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ ഒരു വീട്ടില്‍ത്തന്നെ ഒന്നിലധികം തൊഴിലാളികള്‍ കുടുംബമായി താമസിക്കാറുണ്ട്. ഇവര്‍ക്കാകട്ടെ, ഒരു റേഷന്‍ കാര്‍ഡാണുള്ളത്. ഇത്തരം കേസുകളില്‍ ഒരു വീട്ടില്‍ ഒരാള്‍ക്ക് മാത്രമാണ് തുക കിട്ടിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച ഭക്ഷ്യക്കിറ്റ് എല്ലാവര്‍ക്കും കിട്ടിയില്ലെന്ന പരാതിയും വ്യാപകമാണ്.

മറ്റൊന്ന് പഞ്ഞമാസത്തിലെ സഹായധനവിതരണമാണ്. മത്സ്യത്തൊഴിലാളികള്‍ ഈ പദ്ധതിക്കായി 1500 രൂപ ഒരു വര്‍ഷം അടയ്ക്കും. ഇതിനൊപ്പം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളും 1500 രൂപവീതം നല്‍കും. ഈ തുക ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലായി 1500 രൂപ വീതമായി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കും. ഈ വര്‍ഷം ലോക് ഡൗണായതിനാല്‍ തൊഴിലാളികള്‍ക്ക് 500 രൂപ അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കിട്ടിയതാകട്ടെ രണ്ട് ഗഡുമാത്രം. തൊഴിലാളികളുടെ സ്ഥിതി പരിഗണിച്ച് സര്‍ക്കാരിന്റെ വിഹിതമെങ്കിലും നല്‍കാമായിരുന്നുവെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് സതീശന്‍ കുരിയാടി പറഞ്ഞു.