നാദാപുരം: 1976-ന് വാണിമേൽ പഞ്ചായത്ത് നിലവിൽ വന്നതിനുശേഷം എൽ.ഡി.എഫും യു.ഡി.എഫും മാറി ഭരിച്ചിട്ടുണ്ട്. പക്ഷേ 2005 മുതൽ ഇങ്ങോട്ട് മൂന്നുതവണയും യു.ഡിഎഫിന്റെ ആധിപത്യമാണ്. ഒരുതവണ മുസ്‌ലിം ലീഗ് തനിച്ച് ഭരണം നേടിയതും ഈ പഞ്ചായത്തിനെ ശ്രദ്ധേയമാക്കി.

മലയോരമേഖലയിലെ ചില ഭാഗങ്ങൾ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളാണ്. വാണിമേലിലെ ചില വാർഡുകൾ ലീഗിന്റെയും ഉരുക്കുകോട്ടകൾ. ഈ ശക്തികേന്ദ്രങ്ങളിൽ വിള്ളൽ വീഴ്ത്താൻ സ്വതന്ത്രരെ ഇറക്കിയുള്ള തന്ത്രമാണ് ഇരുമുന്നണികളും ഇത്തവണ പയറ്റുന്നത്. ഭൂമിവാതുക്കൽ ടൗണിനടുത്ത് ഗ്യാസ് ഗോഡൗണിന് അനുമതി ലഭിച്ചതാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചകളിലൊന്ന്‌. 15 വർഷമായി ഗ്രാമപ്പഞ്ചായത്തിൽ നടപ്പാക്കിയ വികസനനേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ്. ജനവിധി തേടുന്നത്. പഞ്ചായത്തിലെ കെടുകാര്യസ്ഥതയും അഴിമതിയും ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫിന്റെ പ്രചാരണം.