കോഴിക്കോട്: പ്രാദേശിക സംഘടനകളുമായി തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കണമെന്ന മുസ്‌ലിം ലീഗിന്റെ സര്‍ക്കുലര്‍ മാസങ്ങള്‍ക്കു മുമ്പെ പുറത്തായതോടെയാണ് വര്‍ഗീയ കക്ഷികളുമായി കൂട്ടുകൂടാന്‍ യു.ഡി.എഫ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി എല്‍.ഡി.എഫും ബിജെപിയും ചില മുസ്ലീം മത സംഘടനകളും രംഗത്ത് വരാന്‍ തുടങ്ങിയത്. സര്‍ക്കുലര്‍ നിഷേധിച്ച് കൊണ്ട് അന്ന് ലീഗ് പ്രതിരോധം തീര്‍ത്തിരുന്നൂവെങ്കിലും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ജമഅത്ത് അമീറിനെയടക്കം നേരിട്ട് സന്ദര്‍ശിച്ച് എതിരാളികളുടെ ആരോപണങ്ങള്‍ക്ക് കഴമ്പുണ്ടെന്ന് സൂചന നല്‍കുന്ന കാഴ്ചയും ഈ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ കാണാന്‍ കഴിഞ്ഞു. കോണ്‍ഗ്രസിനെതിരേയുള്ള മറ്റൊരിക്കലുമില്ലാത്ത വിമര്‍ശനങ്ങള്‍ക്കും ഇത്  കാരണമായി.

വെല്‍ഫെയറുമായി സഖ്യമുണ്ടോ ഇല്ലയോ

ജമഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയോ നീക്ക് പോക്കോയില്ലെന്ന് ലീഗും കോണ്‍ഗ്രസും ആവര്‍ത്തിച്ച് പറയുമ്പോഴും നീക്ക് പോക്കുണ്ടെന്ന നിലപാടില്‍ തന്നെയായിരുന്നു യു.ഡി.എഫ് കണ്‍വീനര്‍ അടക്കമുള്ളവരുണ്ടായിരുന്നത്, പക്ഷെ അത് അംഗീകരിക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ പോലും തയ്യാറായില്ല. ഇത് വലിയ രീതിയില്‍ പ്രത്യേകിച്ച് മലബാറിലെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടിപ്പിന്റെ ആദ്യ ഘട്ടം മുതല്‍ അവസാന ദിവസം വരെ എതിരാളികള്‍ ചര്‍ച്ചയാക്കുകയും ചെയ്തു.

പലയിടങ്ങളിലും ഈ നീക്ക് പോക്ക് സഖ്യത്തെ നേരിടാന്‍ പ്രത്യേക മുന്നണി തന്നെ രൂപപ്പെട്ട് മത്സര രംഗം ചൂട് പിടിപ്പിച്ചു. സംഭവ ബഹുലമായ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു കഴിഞ്ഞു. ഇനി വിധിയെഴുത്തും വിധി നിര്‍ണയുവുമാണ്. പുതിയ നീക്കുപോക്കുകള്‍ക്കും കൂട്ടുകെട്ടുകള്‍ക്കും മലബാറിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എത്രത്തോളം സ്വാധീനമുണ്ടെന്ന് തെളിയിക്കുന്ന  ഒരു തിരഞ്ഞെടുപ്പ് കൂടിയാവും കഴിഞ്ഞ് പോവുന്നത്. ഇത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയടക്കം സ്വാധീനിക്കാനുള്ള സാധ്യതയുമുണ്ട്.

 

രണ്ട് ജനകീയ മുന്നണികള്‍

രണ്ട് ജനകീയ മുന്നണികളാണ്  ഇത്തവണ കോഴിക്കോട് ജില്ലയിലെ പ്രധാന ചര്‍ച്ചാ വിഷയം. യു.ഡി.എഫ്-വെല്‍ഫെയര്‍ കൂട്ടുകെട്ടിനെ നേരിടാനുള്ള ഇടതുപക്ഷത്തിന്റെ പിന്തുണയോടെയുള്ള മുക്കം നഗരസഭയ്ക്ക് കീഴിലുള്ള ജനകീയ മുന്നണിയും ഇടതുപക്ഷത്തെ നേരിടാനുള്ള വടകരയിലെ ആര്‍.എം.പി-യു.ഡി.എഫ് നേതൃത്വത്തിലുള്ള ജനകീയ മുന്നണിയും. രണ്ട് സീറ്റ് വ്യത്യാസത്തില്‍ ഇടതുപക്ഷം ഭരണം നടത്തുന്ന മുക്കം നഗരസഭയില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണ ഇവിടെ നാല് സീറ്റുകളിലേക്കാണ്  മത്സരിക്കുന്നത്. വെസ്റ്റ് ചേന്ദമംഗലൂര്‍, പുല്‍പറമ്പ്, കണക്കൂപറമ്പ്, മംഗലശ്ശേരി ഡിവിഷന്‍. ഈ സഖ്യത്തെ  എതിര്‍ക്കുന്ന സംഘടനകളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ജനകീയ മുന്നണിക്ക് ഇത്തവണ എല്‍.ഡി.എഫും പിന്തുണ നല്‍കിയതോടെ വെല്‍ഫെയര്‍പാര്‍ട്ടിയെ മുക്കത്ത് നിന്നും തുടച്ച് നീക്കാമെന്നാണ് ഇടതു പ്രതീക്ഷ. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വലിയ സ്വാധീനുള്ള ഈ നാല് ഡിവിഷനില്‍ വിജയിക്കുകയും ഒപ്പം എല്‍.ഡി.എഫിന്റെ കയ്യിലുള്ള ചില നിര്‍ണായ സീറ്റില്‍ കൂടി യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച് ഇരുപത് വര്‍ഷമായി തുടരുന്ന മുക്കം നഗരസഭയുടെ ഇടത് ആധിപത്യം തകര്‍ക്കാമെന്ന പ്രതീക്ഷയിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയും യു.ഡി.എഫും. മുക്കം നഗരസഭയ്ക്ക് പുറമെ ചങ്ങരോത്ത്, വേളം, കാരശ്ശേരി, കൊടിയത്തൂര്‍, അരിക്കുളം, കുറ്റ്യാടി, വേളം പോലുള്ള പഞ്ചായത്തുകളിലും വന്‍ മുന്നേറ്റം നടത്തി  മലബാറിന്റെ രാഷ്ട്രീയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു തെരഞ്ഞെടുപ്പ് കൂടിയാവും ഈ തദ്ദേശ പോരാട്ടം.

ഇടത് കോട്ടയായിരുന്ന വടകരയുടെ പല ഭാഗത്തും ഇടതിനെ അടിതെറ്റിച്ചതിന്റെ ആത്മവിശ്വാസവുമായാണ് വടകരയില്‍ ഇത്തവണ ആര്‍.എം.പിയുടെ പിന്തുണയോടെ ജനകീയ മുന്നണിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എം.പി യു.ഡി.എഫിന് പിന്തുണ നല്‍കിയിരുന്നുവെങ്കിലും പരസ്യ സഖ്യവുമായി എത്തി ആര്‍.എം.പി ഇടതിനെതിരേ രംഗത്ത് വന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയായി ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്.

വടകര ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ ഒഞ്ചിയം, ഏറാമല, ചോറോട്, അഴിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍  എന്നിവിടങ്ങളിലാണ് ഇടതിനെതിരേയുള്ള ജനകീയ മുന്നണി മത്സരിക്കുന്നത്. കോണ്‍ഗ്രസ്, ലീഗ്, ആര്‍.എം.പി ധാരണ പ്രകാരം ജനകീയ മുന്നണിയുടെ ബാനറില്‍ നാല് പഞ്ചായത്തുകളില്‍ 24 വാര്‍ഡുകളിലേക്ക് ആര്‍.എം.പിയും, 25 വാര്‍ഡുകളില്‍ കോണ്‍ഗ്രസും, 23 ഇടത്ത് ലീഗും ജനവിധി തേടുന്നു. മൂന്നിടത്ത് സ്വതന്ത്രന്‍മാരുമുണ്ട്. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി എല്ലായിടത്തും യു.ഡി.എഫും-ആര്‍.എം.പിയും പരസ്പരം മത്സരിക്കാത്ത വിധമാണ് സ്ഥാനാര്‍ഥിത്വം. പുതിയ തന്ത്രങ്ങള്‍ ആര്‍ക്ക് ഗുണം ചെയ്യുന്നു കണ്ടറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം.

സോഷ്യലിസ്റ്റ് കോട്ട കാക്കാന്‍ എല്‍.ജെ.ഡി

സോഷ്യലിസ്റ്റുകള്‍ക്ക് വലിയ സ്വാധീനമുള്ള ജില്ലകൂടിയായ കോഴിക്കോട് എല്‍.ജെ.ഡി ഇത്തവണ എല്‍.ഡി.എഫിനൊപ്പമുള്ളത് വലിയ ആശ്വാസമാണ് ഇടതുപക്ഷത്തിന് നല്‍കുന്നത്. മുന്നണിയിലെത്തിയ ശേഷം ഇടതിലേക്ക് വന്ന പയ്യോളി നഗരസഭ പോലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇത്തവണയും പിടിച്ച് നിര്‍ത്താനാവുമെന്നാണ് ഇടത് പ്രതീക്ഷ. പയ്യോളി നഗരസഭ, അഴിയൂര്‍, ചോറോട്, ഏറാമല ഗ്രാമപഞ്ചായത്തുകള്‍, തോടന്നൂര്‍ബ്ലോക്ക് എന്നിവിടങ്ങളിലെല്ലാം എല്‍.ജെ.ഡി ഇടതുപക്ഷത്തോട് ചേര്‍ന്നപ്പോള്‍ ഇടതിന് ഭരണം ലഭിച്ച തദ്ദേശ സ്ഥാപനങ്ങളാണ്. ജനകീയമുന്നണിയായിട്ടുള്ള യു.ഡി.എഫിന്റെ സഖ്യത്തെ എല്‍.ജെ.ഡിയുടെ സ്വാധീനത്തില്‍ വടകരിയില്‍ മറികടക്കാമെന്നാണ് ഇടതുപക്ഷം  ചിന്തിക്കുന്നത്.